വാട്‌സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ച സ്റ്റിക്കര്‍ ഫീച്ചറിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കേരളപ്പിറവി ദിനത്തിലും ദീപാവലി ദിനത്തിലുമെല്ലാം നിരവധി ആശംസാ സ്റ്റിക്കറുകളാണ് വാട്‌സ്ആപ്പ് വഴി പങ്കുവെക്കപ്പെട്ടത്. മലയാളത്തിലുള്ള സ്റ്റിക്കറുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ടെലിഗ്രാം മാതൃകയില്‍ ആര്‍ക്കും സ്റ്റിക്കറുകള്‍ നിര്‍മിച്ച് പങ്കുവെക്കാനുള്ള സൗകര്യം വാട്‌സ്ആപ്പ് ഒരുക്കുന്നുണ്ട്. സ്വന്തമായി സ്റ്റിക്കറുകള്‍ നിര്‍മിക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്.

'സ്റ്റിക്കര്‍ മേക്കര്‍ ഫോര്‍ വാട്‌സാപ്പ് 'എന്ന ആപ്ലിക്കേഷനാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് സ്വന്തമായി വാട്‌സ്ആപ്പ് സ്റ്റിക്കര്‍ പായ്ക്കുകള്‍ നിര്‍മിക്കാന്‍ സാധിക്കും.ഇതിനായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 'സ്റ്റിക്കര്‍ മേക്കര്‍ ഫോര്‍ വാട്‌സ്ആപ്പ് 'എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. 

ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം 'ക്രിയേറ്റ് എ ന്യു സ്റ്റിക്കര്‍ പായ്ക്ക് 'എന്ന് ഓപ്ഷന്‍ തിരഞ്ഞെടുക്കുക. വരുന്ന വിന്‍ഡോയില്‍ സ്റ്റിക്കര്‍ പായ്ക്കിനുള്ള പേരും അത് തയ്യാറാക്കുന്നയാളുടെ പേരും നല്‍കുക. ശേഷം ആ പേരില്‍ പുതിയ സ്റ്റിക്കര്‍ പായ്ക്ക് ഫയല്‍ നിര്‍മിക്കപ്പെടും. ഫയല്‍ തുറന്നാല്‍. 30 സ്റ്റിക്കറുകള്‍ ചേര്‍ക്കാന്‍ സാധിക്കുന്ന സ്റ്റിക്കര്‍ ട്രേ തുറന്നുവരും. 

അതില്‍ ആദ്യം ട്രേ ഐക്കണ്‍ നല്‍കുക. ഈ ട്രേ ഐക്കണാണ് വാട്‌സ്ആപ്പിലെ സ്റ്റിക്കര്‍ പട്ടികയില്‍ നിങ്ങളുടെ സ്റ്റിക്കര്‍ പായ്ക്കിനെ തിരിച്ചറിയാന്‍ സഹായിക്കുന്ന ചിത്രമായി വരിക. ട്രേ ഐക്കണായി നല്‍കുന്ന ചിത്രം സ്റ്റിക്കര്‍ ആയി അയക്കാന്‍ കഴിയില്ല. 

സ്റ്റിക്കര്‍ ചേര്‍ക്കാനുള്ള ഐക്കണുകള്‍ ക്ലിക്ക് ചെയ്താല്‍ ക്യാമറ ഉപയോഗിച്ച് പുതിയ ചിത്രമെടുക്കാനും അല്ലെങ്കില്‍ സ്‌റ്റോറേജില്‍ നിന്നും അപ്ലോഡ് ചെയ്യാനുമുള്ള ഓപ്ഷന്‍ കാണാം. ഇതില്‍ ആവശ്യ വഴിയില്‍ ചിത്രം തിരഞ്ഞെടുക്കുക. ചിത്രത്തില്‍ ആവശ്യമുള്ള ഭാഗം മാത്രം വിരല്‍ ഉപയോഗിച്ച് കൃത്യമായി ക്രോപ്പ് ചെയ്‌തെടുക്കണം. ക്രോപ്പിങ് തെറ്റിയാല്‍ വീണ്ടും ക്രോപ്പ് ചെയ്യാനുള്ള സൗകര്യമുണ്ട്. ആവശ്യമുള്ള ഭാഗം ക്രോപ്പ് ചെയ്ത് കഴിഞ്ഞാല്‍ അത് സ്റ്റിക്കര്‍ പായ്ക്കിലേക്ക് ചേര്‍ക്കാം.

ട്രേ ഐക്കണ് പുറമെ, കുറഞ്ഞത് മൂന്ന് സ്റ്റിക്കറുകള്‍ ചേര്‍ത്താല്‍ മാത്രമേ അത് വാട്‌സആപ്പ് സ്റ്റിക്കര്‍ പായ്ക്കിലേക്ക് ഉള്‍പ്പെടുത്താന്‍ കഴിയുകയുള്ളൂ. 30 സ്റ്റിക്കറുകള്‍ വരെ ഇത്തരത്തില്‍ നിര്‍മിച്ചെടുക്കാം. ഒരു തവണ നിര്‍മിച്ച സ്റ്റിക്കര്‍ പായ്ക്കിലേക്ക് വീണ്ടും സ്റ്റിക്കറുകള്‍ ചേര്‍ക്കാന്‍ സാധിക്കില്ല. 

ആവശ്യത്തിന് സ്റ്റിക്കറുകള്‍ ചേര്‍ത്ത് കഴിഞ്ഞാല്‍ 'പബ്ലിഷ് സ്റ്റിക്കര്‍ പായ്ക്ക്' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ശേഷം കണ്‍ഫം അമര്‍ത്തുക. സ്റ്റിക്കര്‍ പായ്ക്ക് ഓട്ടോമാറ്റിക് ആയി വാട്‌സ്ആപ്പിലേക്കെത്തും. 

വാട്‌സാപ്പ് ആപ്ലിക്കേഷന്‍ സ്റ്റിക്കര്‍ ലിസ്റ്റില്‍ നിങ്ങള്‍ നല്‍കിയ ഐക്കണുമായുള്ള സ്റ്റിക്കര്‍ പായ്ക്ക് തിരഞ്ഞെടുത്ത് ആവശ്യമുള്ളവ സുഹൃത്തുക്കള്‍ക്ക് അയക്കാം.

Content Highlights: how to make custom stickers for whatsapp, Whatsapp Stickers