ര്‍ക്കുട്ട് എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിങ് വെബ്‌സൈറ്റിന്റെ സ്ഥാപകന്‍ ഓര്‍ക്കുട്ട് ബോയുകോക്ടേന്‍ അദ്ദേഹത്തിന്റെ പുതിയ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്ക് അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുകയാണ്. നിലവില്‍ ഹെലോ ആപ്പിന്റെ ബീറ്റാ പതിപ്പ്  ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണ്. സോഷ്യല്‍ മീഡിയ സൗഹൃദത്തിന് പ്രത്യേക മാര്‍ഗങ്ങളും രീതികളും പരീക്ഷിച്ചുകൊണ്ടാണ് ഹെലോ ആപ്പ് രംഗപ്രവേശം ചെയ്യുന്നത്.

നിങ്ങളുടെ ഇഷ്ടങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും അനുസരിച്ച് സുഹൃത്തുക്കളെ കണ്ടെത്താനും അവരുമായി സൗഹൃദ ശൃംഖല കെട്ടിപ്പടുക്കാനുമുള്ള അവസരമാണ് ഹെലോ ഒരുക്കുന്നത്. 

ഹെലോ ഉപയോഗിച്ചു തുടങ്ങുന്നതിന് മുന്‍പ് ഉപയോക്താക്കള്‍ അവരുടെ അഞ്ച് ഹോബികളും ഇഷ്ടങ്ങളും തിരഞ്ഞെടുക്കണം. വ്യക്തിത്വത്തിന്റെ സ്വഭാവം എന്നെല്ലാം അര്‍ത്ഥം വരുന്ന പെഴ്‌സോണ (Persona) എന്ന വാക്കാണ് ഈ ഇഷ്ടങ്ങളെയും താല്‍പര്യങ്ങളെയും പരാമര്‍ശിക്കുന്നതിനായി ഹെലോ ആപ്പ് ഉപയോഗിക്കുന്നത്. 

മൃഗസ്‌നേഹി, കലാകാരന്‍, ഫുട്‌ബോള്‍ ആരാധകന്‍, കാര്‍ പ്രേമി, പാചകം അങ്ങനെ വിവിധ പേഴ്‌സോണകള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. നൂറുകണക്കിന് പേഴ്‌സോണകള്‍ ആപ്പില്‍ തന്നെ പ്രദര്‍ശിപ്പിച്ചിട്ടുണ്ടാവും. ഇത് പിന്നീട് താല്‍പര്യം പോലെ മാറ്റുകയും ചെയ്യാം.

ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതിനാല്‍ ബോളിവുഡ്, ക്രിക്കറ്റ് പോലുള്ളവയും പെഴ്‌സോണ പട്ടികയില്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തെ വിവിധ ഭാഷകളും ആപ്പില്‍ ലഭ്യമാവും. 

നിങ്ങള്‍ രേഖപ്പെടുത്തിയ ഈ ഇഷ്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഹെലോയിലെ പോസ്റ്റുകള്‍ ഫീഡ് ചെയ്യപ്പെടുക. അതുകൊണ്ടുതന്നെ വിവിധ സ്വഭാവങ്ങളിലുള്ള എല്ലാ വിഷയങ്ങളും കാണാനും അറിയാനും ആഗ്രഹിക്കുന്നവര്‍ക്ക് അത്ര ഗുണകരമാവില്ല ഹെലോ ആപ്പ്. പക്ഷെ സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള വിഷയങ്ങള്‍ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹെലോ ഇഷ്ടമായേക്കും. 

ഹെലോയില്‍ പോസ്റ്റു ചെയ്യുന്നവയെല്ലാം അതുമായി ബന്ധപ്പെട്ട പേഴ്‌സണകളുമായി ടാഗ് ചെയ്യണം. ടാഗുകള്‍ക്ക് അനുസരിച്ച് പോസ്റ്റുകള്‍ പട്ടികപ്പെടുത്തുകയും. ഉപയോക്താക്കളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ആവിഭാഗത്തില്‍ പെട്ട പോസ്റ്റുകള്‍ മാത്രം അവരിലേക്കെത്തിക്കുകയുമാണ് ഹെലോ ചെയ്യുക. ഇതുവഴി ഇഷ്ടപ്പെട്ട കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ ഉപയോക്താക്കളിലേക്കെത്തും.

പിന്ററസ്റ്റ് പോലുള്ള വെബ്‌സൈറ്റുകളില്‍ ഇങ്ങനെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഉള്ളടക്കങ്ങള്‍ ക്രമീകരിക്കുന്ന രീതി പിന്തുടരുന്നുണ്ട്. ഈ മാതൃകതന്നെയാണ് ഉള്ളടക്കം ക്രമീകരിക്കാന്‍ ഹെലോ ഉപയോഗിച്ചിരിക്കുന്നത്. 

നിലവില്‍ 12 രാജ്യങ്ങളില്‍ ലഭ്യമായ ഹെലോ ഇംഗ്ലീഷ്, പോര്‍ചുഗീസ്, ഫ്രഞ്ച്, സ്പാനിഷ്, ഹിന്ദി തുടങ്ങിയ അഞ്ച് ഭാഷകളില്‍ ലഭ്യമാണ്. കമ്മ്യൂണിറ്റികളില്‍ അംഗമാവാനും അതിലെ അംഗങ്ങളുമായി ചാറ്റ് ചെയ്യാനും ഹെലോയില്‍ സാധിക്കും. ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യാനുള്ള അവസരവും ഹെലോയില്‍ ഒരുക്കും. 

കൂടാതെ ഉപയോക്താക്കളുടെ ജനപ്രീതി തിരിച്ചറിയുന്നതിനായി കര്‍മ പോയിന്റ്, അച്ചീവ്‌മെന്റ്‌സ് എന്നിങ്ങനെ രണ്ട് ഫീച്ചറുകള്‍ ഹെലോയിലുണ്ട്. നിങ്ങള്‍ നിങ്ങളുടെ പ്രൊഫൈലില്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളകക്കങ്ങള്‍ക്ക് ലഭിക്കുന്ന മറ്റുള്ളവരില്‍ നിന്നു ലഭിക്കുന്ന ലൈക്കുകളും കമന്റുകളുമാണ് കര്‍മ പോയിന്റ് ആയി കണക്കാക്കുക. നിങ്ങളുടെ അഞ്ച് പോസ്റ്റുകള്‍ക്ക് ഒരു നിശ്ചിത പരിധിയില്‍ കൂടുതല്‍ ലൈക്കുകളും കമന്റുകളും ലഭിച്ചാല്‍ അത് നിങ്ങളുടെ നേട്ടമായി കണക്കാക്കും. അച്ചീവ്‌മെന്റ്‌സ് എന്ന വിഭാഗത്തില്‍ അത് രേഖപ്പെടുത്തുകയും ചെയ്യും. ഫോളോവേഴ്‌സിന്റെ എണ്ണം നോക്കി ഉപയോക്താക്കളുടെ നിലവാരം അളക്കുന്ന നിലവിലെ രീതിയില്‍ നിന്നുള്ള ഒരു മാറ്റമാണ് ഈ ആശയം. എന്നു തോന്നുന്നു.