ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുറക്കാന്‍ ശ്രമിക്കുന്ന പുതിയ ഉപയോക്താക്കളോട് ഇന്‍സ്റ്റാഗ്രാം ഇനി ജനനതീയ്യതി കൂടി ചോദിക്കും. പ്രായാധിഷ്ഠിതമായ അനുഭവം ഉപയോക്താക്കള്‍ക്ക് നല്‍കുന്നതിനാണ് ഈ നീക്കം. നിലവില്‍ 13 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുടങ്ങാന്‍ സാധിക്കൂ.
പ്രായപരിധിയില്‍ കുറഞ്ഞവര്‍ ഇന്‍സ്റ്റാഗ്രാമില്‍ ചേരുന്നത് തടയുക, ചെറുപ്പായക്കാരെ സുരക്ഷിതമാക്കുകയും പ്രായത്തിന് അനുയോജ്യമായ അനുഭവം നല്‍കുകയുമാണ് ഇതുവഴി ഉദ്ദേശിക്കുന്നത് എന്ന് ഇന്‍സ്റ്റാഗ്രാം ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.
പ്രായം തിരിച്ചറിഞ്ഞ് കുട്ടികള്‍ക്ക് അക്കൗണ്ട് കണ്‍ട്രോള്‍, പ്രൈവസി സെറ്റിങ്‌സ് എന്നിവ സംബന്ധിച്ച പരിശീലനം നല്‍കും. പ്രൈവസി സെറ്റിങ്‌സ് ഫലപ്രദമായി ഉപയോഗിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കും.
ഇതുവഴി മുതിര്‍ന്നവരെ ലക്ഷ്യമിട്ടുള്ള ചൂതാട്ടം, മദ്യം, ജനനനിയന്ത്രണ ഉല്‍പ്പന്നങ്ങള്‍ എന്നിവ സംബന്ധിച്ച ഉള്ളടക്കങ്ങള്‍ കുട്ടികളിലേക്ക് എത്തുന്നത് തടയാനാവും. ഇതിന് വേണ്ടി നിലവിലുള്ള ഉപയോക്താക്കളോട് പ്രായം വ്യക്തമാക്കാന്‍ ആവശ്യപ്പെടില്ല എന്നാണ് വിവരം.
അതേസമയം പുതിയ ഉപയോക്താക്കള്‍ ജനന തീയ്യതി നല്‍കിയാലും അത് സ്ഥിരീകരിക്കാന്‍ ഇന്‍സ്റ്റാഗ്രാം ശ്രമിക്കില്ല എന്നത് വിമര്‍ശിക്കപ്പെടുന്നുണ്ട്. പ്രായം സ്ഥിരീകരിക്കാതെ അപകടകരമായതും അനുയോജ്യമല്ലാത്തതുമായ ഉള്ളടക്കങ്ങള്‍ കുട്ടികളിലേക്ക് എത്തുന്നത് തടയാനാവില്ല എന്നും വിമർശനമുണ്ട്.
പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങള്‍ കുട്ടികളിലേക്ക് എത്തുന്നുവെന്ന ആരോപണം ഇന്‍സ്റ്റാഗ്രാമിനെതിരെ ഉയര്‍ന്നിരുന്നു. ചില കൗമാരക്കാരുടെ ആത്മഹത്യക്ക് കാരണം ഇന്‍സ്റ്റാഗ്രാം ഉള്ളടക്കങ്ങളാണെന്ന ആരോപണം വരെ ഉയരുകയുണ്ടായി. ഇതേ തുടര്‍ന്നാണ് പ്രായാധിഷ്ഠിതമായ സേവനങ്ങള്‍ ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ ഇന്‍സ്റ്റാഗ്രാം ശക്തമാക്കിയത്.
Content Highlights: instagram asking date of birth to new users