വാട്‌സാപ്പിനുമേല്‍ പിടിമുറുക്കാനൊരുങ്ങി ഇന്ത്യ. അക്രമത്തിനും, അശ്ലീല ദൃശ്യങ്ങളുടെ പ്രചരണത്തിനും മറ്റ് കുറ്റകൃത്യങ്ങള്‍ക്കും വേണ്ടി വാട്‌സാപ്പ് വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് കണ്ടെത്തലിനെ തുടര്‍ന്ന്, അന്വേഷണ ഏജന്‍സികള്‍ക്ക് വാട്‌സാപ്പ് ചാറ്റുകള്‍ തുറന്നുകൊടുക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. 

എന്നാല്‍ വിലക്കുള്‍പ്പടെയുള്ള നിയമനടപടികളുടെ ഭീഷണിയുണ്ടെങ്കിലും വാട്‌സാപ്പിലെ എന്‍ക്രിപ്റ്റഡ് സന്ദേശങ്ങളിലേക്ക് പ്രവേശം അനുവദിക്കാവില്ലെന്ന നിലപാടിലാണ് വാട്‌സാപ്പിന്റെ ഉടമസ്ഥരായ ഫെയ്‌സ്ബുക്ക്. 

ആറ് മാസത്തോളമായി കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്ന് അവരോട് ( വാട്‌സാപ്പ് ) ആവശ്യപ്പെടുന്നു. എന്നാല്‍ അവരെന്താണ് ചെയ്തത് ? ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ എസ്. ഗോപാലകൃഷ്ണന്‍ പറഞ്ഞു. പീഡോഫിലുകള്‍ വാട്‌സാപ്പില്‍ സുരക്ഷിതരാവുകയാണ്. അവര്‍ പിടിക്കപ്പെടുന്നില്ല. ഇത് തീര്‍ത്തും ഹീനമാണ്. അദ്ദേഹം പറഞ്ഞു. 

അതേസമയം വാട്‌സാപ്പിന്റെ എന്‍ക്രിപ്റ്റഡ് സംവിധാനത്തിലേക്ക് നിലവിലെ സാഹചര്യത്തില്‍ പ്രവേശനം അനുവദിക്കുക സാധ്യമല്ലെന്ന് വാട്‌സാപ്പ് വക്താവ് കാള്‍ വൂഗ് പറയുന്നു. അതിന് വാട്‌സാപ്പ് മൊത്തത്തില്‍ പൊളിച്ച് പണിയേണ്ടി വരും. അത് വാട്‌സാപ്പിനെ മറ്റൊരു ഉല്‍പ്പന്നമാക്കിമാറ്റും. അത് അടിസ്ഥാനപരമായി സ്വകാര്യത ഉള്ളതായിരിക്കില്ല. വൂഗ് പറഞ്ഞു.

എന്നാല്‍, കുട്ടികളോടുള്ള ലൈംഗികാതിക്രമത്തോട് വാട്‌സാപ്പ് ഒട്ടും സഹിഷ്ണുതകാണിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ഹീനമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്ന പ്രതിമാസം രണ്ടര ലക്ഷത്തിലധികം അക്കൗണ്ടുകള്‍ക്ക് വാട്‌സാപ്പ് വിലക്കേര്‍പ്പെടുത്തുന്നുണ്ട്. വാട്‌സാപ്പ് ഉപയോക്താക്കള്‍ കുട്ടികളെ ചൂഷണം ചെയ്യുന്നതും അവര്‍ക്ക് ദോഷകരവുമായ ഉള്ളടക്കം പങ്കുവെക്കുന്നുണ്ടെന്ന  വിവരം ലഭിച്ചാല്‍ അവരെ വാട്‌സാപ്പില്‍ നിന്നും വിലക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്‍ക്രിപ്ഷനില്‍ തന്നെ ഉറച്ചുനില്‍ക്കാനാണ് ഫെയ്‌സ്ബുക്കിന്റെ നയം. മെസഞ്ചറിലും ഇന്‍സ്റ്റാഗ്രാമിലും എന്‍ക്രിപ്ഷന്‍ കൊണ്ടുവരാനും ഫെയ്‌സ്ബുക്കിനു പദ്ധതിയുണ്ട്. എന്റ് റ്റു എന്റ് എന്‍ക്പിഷന്‍ ഉള്ള ചാറ്റുകള്‍ ഫെയ്‌സ്ബുക്കിന് പോലും കാണാന്‍ സാധിക്കില്ല. അതായത് അത്തരം ആശയവിനിമയങ്ങളെ തത്സമയം നിരീക്ഷിക്കുക സാധ്യമല്ല. 

വ്യാജവാര്‍ത്തകളുടെയും, അഭ്യൂഹങ്ങളുടേയും പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്നതിന്റെ പേരില്‍ വലിയ വിമര്‍ശനമാണ് വാട്‌സാപ്പിനെതിരെ ഉയരുന്നത്. വാട്‌സാപ്പ് സന്ദേശങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ആള്‍ക്കൂട്ട കൊലപാതകവും സംഘര്‍ഷവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വാട്‌സാപ്പ് സന്ദേശങ്ങള്‍ക്ക് കടിഞ്ഞാണിടാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ശക്തിപ്പെടുത്തിയത്. 

Content Highlights: India seeks access to private WhatsApp messages in violence, pornography crackdown