ന്‍സ്റ്റാഗ്രാമില്‍ നിന്നും ഒരു ചിത്രം നീക്കം ചെയ്താല്‍ അത് എന്നെന്നേക്കുമായി നീക്കം ചെയ്യപ്പെടും എന്നാണ് നമ്മുടെ പ്രതീക്ഷ. എന്നാല്‍ അത് സംഭവിക്കുന്നില്ലെന്ന് കണ്ടെത്തിയിരിക്കുകയാണ് സൗഗത് പൊഖാറെല്‍ എന്ന സുരക്ഷാ ഗവേഷകന്‍.

സൗഗത് ഇന്‍സ്റ്റാഗ്രാമിലെ ഡൗണ്‍ലോഡ് ഡാറ്റ ഫീച്ചര്‍ ഉപയോഗിച്ച് തന്റെ ചിത്രങ്ങളുടെയും ഡയറക്ട് മെസേജുകളുടേയും പകര്‍പ്പ് ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ചവയില്‍ ഒരു വര്‍ഷം മുമ്പ് ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് നീക്കം ചെയ്ത ചിത്രങ്ങളും ഉണ്ടെന്നണ് സൗഗത്തിന്റെ കണ്ടെത്തല്‍. ഇന്‍സ്റ്റാഗ്രാമില്‍ നിന്നും നീക്കം ചെയ്യുന്ന ചിത്രങ്ങള്‍ അതിന്റെ സെര്‍വറില്‍ നിന്നും നീക്കം ചെയ്യുന്നില്ല എന്ന് ഇത് വെളിവാക്കുന്നു. 

ഇത് ഒരു സാങ്കേതിക പ്രശ്‌നമാണെന്നാണ് ഇന്‍സ്റ്റാഗ്രാം പറയുന്നത്. അത് പരിഹരിച്ചുവെന്നും കമ്പനി പറയുന്നു. ഇത് കണ്ടെത്തിയ സൗഗത്തിന് ബഗ് ബൗണ്ടി പ്രോഗ്രാമിന്റെ ഭാഗമായി 6000 ഡോളര്‍ (നാലര ലക്ഷം രൂപയോളം) പാരിതോഷികമായി നല്‍കുകയും ചെയ്തു. 

ഒക്ടോബറിലാണ് സൗഗത്ത് ഈ പ്രശ്‌നം കണ്ടെത്തിയത്. എന്നാല്‍ ഈ മാസം ആദ്യമാണ് അത് പരിഹരിച്ചത്. ഈ പ്രശ്‌നം ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് കമ്പനി അറിയിച്ചു. 

ഒരു ഓണ്‍ലൈന്‍ സേവനത്തില്‍ നിന്നും ഒരു വിവരം നീക്കം ചെയ്യുമ്പോള്‍ അത് ആ പ്ലാറ്റ്‌ഫോമിന്റെ സെര്‍വറില്‍ നിന്ന് നീക്കം ചെയ്യാന്‍ അല്‍പം താമസിക്കാറുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ ഒരു വിവരം നീക്കം ചെയ്യപ്പെടാന്‍ 90 ദിവസം എടുക്കുമെന്നാണ് പറയുന്നത്. 

സൗഗത്തിന് ഈ പ്രശ്‌നം കണ്ടെത്താനായത് ഉപയോക്താക്കള്‍ക്ക് അവരുടെ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്നതിനായി നല്‍കിയ ഡൗണ്‍ ലോഡ് ഡാറ്റ ഓപ്ഷന്‍ ഉള്ളതുകൊണ്ട് മാത്രമാണ് എന്നതാണ് ശ്രദ്ധേയം. അല്ലായിരുന്നെങ്കില്‍ ഇന്‍സ്റ്റാഗ്രാം സെര്‍വറില്‍ നിങ്ങളറിയാതെ നിങ്ങള്‍ നീക്കം ചെയ്ത ചിത്രങ്ങളും മറ്റും സൂക്ഷിക്കുന്നുണ്ടെന്ന് അറിയാനെ സാധിക്കുമായിരുന്നില്ല. 

Content Highlights: Instagram keeping deleted photos messages on its servers for more than a year