രോഗ്യപരിപാലനം, പോഷകാഹാരം, ഫിറ്റ്‌നസ് എന്നിവ സംബന്ധിച്ച് തെറ്റിദ്ധാരണ പടര്‍ത്തുന്ന വിവരങ്ങള്‍ പ്രചരിക്കുന്നത് നിയന്ത്രിക്കുമെന്ന് ഫെയ്‌സ്ബുക്ക്. 

ആരോഗ്യപരിപാലനുവായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും സേവനങ്ങളും വില്‍ക്കുന്നതിനായി അതിശയോക്തി കലര്‍ത്തിയും അത്ഭുതം നിറഞ്ഞ അവകാശവാദങ്ങള്‍ ഉന്നയിച്ചുമുള്ള പോസ്റ്റുകളാണ് ഫെയ്‌സ്ബുക്ക് തടയുക. 

ഇത്തരം പോസ്റ്റുകളെ ഫെയ്‌സ്ബുക്ക് രണ്ട് വിഭാഗങ്ങളായാണ് നിരീക്ഷിക്കുന്നത്. തെറ്റിദ്ധാരണ പടര്‍ത്തുന്നതും അതിശയോക്തി കലര്‍ന്നതുമായ പോസ്റ്റുകളാണ് ആദ്യത്തേത്. അത്ഭുതകരമായ രോഗശാന്തി ഉറപ്പുവരുത്തുന്ന മരുന്നുകളെ കുറിച്ചും ചികിത്സയെ കുറിച്ചുമുള്ള പോസ്റ്റുകളാണ് ഇവ.

ആരോഗ്യപരമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന പോസ്റ്റുകളാണ് രണ്ടാമത്തേത്. ശരീരഭാരം കുറയ്ക്കാം, കാന്‍സര്‍ മാറ്റാം, എന്നെല്ലാം അവകാശപ്പെട്ടുള്ള മരുന്നുകളുടെ പ്രചാരണം ഇക്കൂട്ടത്തില്‍ പെടും. 

ഇത്തരം പോസ്റ്റുകളില്‍ സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന പ്രയോഗങ്ങള്‍ തിരിച്ചറിയുകയും അവ ന്യൂസ്ഫീഡില്‍ വരുന്നത് നിയന്ത്രിക്കുകയുമാണ് ഫെയ്‌സ്ബുക്ക് ചെയ്യുക. 

ഫെയ്‌സ്ബുക്ക് പേജുകളില്‍ ഇത്തരത്തിലുള്ള ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട വ്യാജ അവകാശവാദങ്ങളും തെറ്റിദ്ധാരണകളും പരത്തുന്ന ഉള്ളടക്കങ്ങള്‍ ഒഴിവാക്കണമെന്നും. അല്ലാത്തപക്ഷം അത് ആ പേജില്‍ നിന്നുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റുകളെ ബാധിക്കുമെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി.

Content Highlights: Facebook will reduce misleading exaggerated health claims in News Feed