ഇന്‍സ്റ്റഗ്രാമിന്റെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് ഇന്ത്യ. അമേരിക്കയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള രണ്ടാമത്തെ രാജ്യം. ഇപ്പോഴിതാ രാജ്യത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന്റെ ഭാഗമായി ഇന്‍സ്റ്റാഗ്രാമില്‍ ഹിന്ദി ഭാഷ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ജെയ്ന്‍ മഞ്ചൂം വോങ് എന്നയാളാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിടുന്നത്. ഹിന്ദി ഭാഷയിലുള്ള സെറ്റിങ്‌സ് പേജ്, നോട്ടിഫിക്കേഷന്‍സ്, കമ്മന്റുകള്‍, പ്രൊഫൈല്‍ എന്നിവയുടെ സ്‌ക്രീന്‍ ഷോട്ടും അവര്‍ പങ്കുവെച്ചു.

ഇന്‍സ്റ്റഗ്രാമിന്റെ ആന്‍ഡ്രോയിഡ് പതിപ്പിലാണ് ഹിന്ദി ഭാഷ പരീക്ഷിക്കുന്നതെന്നാണ് വിവരം. ഐഓഎസ് ഉപകരണങ്ങളില്‍ അധികം വൈകാതെ ഈ ഫീച്ചര്‍ എത്തിയേക്കും. ഫീച്ചര്‍ പൂര്‍ണതോതില്‍ നിലവില്‍ വന്നാല്‍ സെറ്റിങ്‌സ് പേജിലെ ഓപ്ഷനുകളും നോട്ടിഫിക്കേഷനും ഹിന്ദിയിലും കാണാം. വോങ് പങ്കുവെച്ച സ്‌ക്രീന്‍ ഷോട്ടില്‍ ഹിന്ദി ഭാഷയ്‌ക്കൊപ്പം ഇംഗ്ലീഷിലുള്ള ഓപ്ഷനുകളും ഉണ്ട്. നിര്‍മാണ ഘട്ടത്തിലായതിനാലാവണം ഇത് സംഭവിച്ചത്.

ഇത് കൂടാതെ സ്‌ക്രോളിങിന് പകരം പുതിയ നാവിഗേഷന്‍ രീതിയും ഇന്‍സ്റ്റഗ്രാം പരീക്ഷിക്കുന്നുണ്ട്. ഉള്ളടക്കങ്ങളില്‍ വിരല്‍ കൊണ്ട് തട്ടിയാല്‍ അടുത്തതിലേക്ക് മാറും വിധമുള്ള നാവിഗേഷന്‍ രീതിയാണ് പരീക്ഷിക്കുന്നത്. ഇന്‍സ്റ്റഗ്രാം ഉപയോക്താവായ സുപ്രതീക് ബോസ് ആണ് ഈ ഫീച്ചറിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചത്.

Content Highlights: instagram testing hindi support, facebook, instagram india