ഇന്‍സ്റ്റാഗ്രാമില്‍ ഇനി കമന്റുകള്‍ പിന്‍ ചെയ്ത് വെക്കാം. ആഗോളതലത്തിലുള്ള ഉപയോക്താക്കള്‍ക്ക് ഈ സൗകര്യം ലഭ്യമാക്കി. ഇതുവഴി ഇഷ്ടമുള്ള കമന്റുകള്‍ കമന്റ് ലിസ്റ്റിന്റെ മുകളില്‍ നിലനിര്‍ത്താന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. ഇത് അണ്‍പിന്‍ ചെയ്യുകയും ആവാം. ട്വിറ്ററില്‍ ഇതേ രീതിയില്‍ കമന്റുകള്‍ പിന്‍ ചെയ്തുവെക്കാനുള്ള സൗകര്യമുണ്ട്.

എത്ര കമന്റുകള്‍ ഈ രീതിയില്‍ പിന്‍ ചെയ്ത് വെക്കാനാവും എന്ന് വ്യക്തമല്ല. ആന്‍ഡ്രോയിഡ്, ഐഓഎസ് ഉപയോക്താക്കള്‍ക്ക് ഈ സൗകര്യം ലഭ്യമാവും.

ഇന്‍സ്റ്റാഗ്രാമില്‍ പ്രധാനപ്പെട്ടതും ശുഭകരവും ഗുണകരവുമായ കമന്റുകള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനുമാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. മാത്രവുമല്ല ഈ കമന്റുകളിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ കൂട്ടായ്മ സജീവമാക്കി നിലനിര്‍ത്താനുമാവും. 

ഇത് കൂടാതെ കമന്റുകള്‍ ഒന്നിച്ച് നീക്കം ചെയ്യാനുള്ള സൗകര്യവും ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. ഒറ്റത്തവണ 25 കമന്റുകള്‍ വരെ സെലക്ട് ചെയ്ത് ഡിലീറ്റ് ചെയ്യാനാവും. അത് പോലെ തന്നെ ഇഷ്ടപ്പെടാത്ത കമന്റുകള്‍ ചെയ്യുന്നവരെ ഒന്നിച്ച് ബ്ലോക്ക് ചെയ്യാനും നിയന്ത്രിക്കാനും ഇതുവഴി സാധിക്കും. 

ആര്‍ക്കെല്ലാം ടാഗ് ചെയ്യാം, മെന്‍ഷന്‍ ചെയ്യാം എന്നെല്ലാം തീരുമാനിക്കാനും ഇനി ഉപയോക്താവിന് സാധിക്കും.

Content Highlights: Instagram allows to pin comments and bulk deletion