ഫെയ്‌സ്ബുക്കില്‍ മനംമടുത്തവരായിരിക്കാം നിങ്ങള്‍ ചിലപ്പോള്‍. ഫെയ്‌സ്ബുക്കുമായുള്ള ബന്ധം അവസാനിപ്പിക്കല്‍ സങ്കീര്‍ണമായൊരു ജോലിയാണ്. ഫെയ്‌സ്ബുക്കില്‍ ഇക്കാലമത്രയും പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളും മറ്റ് വിവരങ്ങളുമൊന്നും നഷ്ടമാവാതെ തന്നെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാനാവും. അതിനുള്ള സൗകര്യം ഫെയ്‌സ്ബുക്ക് ഒരുക്കുന്നുണ്ട്.
അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്. അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിന് മുമ്പ് നിങ്ങള്‍ പങ്കുവെച്ച ചിത്രങ്ങളും മറ്റും ഡിലീറ്റ് ചെയ്യേണ്ടതില്ല. ഫെയ്‌സ്ബുക്ക് സെര്‍വറില്‍ നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട് ശേഖരിക്കപ്പെട്ട മുഴുവന്‍ ഡാറ്റയും നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനാവും.
എങ്ങനെ നിങ്ങളുടെ ഫെയ്‌സ്ബുക്ക് ഇന്‍ഫര്‍മേഷന്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം?
- ഫെയ്‌സ്ബുക്കില്‍ Settings & Privacy തുറക്കുക
- അതില്‍ Settings തിരഞ്ഞെടുക്കുക
- Your Facebook Information എന്നത് തിരഞ്ഞെടുക്കുക
- Download your information തിരഞ്ഞെടുക്കുക
- ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ ആഗ്രഹിക്കുന്ന വിവരങ്ങളെല്ലാം തിരഞ്ഞെടുക്കുക. എല്ലാം ആദ്യം തന്നെ സെലക്റ്റ് ചെയ്തിട്ടാണുണ്ടാവുക. അതില്‍ വേണ്ടാത്തവ ഒഴിവാക്കാം.
- എത്രനാള്‍ വരെയുള്ള ഡാറ്റ ഡൗണ്‍ലോഡ് ചെയ്യണം, ഏത് ഫോര്‍മാറ്റില്‍ വേണം, ഗുണമേന്മ എത്ര തുടങ്ങിയ വിവരങ്ങള്‍ മുകളില്‍ നല്‍കാം.
- ഇത്രയുമായാല്‍ Create File എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യാം
- ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ തയ്യാറായിക്കഴിഞ്ഞാല്‍ ഇമെയില്‍ വഴി അറിയിപ്പ് ലഭിക്കും.
- ഈ ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞതിന് ശേഷം അക്കൗണ്ട് ഡിലീറ്റ് ചെയ്യാം.
- അതിനായി Your Facebook Information എന്ന സെക്ഷനില്‍ ' Deactivation and Deletion' എന്ന ഓപ്ഷന്‍ കാണാം.
- അതില്‍ അക്കൗണ്ട് താല്‍കാലികമായി നിര്‍ജീവമാക്കുകയാണോ അതോ സ്ഥിരമായി നീക്കം ചെയ്യുകയാണോ എന്ന് തീരുമാനിക്കാം.
- സ്ഥിരമായി നീക്കം ചെയ്യാനാണ് താല്‍പര്യമെങ്കില്‍ ഡിലീറ്റ് അക്കൗണ്ട് തിരഞ്ഞെടുത്ത്
- Continue Account Deactivation എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
- ഈ ബട്ടന്‍ അമര്‍ത്തിയാലും നിങ്ങളുടെ തീരുമാനം പുനഃപരിശോധിക്കാനും ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാന്‍ മറന്നുപോയെങ്കില്‍ അത് ചെയ്യാനുമുള്ള ഓപ്ഷനുകള്‍ ഉള്ള ഒരു വിന്‍ഡോ തുറന്നുവരും. അതില്‍ ആവശ്യമുള്ളവ തിരഞ്ഞെടുക്കാം.
- അല്ലെങ്കില്‍ Delete Account ബട്ടണ്‍ ക്ലിക്ക് ചെയ്യുക
ഇതോടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള നിര്‍ദേശം നല്‍കിക്കഴിയും. ഈ നിര്‍ദേശം നല്‍കി നിശ്ചിത ദിവസങ്ങള്‍ക്ക് ശേഷമാണ് അക്കൗണ്ട് നീക്കം ചെയ്യപ്പെടുക. ആ ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ വീണ്ടും ലോഗിന്‍ ചെയ്താല്‍ ഡിലീറ്റ് ചെയ്യാനുള്ള നിര്‍ദേശം പിന്‍വലിക്കപ്പെടുകയും അക്കൗണ്ട് വീണ്ടും സജീവമാവുകയും ചെയ്യും.
ഫെയ്‌സ്ബുക്കില്‍നിന്ന് പൂര്‍ണമായും ഒരു വിടുതലാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഒരു കാര്യം ഓര്‍ക്കുക ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് പോലുള്ള സേവനങ്ങളും ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ളതാണ്. അവ കൂടി ഡിലീറ്റ് ചെയ്താലേ ഫെയ്‌സ്ബുക്കിനെ പൂര്‍ണമായും ഒഴിവാക്കാനാവൂ.
Content Highlights: how to delete facebook account permanently
Featured Video: വാട്സാപ്പിന് വെല്ലുവിളിയായ സിഗ്നല്‍ ആപ്പ് - അറിയാം ചില കാര്യങ്ങള്‍