ല്ലാവരും ഇന്ന് ഓണ്‍ലൈന്‍ ആണ്, ലൈവ് ആണ്. അതുകൊണ്ടുതന്നെ പല അവസരങ്ങളിലും ആളുകള്‍ക്ക് സ്വന്തം സ്വകാര്യത കാത്തുസൂക്ഷിക്കേണ്ടതായിവരുന്നു. വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ പലപ്പോഴും ഈ സ്വകാര്യതാ പ്രശ്‌നങ്ങള്‍ അനുഭവിക്കാറുണ്ട്. കാരണം വാട്‌സാപ്പ് കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവര്‍ക്കെല്ലാം തന്നെ വാട്‌സാപ്പില്‍ നാം പങ്കുവെക്കുന്ന ചിത്രങ്ങളും സ്റ്റാറ്റസുകളും കാണാന്‍ സാധിക്കും. 

വാട്‌സാപ്പ് കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവരെല്ലാം ഒരു പക്ഷെ നമ്മുടെ സൗഹൃദവലയത്തിലുള്ളവരോ ബന്ധത്തിലുള്ളവരോ ആയിരിക്കണം എന്നില്ല. തൊഴിലുമായി ബന്ധപ്പെട്ടോ അതോ താല്‍കാലികമായ മറ്റെന്തെങ്കിലും ആവശ്യത്തിനോ സൂക്ഷിച്ചുവെച്ച ഫോണ്‍ നമ്പറുകളാവാം അവ. എന്നാല്‍ ആ വ്യക്തികള്‍ നമ്മുടെ നമ്പര്‍ ഫോണില്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ നമ്മുടെ പ്രൊഫൈല്‍ ചിത്രവും സ്റ്റാറ്റസ് അപ്‌ഡേറ്റുകളും അവര്‍ക്ക് കാണാന്‍ സാധിക്കും. 

പ്രൊഫൈല്‍ ചിത്രങ്ങളുടെയും സ്റ്റാറ്റസിന്റേയുമെല്ലാം സ്വകാര്യതയ്ക്ക് വേണ്ടി ചില ഫില്‍റ്ററുകള്‍ വാട്‌സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ പ്രൊഫൈല്‍ ചിത്രങ്ങള്‍ക്ക് വേണ്ടി, എവരിവണ്‍, മൈ കോണ്‍ടാക്റ്റ്‌സ്, നോബഡി എന്നീ ഓപ്ഷനുകളാണ് നല്‍കിയിട്ടുള്ളത്.

'എവരിവണ്‍' എന്നത് തിരഞ്ഞെടുത്താല്‍ പ്രൊഫൈല്‍ ചിത്രങ്ങള്‍ നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇല്ലാത്തവര്‍ക്കും കാണാന്‍ സാധിക്കും. 

മൈ കോണ്‍ടാക്റ്റ് എന്നത് തിരഞ്ഞെടുത്താല്‍ ഫോണില്‍ ശേഖരിച്ചിട്ടുള്ള കോണ്‍ടാക്റ്റുകള്‍ക്ക് മാത്രമേ പ്രൊഫൈല്‍ ചിത്രങ്ങള്‍ കാണുകയുള്ളൂ.

നോബഡി തിരഞ്ഞെടുത്താല്‍ ആര്‍ക്കും പ്രൊഫൈല്‍ ചിത്രം കാണാനാകില്ല. 

പ്രൊഫൈല്‍ ചിത്രങ്ങളേക്കാള്‍ സ്വകാര്യത സ്റ്റാറ്റസുകള്‍ക്ക് കല്‍പിക്കുന്നതുകൊണ്ടാവാം. കൂടുതല്‍ സ്വകാര്യതയുള്ള ഓപ്ഷനുകള്‍ ഇതിന് നല്‍കിയിട്ടുള്ളത്. സ്റ്റാറ്റസിന് വേണ്ടി മൈ കോണ്‍ടാക്റ്റ്‌സ്, കോണ്‍ടാക്റ്റ് എക്‌സെപ്റ്റ്, ഓണ്‍ലി ഷെയര്‍ വിത്ത് എന്നീ ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ മൈ കോണ്‍ടാക്റ്റ്‌സ് തിരഞ്ഞെടുത്താല്‍ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവര്‍ക്ക് മാത്രമേ നിങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്ന സ്റ്റാറ്റസ് കാണാനാവൂ. കോണ്‍ടാക്റ്റ് എക്‌സെപ്റ്റ് തിരഞ്ഞെടുത്താല്‍ നിങ്ങള്‍ക്ക് കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള ചിലരെ സ്റ്റാറ്റസ് കാണുന്നതില്‍ നിന്ന് വിലക്കാം. 

എങ്ങനെ ഈ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം?

വാട്‌സാപ്പ് തുറന്ന് വലത് ഭാഗത്ത് മുകളിലുള്ള ത്രീ ഡോട്ട് മെനു തുറന്ന് Account - Privacy - തിരഞ്ഞെടുക്കുക. ഇതില്‍ Profile photo തുറന്ന് അനുയോജ്യമായ ഓപ്ഷന്‍ തിരഞ്ഞെടുക്കാം. സ്റ്റാറ്റസ്, ലാസ്റ്റ് സീന്‍, എബൗട്ട് എന്നിവയുടേയും സ്വകാര്യത നിശ്ചയിക്കാന്‍ ഈ ഓപ്ഷനില്‍ സാധിക്കും.

Content Highlights: how to hide whatsapp profile photo and status privacy