ഡിലീറ്റ് ചെയ്ത ഉള്ളടക്കങ്ങള്‍ തിരികെ കൊണ്ടുവരാന്‍ സാധിക്കുന്ന പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം. റീസന്റ്‌ലി ഡിലീറ്റഡ് ഫീച്ചര്‍ ആണ് അവതരിപ്പിച്ചത്.  ഇന്‍സ്റ്റഗ്രാം ഫീഡില്‍ നിന്നും നീക്കംചെയ്ത ഉള്ളടക്കങ്ങള്‍ 30 ദിവസക്കാലം നിലനിര്‍ത്തുകയും അത് പിന്നീട് ആവശ്യമെങ്കില്‍ ന്യൂസ് ഫീഡിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കുകയും ചെയ്യുന്ന സൗകര്യമാണിത്. 

ഫോണുകളിലെ ഗാലറി ആപ്പുകളില്‍ റീസന്റ്‌ലി ഡിലീറ്റഡ് ഫോള്‍ഡര്‍ ഉണ്ടാവാറുണ്ട്. കംപ്യൂട്ടറുകളിലെ റീ സൈക്കിള്‍ ബിന്നിന് സമാനമായ ഫീച്ചര്‍. ഇന്‍സ്റ്റഗ്രാമില്‍ ഡിലീറ്റ് ചെയ്യപ്പെടുന്ന ഉള്ളടക്കങ്ങള്‍ 30 ദിവസത്തിന് ശേഷം റീസന്റ്‌ലി ഡിലീറ്റഡ് സെക്ഷനില്‍ നിന്നും ഒഴിവാക്കപ്പെടും. 

Settings > Account > Recently Deleted തിരഞ്ഞെടുത്താല്‍ ഡിലീറ്റ് ചെയ്ത ഉള്ളടക്കങ്ങള്‍ കാണാന്‍ സാധിക്കും. ചിത്രങ്ങള്‍, വീഡിയോകള്‍, റീല്‍സ്, സ്‌റ്റോറീസ് എന്നിവയെല്ലാം വിവിധ ടാബുകളാക്കി ഇതില്‍ കാണാം. അതില്‍ റീസ്‌റ്റോര്‍ ചെയ്യേണ്ടവയില്‍ ടാപ്പ് ചെയ്താല്‍മതി. 

ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്ത് ഉള്ളടക്കങ്ങള്‍ നീക്കംചെയ്താല്‍ അവ തിരിച്ചെടുക്കാന്‍ ഇതുവരെ ഉപയോക്താക്കള്‍ക്ക് സാധിക്കുമായിരുന്നില്ല. എന്നാല്‍ പുതിയ ഫീച്ചര്‍ വഴി ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് നീക്കംചെയ്യപ്പെടുന്ന ഫയലുകളെല്ലാം 30 ദിവസക്കാലം റീസന്റ്‌ലി ഡിലീറ്റഡ് ഫോള്‍ഡറിലുണ്ടാവും.

ഒരു ഫയല്‍ റീസന്റ്ലി ഡിലീറ്റഡ് ഫോൾഡറിൽ നിന്ന് റീസ്റ്റോര്‍ ചെയ്യണമെങ്കിലോ നീക്കം ചെയ്യണമെങ്കിലോ ഉപയോക്താക്കള്‍ അക്കൗണ്ട് വെരിഫൈ ചെയ്യേണ്ടി വരും. അത് ടെക്സ്റ്റ് മെസേജ് വഴിയോ ഇമെയില്‍ വഴിയോ ആയിരിക്കും നടത്തുക. ഇതിനാല്‍ തന്നെ അക്കൗണ്ട് കയ്യടക്കുന്ന മറ്റൊരാള്‍ക്ക് വെരിഫിക്കേഷന്‍ നടത്തി റീസന്റ്‌ലി ഡിലീറ്റഡ് ഫോള്‍ഡറില്‍ ഇടപെടുക പ്രയാസമാവും. 

Content Highlights: instagram now allows to restore deleted content