ബെംഗളുരു: ടിക്ടോക്കിന്റെ ഇന്ത്യന്‍ പതിപ്പായ ജോഷിന്റെ മാതൃസ്ഥാപനമായ വേഴ്‌സ് ഇന്നൊവേഷനില്‍ വന്‍ നിക്ഷേപമെത്തി.  ഗൂഗിള്‍, മൈക്രോസോഫ്റ്റ് ഉള്‍പ്പടെയുള്ള കമ്പനികളില്‍നിന്നുള്ള 10 കോടിയിലധികം ഡോളറിന്റെ നിക്ഷേപമാണ് വേഴ്‌സിന് ലഭിച്ചത്. 

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ക്കിടെ ചൈനീസ് ഷോര്‍ട്ട് വീഡിയോ ആപ്ലിക്കേഷനായ ടിക്ടോക്ക് നിരോധിക്കപ്പെട്ടതിന് പിന്നാലെ രംഗപ്രവേശം ചെയ്ത സമാനമായ ഇന്ത്യന്‍ നിര്‍മിത സേവനങ്ങളിലൊന്നാണ് ജോഷ്. 

നിക്ഷേപമെത്തിയതോടെ വേഴ്‌സ് ഇന്നൊവേഷന്റെ മൂല്യം 100 കോടി ഡോളര്‍ കവിഞ്ഞതായി കമ്പനി പ്രസ്താവനയില്‍ അവകാശപ്പെടുന്നു. 

ഫാല്‍ക്കണ്‍ എഡ്ജ് കാപ്പിറ്റലിന്റെ ഗ്ലോബല്‍ അസറ്റ് മാനേജറായ ആല്‍ഫാ വേവ് എന്ന സ്ഥാപനവും വേഴ്‌സില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. സോഫിന ഗ്രൂപ്പ്, ലുപ സിസ്റ്റംസ് എന്നിവര്‍ നേരത്തെ തന്നെ ജോഷില്‍ നിക്ഷേപം നടത്തിയിരുന്നു. ന്യൂസ് അഗ്രഗേറ്റര്‍ സേവനമായ ഡെയ്‌ലി ഹണ്ടും വേഴ്‌സ് ഇന്നൊവേഷന്റെതാണ്. 

സെപ്റ്റംബറില്‍ ഇന്ത്യന്‍ കണ്ടന്റ് ഷെയറിങ് പ്ലാറ്റ്‌ഫോമായ ഷെയര്‍ ചാറ്റില്‍ ട്വിറ്റര്‍, ലൈറ്റ് സ്പീഡ് വെഞ്ച്വേഴ്‌സ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ നിന്നും നാല് കോടി ഡോളര്‍ നിക്ഷേപം ലഭിച്ചിരുന്നു.  ഷെയര്‍ ചാറ്റിന്റെ ഉടമസ്ഥതയിലുള്ള 'മൊജ് ' എന്ന ഷോര്‍ട്ട് വീഡിയോ സേവനത്തിന് വേണ്ടിയാണ് നിക്ഷേപമെത്തിയത്.

Content Highlights: Indian TikTok clone josh gets Google Microsoft backing in 100 million dollar fund raise