രാജ്യത്ത് ഏറെ പ്രചാരത്തിലിരിക്കെയാണ് ചൈനീസ് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്ക് നിരോധിക്കപ്പെട്ടത്. രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ ടിക് ടോക്ക് ഒരു തരംഗം ആയിരുന്നതുകൊണ്ടുതന്നെ ടിക് ടോക്കിന്റെ അഭാവം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ വിടവ് സൃഷ്ടിച്ചിട്ടുണ്ട്. ഈ വിടവ് നികത്താനുള്ള ശ്രമത്തിലാണ് ഇന്‍സ്റ്റഗ്രാം, യൂട്യൂബ് പോലുള്ള ബഹുരാഷ്ട്ര കമ്പനികളും ചില ഇന്ത്യന്‍ കമ്പനികളും. 

ടിക് ടോക്കിനെ അനുകരിച്ച് ഇന്‍സ്റ്റാഗ്രാം അടുത്തിടെ അവതരിപ്പിച്ച റീല്‍സ് എന്ന ഫീച്ചര്‍ ഇപ്പോള്‍ ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം ആപ്പിനുള്ളിലെ ക്യാമറയില്‍ പുതിയതായി ചേര്‍ത്തിരിക്കുന്ന സൗകര്യമാണ് റീല്‍സ്. 

ടിക് ടോക്കിലെ പോലെ 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ നിര്‍മിക്കാനും പശ്ചാത്തലഗാനങ്ങളും ശബ്ദങ്ങളും ചേര്‍ത്ത് അവ രസകരമാക്കാനും റീല്‍സിലൂടെ ഉപയോക്താക്കള്‍ സാധിക്കും. 

ടിക് ടോക്കിന്റെ സ്ഥാനം കയ്യടക്കാനുള്ള ലക്ഷ്യം കൊണ്ടു തന്നെ ടിക് ടോക്കിലും യൂട്യൂബിലും ശ്രദ്ധേയരായ വീഡിയോ നിര്‍മാതാക്കളുമായി സഹകരിച്ചാണ് പുതിയ 'റീല്‍സ്' ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാം ഇന്ത്യയില്‍ പരീക്ഷിക്കുന്നത്. 

റീല്‍സ് അവതരിപ്പിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ആദ്യം ബ്രസീലിലും പിന്നീട് ജര്‍മനിയിലും ഫ്രാന്‍സിലുമാണ് റീല്‍സ് ലഭ്യമാക്കിയത്. ഇവിടങ്ങളിലും റീല്‍സ് പരീക്ഷണ ഘട്ടത്തിലാണ്. ടിക് ടോക്കിലും യൂട്യൂബിലും ശ്രദ്ധേയരായ ചില ഹിന്ദി വീഡിയോ നിര്‍മാതാക്കളേയാണ് റീല്‍സിന്റെ പരീക്ഷണത്തിനായി ഇന്‍സ്റ്റാഗ്രാം സമീപിച്ചിരിക്കുന്നത്. 

നേരത്തെ സൂചിപ്പിച്ച പോലെ ഇന്‍സ്റ്റഗ്രാം ക്യാമറയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുതിയ സംവിധാനമാണ് റീല്‍സ്. ടിക് ടോക്കിന് സമാനമാണ് ഇതിന്റെ ഇന്റര്‍ഫെയ്‌സ്. റീല്‍സിന്റെ ക്യാമറ വിന്‍ഡോയില്‍ താഴെ നടുവിലായി റെക്കോര്‍ഡ് ബട്ടനും ഇടത് ഭാഗത്തായി ശബ്ദം, ഇഫക്ടുകള്‍, ടൈമര്‍ എന്നിവ ചേര്‍ക്കാനുള്ള സംവിധാനങ്ങളുണ്ട്. ഇതെല്ലാം തന്നെയാണ് ടിക് ടോക്കിലും ഉണ്ടായിരുന്നത്. 

പാട്ടുകളുടെ വലിയൊരു ശേഖരം റീല്‍സിലുണ്ട്. ഇത് കൂടാതെ വീഡിയോ നിര്‍മാതാക്കള്‍ക്ക് ഇഷ്ടമുള്ള ശബ്ദങ്ങള്‍ ഉപയോഗിക്കുകയും ചെയ്യാം. ഇന്‍സ്റ്റാഗ്രാം സ്‌റ്റോറീസിലും ന്യൂസ് ഫീഡിലും റീല്‍സ് വീഡിയോകള്‍ പങ്കുവെക്കാന്‍ സാധിക്കും. ഓഗ്മെന്റഡ് റിയാലിറ്റി ഇഫക്ടുകളും ഇതില്‍ നല്‍കിയിട്ടുണ്ട്. 

മറ്റ് രാജ്യങ്ങളില്‍ റീല്‍സ് അവതരിപ്പിച്ചപ്പോള്‍ റീല്‍സില്‍ തങ്ങള്‍ നിര്‍മിക്കുന്ന വീഡിയോകള്‍ കാണുന്നതിന് മാത്രമായി പ്രത്യേകം ഒരിടം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അതുകൊണ്ട് ഇന്‍സ്റ്റാഗ്രാമിലെ എക്‌സ്‌പ്ലോര്‍ പേജില്‍ റീല്‍സിന് വേണ്ടി പ്രത്യേകം  വിഭാഗം നല്‍കിയിട്ടുണ്ട്. പ്രൊഫൈല്‍ പേജിലും ഉപയോക്താക്കളുടെ റീല്‍സ് വീഡിയോകള്‍ക്കായി പ്രത്യേകം ഇടമുണ്ടാവും. 

നിലവില്‍ ചിംഗാരി, മിത്രോം, മൊജ് തുടങ്ങിയ പ്രാദേശിക എതിരാളികള്‍ റീല്‍സിന് ഇന്ത്യയിലുണ്ട്. എല്ലാവരും പ്രാരംഭ ഘട്ടത്തിലായതുകൊണ്ടു തന്നെ  ഇതൊരു പുതിയ മത്സരമാണ്. ഇന്‍സ്റ്റാഗ്രാമിന്റെ ജനപ്രീതി റീല്‍സിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടിക് ടോക്കിന്റെ സ്ഥാനം കൈക്കലാക്കാനിറങ്ങിയ പ്രാദേശിക ആപ്പ് നിര്‍മാതാക്കള്‍ക്ക് അത് വെല്ലുവിളിയുമാവും.

Content Highlights: Instagram started testing new reels feature in India