ഇന്‍സ്റ്റാഗ്രാമിന്റെ റീല്‍സ് പ്ലാറ്റ്‌ഫോമില്‍ അപ്ലോഡ് ചെയ്യപ്പെടുന്ന വീഡിയോകളില്‍ ടിക്ടോക്ക് വാട്ടര്‍മാര്‍ക്ക് ഉണ്ടെങ്കില്‍ അവയ്ക്ക് ഇനി പ്രചാരം ലഭിക്കില്ല. അത്തരം വീഡിയോകളെ തരംതാഴ്ത്താനാണ് ഇന്‍സ്റ്റാഗ്രാമിന്റെ തീരുമാനം. പകരം റീല്‍സില്‍ സൃഷ്ടിക്കപ്പെടുന്ന പോസ്റ്റുകള്‍ക്കായിരിക്കും പ്രാധാന്യം ലഭിക്കുക. ഇതിനായി റീല്‍സിന്റെ അല്‍ഗൊരിതത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തും.
ഇന്ത്യയില്‍ ടിക്ടോക്ക് നിരോധിക്കപ്പെട്ടതോടെ പണ്ട് ഡൗണ്‍ലോഡ് ചെയ്ത് വെച്ച ടിക്ടോക്ക് വീഡിയോകള്‍ പലരും ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ വീണ്ടും അപ് ലോഡ് ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ മുഖ്യ എതിരാളിയായ ടിക്ടോക്കിന് റീല്‍സ് വഴി പ്രചാരം നല്‍കുന്നത് നിയന്ത്രിക്കാനാണ് ഈ നീക്കം.
ടിക്ടോക്ക് വാട്ടര്‍മാര്‍ക്കുള്ള വീഡിയോകള്‍ ഇന്‍സ്റ്റാഗ്രാം മറച്ചുവെക്കുകയോ നിരോധിക്കുകയോ ചെയ്യില്ല. പകരം അത്തരം വീഡിയോകളെ റീല്‍സ് പ്ലാറ്റ്‌ഫോമില്‍ തരംതാഴ്ത്തും. അങ്ങനെ ചെയ്താല്‍ മറ്റ് വീഡിയോകളെ പോലെ അവയ്ക്ക് പ്രചാരം ലഭിക്കില്ല.
ഇന്ത്യയില്‍ ടിക്ടോക്ക് നിരോധിക്കപ്പെട്ടതിന് പിന്നാലെയാണ് റീല്‍സ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ടിക്ടോക്കിനെ പോലെ തന്നെ ചെറുവീഡിയോകള്‍ പങ്കുവെക്കുന്നതിനുള്ള പ്ലാറ്റ്‌ഫോം ആണിത്.
Content Highlights: instagram reels will demote videos with tiktok watermark