ലൈവ് വിഡീയോകള്‍ സുഹൃത്തുക്കള്‍ക്ക് നേരിട്ട് അയച്ചുകൊടുക്കാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാം അവതരിപ്പിക്കുന്നു. ഇന്‍സ്റ്റാഗ്രാമിലെ മെസേജിങ് സംവിധാനമായ ഡയറക്ട് വഴി ലൈവ് വീഡിയോകളും അയക്കാനുള്ള സൗകര്യമാണ് ഇന്‍സ്റ്റാഗ്രാം ഒരുക്കുന്നത്. ഇന്‍സ്റ്റാഗ്രാമിന്റെ 26-ാം പതിപ്പില്‍ ഐഓഎസിലും ആന്‍ഡ്രോയിഡിലും പുതിയ ഫീച്ചര്‍ ലഭ്യമാവും.

ഉപയോക്താക്കള്‍ക്ക് അവരുടെ സ്വന്തം ലൈവ് വീഡിയോയും മറ്റുള്ളവരുടെ ലൈവ് വീഡിയോയും സുഹൃത്തുക്കളുമായി പങ്കുവെക്കാം. 

ലൈവ് വീഡിയോ എടുക്കുന്ന സമയത്ത് വിന്‍ഡോയ്ക്ക് താഴെയായി 'ഡയറക്റ്റ്' ബട്ടണ്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ സുഹൃത്തുക്കള്‍ക്ക് നേരിട്ട് ലൈവ് വീഡിയോ അയക്കാം. ഇങ്ങനെ അയക്കുന്ന വീഡിയോകള്‍ ലൈവ് ആണെങ്കില്‍ മാത്രമേ സുഹൃത്തുക്കള്‍ക്ക് കാണാന്‍ സാധിക്കുകയുള്ളൂ. നിങ്ങള്‍ അയച്ചുകൊടുത്ത ലൈവ് വീഡിയോ അവസാനിച്ചുകഴിഞ്ഞാല്‍ വീഡിയോ അവസാനിച്ചതായുള്ള സന്ദേശമായിരിക്കും നിങ്ങളുടെ സുഹൃത്ത് കാണുക.

ഉപയോക്താക്കള്‍ക്ക് അവരുടെ വീഡിയോ ഡയറക്ട്റ്റ് വഴി അയക്കാനുള്ള സൗകര്യം പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്യാം. സ്വകാര്യ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉള്ള ഉപയോക്താക്കളുടെ ലൈവ് വീഡിയോ അവരുടെ ഫോളോവേഴ്‌സിന് മാത്രമേ കാണാന്‍ സാധിക്കുള്ളൂ. 

കഴിഞ്ഞ നവംബറിലാണ് ഇന്‍സ്റ്റാഗ്രാം ലൈവ് വീഡിയോ ഫീച്ചര്‍ അവതരിപ്പിച്ചത്. അടുത്തിടെ ലൈവ് വീഡിയോയില്‍ സുഹൃത്തുക്കളെയും ഉള്‍പ്പെടുത്താന്‍ സാധിക്കുന്നൊരു ഫീച്ചറും ഫെയ്‌സ്ബുക്കിന്റെ കീഴിലുള്ള ഈ സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരുന്നു.