ന്‍സ്റ്റാഗ്രാമിനോട് വലിയ ഭ്രമം പുലര്‍ത്തുന്ന ഉപയോക്താക്കളുണ്ട്. സ്വന്തം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനോടൊപ്പം തന്നെ അത്യാകര്‍ഷകമായ പ്രൊഫൈലുകളുള്ളവരെ പിന്തുടരാനും അവര്‍ ഇഷ്ടപ്പെടുന്നു. ഒരു ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷന്‍ എന്നതില്‍ നിന്ന് മാറി ഒരു മള്‍ടി മീഡിയാ ഷെയറിങ് ആപ്ലിക്കേഷനായി ഇന്‍സ്റ്റാഗ്രാം ഇക്കാലം കൊണ്ട് മാറിയിട്ടുണ്ട്. 

ഫെയ്‌സ്ബുക്കിന്റെ അടുത്തകാലത്തെ സമീപനം അനുസരിച്ച് ഫെയ്‌സ്ബുക്കിനേയും ഇന്‍സ്റ്റാഗ്രാമിനേയും തമ്മില്‍  പരസ്പര ബന്ധിതമായി നിലനിര്‍ത്താനുള്ള നീക്കമാണുള്ളത്. 

ഫെയ്‌സ്ബുക്കിന്റെ പ്രധാന വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍, ബിസിനസ് മാനേജര്‍, ക്രിയേറ്റര്‍ സ്റ്റുഡിയോ എന്നിവയ്‌ക്കൊപ്പം ഇന്‍സ്റ്റാഗ്രാമിലും പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ്. 

instagram
Photo: instagram

നേരത്തെ ഇന്‍സ്റ്റാഗ്രാം ഫീഡില്‍ ചിത്രമോ വീഡിയോയോ പോസ്റ്റ് ചെയ്യുന്നതിന് താഴെ മധ്യഭാഗത്തായുള്ള '+' ചിഹ്നത്തില്‍ ടാപ്പ് ചെയ്യണം. സ്റ്റോറീസ് ആണ് പോസ്റ്റ് ചെയ്യേണ്ടത് എങ്കില്‍ ഇടത് ഭാഗത്ത് മുകളിലുള്ള ക്യാമറ ഐക്കണ്‍ തിരഞ്ഞെടുക്കണം. 

ഈ രണ്ട് ബട്ടനുകള്‍ പരസ്പരം സ്ഥാനം മാറ്റിയാണ് പുതിയ ലേ ഔട്ട് അവതരിപ്പിച്ചിരിക്കുന്നത്. അതായത് സ്റ്റോറീസ് പോസ്റ്റ് ചെയ്യാനുള്ള ക്യാമറ ബട്ടന്‍ താഴെ മധ്യഭാഗത്തേക്ക് കൊണ്ടുവന്നു. പകരം ഫീഡ് അപ്‌ഡേറ്റ് ചെയ്യാനുള്ള പ്ലസ് ബട്ടന്‍ ഇടത് ഭാഗത്ത് മുകളിലേക്ക് കൊണ്ടുപോയി. ചിലര്‍ക്ക് റീല്‍സ് ബട്ടനാണ് താഴെ മധ്യഭാഗത്തായി കാണുന്നത്.  

പല ഉപയോക്താക്കളും ഈ മാറ്റത്തില്‍ അസ്വസ്ഥരാണ്. ശീലിച്ചുവന്ന രീതിയില്‍ മാറ്റം വന്നതാണ് പ്രധാനമായി അവര്‍ ചൂണ്ടിക്കാണിക്കുന്ന പ്രശ്‌നം. ഈ ബട്ടനുകള്‍ പഴയ സ്ഥാനങ്ങളില്‍ തന്നെ പുനസ്ഥാപിക്കാനും ഇവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍, ഈ മാറ്റം എല്ലാ ഉപയോക്താക്കളിലേക്കും എത്തിയിട്ടില്ല. 

ഇന്‍സ്റ്റാഗ്രാം ഹോം പേജിന്റെ പല പതിപ്പുകള്‍ പരീക്ഷിക്കുന്നുണ്ടെന്നാണ് ഇന്‍സ്റ്റാഗ്രാം മേധാവി ആഡം മൊസേരി പറയുന്നത്. ഓരോരുത്തരും ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്ന രീതി അനുസരിച്ചാണ് ഈ മാറ്റങ്ങള്‍ അവരുടെ ആപ്ലിക്കേഷനുകളില്‍ എത്തിച്ചിരിക്കുന്നത്. പുതിയ ലേ ഔട്ട് എല്ലാവരിലേക്കും എത്തിക്കുന്നത് എന്നാണെന്ന് വ്യക്തമല്ല.

അതേസമയം, ഇന്‍സ്റ്റാഗ്രാം അല്‍ഗൊരിതത്തിന് എതിരെയും ഉപയോക്താക്കളുടെ എതിര്‍പ്പ് ഉയരുന്നുണ്ട്. ഏറ്റവും കൂടുതല്‍ പോസ്റ്റുകള്‍ ഇടുന്നവരെ മാത്രമേ ന്യൂസ് ഫീഡില്‍ കാണിക്കുന്നുള്ളൂ എന്നും. എല്ലാ ദിവസവും ഒരേ മുഖം തന്നെ കാണാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന്‌ ചിലര്‍ പറയുന്നു. 

instagram
Photo: twitter@jmuraca

ഇന്‍സ്റ്റാഗ്രാമില്‍ ഇന്‍ഫ്‌ളുവന്‍സര്‍മാരെയും വലിയ അക്കൗണ്ടുകളെയും ഷോപ്പിങ് പേജുകളേയും കൂടുതലായി കാണിക്കുന്നതും ഉപയോക്താക്കളെ അസ്വസ്ഥരാക്കുന്നുണ്ട്. 

ഫെയ്‌സ്ബുക്കിനെതിരെയും ഇതേ വിമര്‍ശനം ഉയര്‍ന്നിരുന്നു. സൗഹൃദ വലയങ്ങളില്‍ നിന്നുള്ള അപ്‌ഡേറ്റുകള്‍ മാറി പേജുകളില്‍ നിന്നുള്ള അപ്‌ഡേറ്റുകള്‍ വര്‍ധിച്ചതോടെ ഫെയ്‌സ്ബുക്കില്‍ നിന്നും ഉപയോക്താക്കള്‍ വലിയ രീതിയില്‍ മാറാന്‍ തുടങ്ങി. ഇന്‍സ്റ്റാഗ്രാമില്‍ ഉപയോക്താക്കള്‍ വര്‍ധിച്ചതും ഈ പശ്ചാത്തലത്തിലായിരുന്നു. 

Content Highlights: instagram new updates users frustrated