ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വാങ്ങുന്നതിനുമായി ഇന്‍സ്റ്റ്ഗ്രാമില്‍ പ്രത്യേകം ഷോപ്പ് സെക്ഷന്‍. അമേരിക്കയില്‍ ഈ പുതിയ അപ്‌ഡേറ്റ് ലഭ്യമാക്കിത്തുടങ്ങി. പുതിയ ഷേപ്പ് പേജില്‍ ഉപയോക്താക്കളുടെ പ്രൊഫൈലിനേയും ആപ്പ് ഉപയോഗത്തേയും അടിസ്ഥാനമാക്കി ഉല്‍പ്പന്നങ്ങള്‍ നിര്‍ദേശിക്കും. 

ചുരുക്കിപ്പറഞ്ഞാല്‍ ഇന്‍സ്റ്റാഗ്രാമിലെ ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആണ് ഷോപ്പ് പേജ്. ഇതിലെ പണമിടപാടുകള്‍ക്കുള്ള സൗകര്യമൊരുക്കുന്നത് ഫെയ്‌സ്ബുക്ക് പേ ആണ്. 

എക്‌സ്‌പ്ലോര്‍ മെനുവിലാണ് ഷോപ്പ് സെക്ഷന്‍ ഉണ്ടാവുക. ഷോപ്പ് പേജ് ഫീഡില്‍ വിവിധ വില്‍പ്പനക്കാരില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ കാണാം. ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതും അതിനുള്ള പണം നല്‍കുന്നതും ഇന്‍സ്റ്റാഗ്രാമില്‍ നിന്നും പുറത്തുപോവാതെ തന്നെ സാധിക്കും. 

ഫെയ്‌സ്ബുക്ക് പേ സേവനത്തില്‍ നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കിയാല്‍ പണമിടപാട് നടത്താം. ഭാവിയില്‍ ഇടപാട് നടത്തുന്നതും ഇത് എളുപ്പമാക്കും. ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും സംഭാവന നല്‍കുന്നതിനുമായി ഫെയ്‌സ്ബുക്ക്‌പേ ഉപയോഗിക്കാം. 

ഇന്‍സ്റ്റാഗ്രാം വഴി വില്‍ക്കുന്ന സാധനങ്ങള്‍ക്ക് ഒരു നിശ്ചിത തുക വില്‍പനക്കാരില്‍ നിന്നും ഇന്‍സ്റ്റഗ്രാം ഇടാക്കും. 

ഘട്ടം ഘട്ടമായി പുതിയ ഷോപ്പിങ് സൗകര്യങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇന്‍സ്റ്റാഗ്രാം. ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ഒപ്പം ഉല്‍പ്പന്നങ്ങള്‍ ടാഗ് ചെയ്യാനുള്ള സൗകര്യം 2018 ല്‍ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള സൗകര്യം ഒരുക്കി. ഇപ്പോള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനായി പ്രത്യേകം വിഭാഗം തന്നെ തയ്യാറാക്കിയിരിക്കുന്നു. നിലവില്‍ അമേരിക്കയില്‍ മാത്രം ലഭ്യമാക്കുന്ന ഈ സൗകര്യം അധികം വൈകാതെ തന്നെ മറ്റ് രാജ്യങ്ങളിലേക്കും എത്തിച്ചേക്കും. 

Content Highlights: instagram launches new shop section with facebook pay