ന്‍സ്റ്റാഗ്രാം സ്‌റ്റോറീസില്‍ ഇനി യുആര്‍എല്‍ ലിങ്കുകള്‍ പങ്കുവെക്കാന്‍ എല്ലാ അക്കൗണ്ട് ഉടമകള്‍ക്കും സാധിക്കും. നേരത്തെ ചില വെരിഫൈഡ് അക്കൗണ്ടുകള്‍ക്കും തിരഞ്ഞെടുത്ത അക്കൗണ്ടുകള്‍ക്കും മാത്രമേ ഈ സൗകര്യം ലഭ്യമായിരുന്നുള്ളൂ.

വാണിജ്യ സ്ഥാപനങ്ങള്‍, ക്രിയേറ്റര്‍മാര്‍, റീട്ടെയില്‍ വിതരണക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ വ്യാപകമായി ഇന്‍സ്റ്റാഗ്രാം പ്രചരണാവശ്യങ്ങള്‍ക്കും വിപണനത്തിനുമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ലിങ്കുകള്‍ ഷെയര്‍ ചെയ്യാനുള്ള സൗകര്യം എല്ലാവര്‍ക്കുമായി ഇന്‍സ്റ്റാഗ്രാം നല്‍കുന്നത്. 

ഉല്‍പ്പന്നങ്ങള്‍ കാണുന്നതിനും വാങ്ങുന്നതിനുമുള്ള ലിങ്കുകള്‍, വീഡിയോ ലിങ്കുകള്‍, വെബ്‌സൈറ്റ് സ്‌റ്റോറി ലിങ്കുകള്‍ അങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായുള്ള ലിങ്കുകള്‍ സ്റ്റോറികളില്‍ പങ്കുവെക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. 

ലിങ്ക് സ്റ്റിക്കര്‍ ഉപയോഗിച്ചാണ് ഇന്‍സ്റ്റാഗ്രാം സ്‌റ്റോറീസില്‍ ലിങ്കുകള്‍ ചേര്‍ക്കാന്‍ സാധിക്കുക. നിങ്ങളെ ഫോളോ ചെയ്യുന്നയാള്‍ ആ സ്റ്റിക്കറില്‍ ക്ലിക്ക് ചെയ്താല്‍ അവര്‍ നേരെ ആ പേജിലേക്ക് റീഡയറക്ട് ചെയ്യപ്പെടും. 

ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ എന്താണ് കാണുക എന്ന് ഉപഭോക്താക്കള്‍ക്ക് വ്യക്തത വരുത്തുന്നതിന് സ്റ്റിക്കറുകള്‍ കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് ഇന്‍സ്റ്റാഗ്രാം. 

വിദ്വേഷജനകമായ ഉള്ളടക്കങ്ങളും വ്യാജ വാര്‍ത്തകളും നിരന്തരം പങ്കുവെക്കുന്ന അക്കൗണ്ടുകളില്‍ ലിങ്ക് പങ്കുവെക്കാനുള്ള സൗകര്യം ലഭിക്കില്ല എന്ന് ഇന്‍സ്റ്റാഗ്രാം വ്യക്തമാക്കി.

അടുത്തിടെ ഇന്‍സ്റ്റാഗ്രാമിന്റെ വെബ് വേര്‍ഷനിലൂടെ ചിത്രങ്ങളൂം വീഡിയോകളും പങ്കുവെക്കാനും എഡിറ്റ് ചെയ്യാനുമുള്ള സൗകര്യവും ഇന്‍സ്റ്റാഗ്രാം ഒരുക്കിയിരുന്നു. 

Content Highlights: Instagram Stories link sharing, Social media, Creators, Instagram marketing, reselling