സുരക്ഷയ്ക്ക് വേണ്ടിയുള്ള നിരവധി സംവിധാനങ്ങള്‍ ഫെയ്‌സ്ബുക്ക് ഒരുക്കിയിരിക്കിയിട്ടുണ്ട്. അതിലൊന്നാണ് കേവലം പാസ് വേഡിന്റെ മാത്രം ഉറപ്പില്‍ അക്കൗണ്ടുകളിലേക്ക് പ്രവേശനം അനുവദിക്കാതെ ഇമെയില്‍ വഴിയോ ആപ്പ് പെര്‍മിഷനിലൂടെയോ മറ്റും രണ്ടാമതൊരു സ്ഥിരീകരണം ചോദിക്കുന്ന രീതിയാണ് ടു ഫാക്ടര്‍ ഒതന്റിക്കേഷന്‍. 

അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സാധാരണ ഉപയോഗിക്കാറുള്ള ഉപകരണങ്ങള്‍ക്ക് പകരം പുതിയ ഉപകരണങ്ങള്‍ നിന്നും ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഫെയ്‌സ്ബുക്ക് ആ ലോഗിന്‍ വിലക്കാറുണ്ട്. ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുന്നത് യഥാര്‍ത്ഥ അക്കൗണ്ട് ഉടമതന്നെയാണ് എന്ന് ഉറപ്പുവരുത്തുന്നതിനാണ് ഇത്. ഇതിനായി ചില വെരിഫിക്കേഷന്‍ നടപടികളും ഫെയ്‌സ്ബുക്ക് മുന്നോട്ട് വെക്കാറുണ്ട്. 

എന്നാല്‍ പുതിയതായി വാങ്ങിയ ഫോണുകളില്‍ ഈ വെരിഫിക്കേഷന്‍ നടപടികളൊന്നും വിജയിക്കുന്നില്ലെന്നും ഫെയ്‌സ്ബുക്ക് ആപ്പില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ലോഗിന്‍ ചെയ്യാന്‍ പറ്റുന്നില്ലെന്നുമുള്ള പരാതികള്‍ ഉയരുന്നുണ്ട്. 

പുതിയ ഫോണുകളിലെ ഫെയ്‌സ്ബുക്ക് ആപ്പില്‍ യൂസര്‍ നെയിമും പാസ് വേഡും നല്‍കിക്കഴിഞ്ഞാല്‍ സുരക്ഷാ പരിശോധനയ്ക്കുള്ള നിര്‍ദേശമാണ് കാണുക. ഫെയ്‌സ്ബുക്ക് നിര്‍ദേശിക്കുന്ന വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാലും ലോഗിന്‍ ചെയ്യാന്‍ പറ്റുന്നില്ല എന്നാണ്  എന്നാണ് ഉപയോക്താക്കളുടെ പരാതി. 

ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാം?

 • ടു ഫാക്ടര്‍ ഒതന്റിക്കേഷന്‍ ആക്റ്റിവേറ്റ് ചെയ്താല്‍ ഈ പ്രശ്‌നം പരിഹരിക്കാം. 
 • ഇതിനായി നിങ്ങള്‍ ഫെയ്‌സ്ബുക്ക് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുക
 • അക്കൗണ്ട് 'സെറ്റിങ്‌സ് ' വിഭാഗത്തില്‍ 'സെക്യൂരിറ്റി ആന്റ് ലോഗിന്‍' തിരഞ്ഞെടുക്കുക. 
 • അപ്പോള്‍ വരുന്ന ഓപ്ഷനുകളില്‍ 'യൂസ് ടൂ-ഫാക്ടര്‍ ഒതന്റിക്കേഷന്‍' എന്നതിന് നേരെയുള്ള 'എഡിറ്റ്' ബട്ടന്‍ തിരഞ്ഞെടുക്കുക. 
 • 'ഗെറ്റ് സ്റ്റാര്‍ട്ടഡ് ' എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്യുക. 
 • 'ഒതന്റിക്കേഷന്‍ ആപ്പ്, ടെക്സ്റ്റ് മെസേജ്' എന്നീ രണ്ട് ഓപ്ഷനുകളാണ് ഇതിലുണ്ടാവുക. 
 • പുതിയ ഫോണിലെ ലോഗിന്‍ പ്രശ്‌നം പരിഹരിക്കാന്‍ നിങ്ങള്‍ തിരഞ്ഞെടുക്കേണ്ടത് 'ടെക്സ്റ്റ് മെസേജ്' എന്ന ഓപ്ഷനാണ്. 
 • അത് തിരഞ്ഞെടുത്ത് 'നെക്സ്റ്റ്' നല്‍കിയാല്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കാനുള്ള ഓപ്ഷന്‍ കാണാം.
 • മൊബൈല്‍ നമ്പര്‍ നല്‍കി 'നെക്സ്റ്റ്' ബട്ടന്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ആറ് അക്ക വെരിഫിക്കേഷന്‍ കോഡ് നല്‍കാനുള്ള വിന്‍ഡോ തുറന്നുവരും. 
 • നിങ്ങളുടെ ഫോണില്‍ എസ്എംഎസ് ആയി വരുന്ന വെരിഫിക്കേഷന്‍ നമ്പര്‍ നല്‍കി നെക്സ്റ്റ് ബട്ടന്‍ ക്ലിക്ക് ചെയ്യുക. 
 • ഇപ്പോള്‍ നിങ്ങളുടെ ടൂ ഫാക്ടര്‍ ഒതന്റിക്കേഷന്‍ ഓണ്‍ ആണെന്ന സന്ദേശം കാണാം. 
 • ശേഷം പുതിയ ഫോണിലെ മൊബൈല്‍ ആപ്പില്‍ ലോഗിന്‍ ചെയ്യാന്‍ യൂസര്‍ നെയിമും പാസ് വേഡും നല്‍കുക
 • അപ്പോള്‍ ലോഗിന്‍ കോഡ് നല്‍കാന്‍ ഫെയ്‌സ്ബുക്ക് ആവശ്യപ്പെടും. ഈ കോഡ് നിങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത നമ്പറില്‍ എസ്എംഎസ് ആയി വന്നിട്ടുണ്ടാവും. ആ കോഡ് നമ്പര്‍ നല്‍കിയാല്‍ നിങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക് ആപ്പില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കും. 

Content Highlights: how to solve facebook app login verification issue