പയോക്താക്കള്‍ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ നേരിട്ട് ഗൂഗിള്‍ ഫോട്ടോസിലേക്ക് എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്ന പുതിയ സംവിധാനമൊരുക്കാന്‍ ഫെയ്‌സ്ബുക്ക് ഒരുങ്ങുന്നു. ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ട്വിറ്റര്‍ പോലുള്ള മുന്‍നിര ടെക് സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള ഡാറ്റാ ട്രാന്‍സ്ഫര്‍ പ്രൊജക്ടിന്റെ ഭാഗമായാണ് ഈ സംവിധാനമൊരുങ്ങുന്നത്. പേര് പോലെ തന്നെ ഈ സേവനങ്ങള്‍ തമ്മിലുള്ള വിവരക്കൈമാറ്റത്തിന് വഴിയൊരുക്കുന്നതിനാണ് ഈ പദ്ധതി. 

ഉപയോക്താക്കള്‍ അപ് ലോഡ് ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും ഗൂഗിള്‍ ഫോട്ടോസിലേക്ക് മാറ്റാന്‍ സാധിക്കുന്ന പുതിയ ടൂള്‍ ആണ് ഫെയ്‌സ്ബുക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ അയര്‍ലണ്ടില്‍ ഈ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. 

ഈ രീതിയിലുള്ള വിവരക്കൈമാറ്റം ക്രമേണ വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സേവനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ഫെയ്‌സ്ബുക്ക് പറയുന്നു. ഈ പുതിയ ടൂള്‍ അടുത്ത വര്‍ഷമേ ആഗോളതലത്തില്‍ ലഭ്യമാക്കുകയുള്ളൂ. 

ഈ പുതിയ ടൂള്‍ ഉപയോഗിച്ച്, ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ഒരു സേവനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് സുരക്ഷിതവും നേരിട്ടുള്ളതുമായ ഡാറ്റാ കൈമാറ്റം നടത്തുന്നത് എളുപ്പമാക്കുന്ന ഒരു ഓപ്പണ്‍ സോഴ്സ്, സര്‍വീസ് റ്റു സര്‍വീസ് ഡാറ്റ പോര്‍ട്ടബിലിറ്റി പ്ലാറ്റ്‌ഫോം സൃഷ്ടിക്കാനാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്. ഈ സേവനങ്ങള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് അവരുടെ ഡാറ്റ ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് എളുപ്പം കൈമാറാന്‍ സൗകര്യമൊരുക്കുന്നതിനും ഫെയ്‌സ്ബുക്ക് ഇതിലൂടെ ആഗ്രഹിക്കുന്നു. സമാനമായ മറ്റ് സൗകര്യങ്ങളും താമസിയാതെ ഒരുക്കുമെന്ന് ഫെയ്‌സ്ബുക്ക് പറഞ്ഞു.

Content Highlights:facebook will allow users to export their data directly to google photos