മൊബൈല്‍ വഴി ഓണ്‍ലൈനായി ഫോട്ടോകളും വീഡിയോകളും പങ്കിടാന്‍ വേദിയൊരുക്കുന്ന ഇന്‍സ്റ്റഗ്രാമിലെ അംഗസംഖ്യ 40 കോടി പിന്നിട്ടു. 

30 കോടി അംഗസംഖ്യയെന്ന നാഴികക്കല്ല് പിന്നിട്ട് ഏതാണ്ട് പത്തുമാസം കഴിയുമ്പോഴാണ്, ഇന്‍സ്റ്റഗ്രാം 40 കോടിയിലെത്തുന്നത്. പ്രതിമാസം ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവരുടെ എണ്ണം 40 കോടി പിന്നിട്ട കാര്യം കമ്പനിയുടെ ഔദ്യോഗിക ബ്ലോഗിലാണ് അറിയിച്ചത്. 

പ്രമുഖ സോഷ്യല്‍ മീഡിയ സര്‍വീസായ ട്വിറ്ററിന് ഇപ്പോഴും 31.6 കോടി അംഗസംഖ്യയേ ഉള്ളൂ എന്നോര്‍ക്കുക. മറ്റൊരു സോഷ്യല്‍ മിഡയ സര്‍വീസായ 'പിന്റെറസ്റ്റി'ന് ( Pinterest ) 10 കോടിയേ ഉള്ളൂ അംഗസംഖ്യ. 

ഒരു സൗജന്യ മൊബൈല്‍ ആപ്പിന്റെ രൂപത്തില്‍ ഇന്‍സ്റ്റഗ്രാം തുടങ്ങുന്നത് കെവില്‍ സിസ്‌ട്രോം, മൈക്ക് ക്രീഗര്‍ എന്നിവര്‍ ചേര്‍ന്ന് 2010 ഒക്ടോബറിലാണ്. ഏതാണ്ട് 100 കോടി ഡോളര്‍ നല്‍കി 2012 ഏപ്രിലില്‍ ഇന്‍സ്റ്റഗ്രാമിനെ ഫെയ്‌സ്ബുക്ക് സ്വന്തമാക്കി. 

ശ്രദ്ധേയമായ വളര്‍ച്ചയാണ് അഞ്ചുവര്‍ഷം കൊണ്ട് ഇന്‍സ്റ്റഗ്രാം നേടിയതെന്ന് പുതിയ കണക്ക് വ്യക്തമാക്കുന്നു. യു.എസിന് പുറത്താണ് ഇന്‍സ്റ്റഗ്രാമിന് കൂടുതല്‍ വളര്‍ച്ച. ഈ സര്‍വീസിന്റെ 75 ശതമാനം ഉപയോക്താക്കളും യു.എസിന് വെളിയിലുള്ളവരാണ്. 

ദിനംപ്രതി എട്ടുകോടി ഫോട്ടോകള്‍ ഉപയോക്താക്കള്‍ പോസ്റ്റുചെയ്യുന്നതായി ഇന്‍സ്റ്റഗ്രാം പറയുന്നു.