സാന്‍ഫ്രാന്‍സിസ്‌കോ: മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫോട്ടോഷെയറിങ് ആപ്പായ ഇന്‍സ്റ്റാഗ്രാം സമയക്രമത്തില്‍ പോസ്റ്റുകള്‍ കാണിക്കുന്ന ഫീഡ് പരീക്ഷിക്കുന്നു. അതായത് ഫോളോ ചെയ്യുന്നവരുടെ പോസ്റ്റുകള്‍ അവര്‍ പങ്കുവെക്കുന്ന സമയത്തിനനുസരിച്ച് ക്രമീകരിക്കും. പുതിയ പോസ്റ്റുകള്‍ ആദ്യം കാണാന്‍ സാധിക്കും. 

ഇതിന്റെ ഭാഗമായി ഇന്‍സ്റ്റാഗ്രാം ഫീഡില്‍ ഹോം, ഫേവറൈറ്റ്‌സ്, ഫോളോയിങ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളുണ്ടാവും.

ഇതില്‍ ഹോം ഫീഡ് നിലവിലുള്ള ഫീഡിനെ പോലെ തന്നെയാണ് നിങ്ങളുടെ താല്‍പര്യങ്ങള്‍ കണക്കിലെടുത്തുള്ള പോസ്റ്റുകളാണ് ഇതില്‍ കാണിക്കുക. 

ഫേവറൈറ്റ്‌സില്‍ നിങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുകയും പിന്തുടരാന്‍ ആഗ്രഹിക്കുന്നവരുമായ സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ കാണുന്നതിനുള്ളതാണ്. 

ഫോളോയിങ് ഫീഡില്‍ നിങ്ങള്‍ ഫോളോ ചെയ്തിട്ടുള്ള അക്കൗണ്ടുകളില്‍ നിന്നുള്ള പോസ്റ്റുകളെല്ലാം സമയക്രമത്തില്‍ കാണിക്കുന്നയിടമായിരിക്കും. 

ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഫോട്ടോഷെയറിങ് സേവനമായി തുടങ്ങിയ ഇന്‍സ്റ്റാഗ്രാം ഇപ്പോള്‍ വീഡിയോ ഉള്ളടക്കങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നത്. മുഖ്യമായും റീല്‍സ് വീഡിയോകള്‍ക്ക്. ഇതിന്റെ ഭാഗമായി ക്രിയേറ്റര്‍മാര്‍ക്ക് വരുമാനം നേടാന്‍ സാധിക്കുന്ന മോണട്ടൈസേഷന്‍ ടൂളുകളും അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.

Content Highlights: Instagram starts testing chronological feed