ഫെയ്‌സ്ബുക്കിന്റെ ന്യൂസ് ഫീഡിലേക്ക് റീല്‍സ് വീഡിയോകള്‍ കൂടി പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഫെയ്‌സ്ബുക്ക്. ടിക് ടോക്കില്‍ നിന്ന് കനത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് റീല്‍സിന്റെപ്രചാരം വര്‍ധിപ്പിക്കാനുള്ള നീക്കവുമായി ഫെയ്‌സ്ബുക്ക് രംഗത്തെത്തുന്നത്. 

ഇന്‍ഫ്‌ളുവന്‍സര്‍മാരെ ആകര്‍ഷിക്കുന്നതിന് ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും വീഡിയോകള്‍ പ്രസിദ്ധീകരിക്കുന്ന ക്രിയേറ്റര്‍മാര്‍ക്കായി പുതിയ ബോണസ് പേമെന്റ് ഫെയ്‌സ്ബുക്ക് വാഗ്ദാനം ചെയ്യും. നിലവില്‍ പ്രത്യേകം ക്ഷണിക്കുന്നവര്‍ക്ക് മാത്രമേ ഈ ബോണസ് നല്‍കുകയുള്ളൂ. ബോണസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 

നാല് മാസം കൊണ്ട് കോടിക്കണക്കിന് ഉപയോക്താക്കളെയാണ് ടിക് ടോക്കിന് ലഭിച്ചത്. കൗമാരക്കാരായ ഉപഭോക്താക്കളെ വലിയ രീതിയില്‍ ആകര്‍ഷിക്കാന്‍ ടിക് ടോക്കിന് സാധിച്ചു. സോഷ്യല്‍ മീഡിയാ രംഗത്തെ ഫെയ്‌സ്ബുക്കിന്റെ ആധിപത്യത്തിന് കനത്ത വെല്ലുവിളിയാണ് ടിക് ടോക്ക് ഇപ്പോള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. 

അടുത്തകാലത്ത് ഫെയ്‌സബുക്കില്‍ നിന്നും കൊഴിഞ്ഞുപോയ യുവാക്കള്‍ ഇന്‍സ്റ്റഗ്രാമിലേക്കാണ് ആകര്‍ഷിക്കപ്പെട്ടത്. ഇന്‍സ്റ്റഗ്രാമിന്റെ ഉപയോക്താക്കളില്‍ മുഖ്യവും പ്രായംകുറഞ്ഞവരാണ്. എന്നാല്‍ ഇന്‍സ്റ്റഗ്രാമിന്റെ പക്കലുണ്ടായിരുന്ന ഈ വിഭാഗത്തെയാണ് അമേരിക്കയുള്‍പ്പടെയുള്ള വിപണികളില്‍ ടിക് ടോക്ക് ആകര്‍ഷിച്ചെടുക്കുന്നത്. 

ഇന്ത്യയിലും ഫെയ്‌സ്ബുക്കിന് ടിക് ടോക്ക് കനത്ത വെല്ലുവിളി സൃഷ്ടിച്ചിരുന്നു. എന്നാല്‍ ടിക് ടോക്ക് നിരോധിക്കപ്പെട്ടതോടെ ഈ വെല്ലുവിളി മറികടക്കാന്‍ ഫെയ്‌സ്ബുക്കിന് സാധിച്ചു. ടിക് ടോക്കിന് പകരക്കാരായി ഇന്ത്യന്‍ നിര്‍മിത സേവനങ്ങള്‍ രംഗപ്രവേശം ചെയ്തുവെങ്കിലും ഇന്‍സ്റ്റഗ്രാം റീല്‍സിലേക്കാണ് ഇന്ത്യന്‍ ക്രിയേറ്റര്‍മാരില്‍ ഭൂരിഭാഗവും ചേക്കേറിയത്. 

ഒരു ഫോട്ടോ ഷെയറിങ് ആപ്പില്‍ നിന്ന് മാറി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ഉള്ളടക്കങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കാനാണ് ഫെയ്‌സ്ബുക്കിന്റെ തീരുമാനം. സാധാരണ ന്യൂസ് ഫീഡ്, ഐജി ടിവി വീഡിയോകളേക്കാല്‍ പ്രചാരം റീല്‍സ് വീഡിയോകള്‍ക്ക് ലഭിക്കുന്നുമുണ്ട്. 

ഫെയ്‌സ്ബുക്കിന്റെ ന്യൂസ് ഫീഡിലേക്ക്കൂടി റീല്‍സ് വീഡിയോസ് എത്തുന്നതോടെ ഈ പ്രചാരം വര്‍ധിക്കാനിടയാക്കും. ഫെയ്‌സബുക്കിന്റെ രണ്ട് മുന്‍നിര സോഷ്യല്‍ മീഡിയാ സേവനങ്ങളില്‍ ഒരു പോലെ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കപ്പെടും. 

പ്രതിദിനം 200 കോടി ഉപഭോക്താക്കള്‍ ഫെയ്‌സ്ബുക്കിനുണ്ട്. ഒരു പക്ഷെ ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കളുടെ ഇരട്ടിയോളമുണ്ട് അത്. 

എന്നാല്‍ ഫെയ്‌സ്ബുക്കിലെ ഉപഭോക്താക്കളില്‍ വലിയൊരു വിഭാഗം 30 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. ഇതില്‍ വളരെ കുറച്ച് വിഭാഗം മാത്രമേ ടിക് ടോക്കില്‍ അംഗങ്ങളായുള്ളൂ. 

ജനപ്രിയരായ ക്രിയേറ്റര്‍മാരുടെ ഉള്ളടക്കങ്ങള്‍ നിരന്തരം പ്രസിദ്ധീകരിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമായി അവര്‍ക്ക് പ്രതിഫലം നല്‍കി പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിലാണ് മുഖ്യ സോഷ്യല്‍ മീഡിയാ സേവനങ്ങളെല്ലാം. ഫെയ്‌സ്ബുക്കില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി 2022 ല്‍ 100 കോടി ഡോളര്‍ ഇതിനായി ചെലവഴിക്കുമെന്നാണ് ഫെയ്‌സ്ബുക്കിന്റെ പ്രഖ്യാപനം. അതേസമയം ടിക് ടോക്കും, സ്‌നാപ്ചാറ്റും, യൂട്യൂബുമെല്ലാം സമാനമായ വാഗ്ദാനങ്ങളുമായി മറുവശത്തുണ്ട്. 

ക്രിയേറ്റര്‍മാര്‍ക്ക് പണം നല്‍കുന്നതിനൊപ്പം തന്നെ റീല്‍സ് വീഡിയോയില്‍ എങ്ങനെ പരസ്യങ്ങള്‍ ചേര്‍ക്കാം എന്നും ഫെയ്‌സ്ബുക്ക് ആലോചിക്കുന്നു. 

കഴിഞ്ഞ ഒരു കൊല്ലമായി വീഡിയോ ഫീഡില്‍ വീഡിയോകള്‍ക്കൊപ്പം തന്നെ പരസ്യ വീഡിയോകളും ദൃശ്യങ്ങളും പ്രദര്‍ശിപ്പിക്കുകയാണ് ടിക് ടോക്ക് ചെയ്തുവരുന്നത്. അതേസമയം ചൈനയുമായുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ പരസ്യ ദാതാക്കള്‍ ടിക് ടോക്കിനോട് വിമുഖത  കാണിക്കുന്നുണ്ട്. ഈ പരസ്യവിതരണക്കാര്‍ക്ക് ഒരു പകരം സംവിധാനമെന്ന നിലയിലാണ് ഫെയ്‌സ്ബുക്ക് റീല്‍സിനെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.