ഭൂമിയില്‍ മരണപ്പെടുന്നവര്‍ മണ്ണിനോടലിഞ്ഞു ചേര്‍ന്ന് ഇല്ലാതാവും. എന്നാല്‍ വിര്‍ച്വല്‍ ലോകത്ത് മരണപ്പെടുന്നവര്‍ക്ക് എന്ത് സംഭവിക്കും? ഇതു സംബന്ധിച്ച് ചില സുപ്രധാനമായ ചോദ്യങ്ങളാണ് ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ ഭാഗമായ ഓക്‌സ്ഫഡ് ഇന്റര്‍നെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ട്‌ ഗവേഷകരുടെ ഗവേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നത്.

50 വര്‍ഷത്തിനുള്ളില്‍, അതായത് 2070 ആവുമ്പോഴേക്കും സോഷ്യല്‍ മീഡിയാ സേവനമായ ഫെയ്‌സ്ബുക്ക് ഏറ്റവും വലിയ ഡിജിറ്റല്‍ ശ്മശാനമായി മാറിയേക്കുമെന്ന് ഗവേഷകരായ കാള്‍ ജെ ഓഹ്മാന്‍, ഡേവിഡ് വാട്‌സണ്‍ എന്നിവര്‍ പ്രവചിക്കുന്നു. ഇതു സംബന്ധിച്ച് രണ്ട് അസാധാരണമായ സാധ്യതകള്‍ ഇവര്‍ മുന്നോട്ടുവെക്കുന്നു. 

അതില്‍ ഒന്നാമത്തേത് 2018 ല്‍ ആരും തന്നെ ഫെയ്‌സ്ബുക്കില്‍ അംഗത്വമെടുത്തിട്ടില്ല എങ്കില്‍, രണ്ടാമത്തേത്. ഫെയ്‌സ്ബുക്ക് ആഗോള തലത്തില്‍ അതിന്റെ നിലവിലുള്ള 13 ശതമാനം വളര്‍ച്ചാനിരക്ക് തുടരുകയാണെങ്കില്‍. തീര്‍ച്ചയായും യഥാര്‍ത്ഥ സാഹചര്യം ഇവ രണ്ടിനുമിടയ്ക്കാവും.

ആദ്യം പരാമര്‍ശിച്ച സാധ്യത അനുസരിച്ചാണെങ്കില്‍ 2100 ന് മുമ്പ് 140 കോടി ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ മരണപ്പെടും. അങ്ങനെയാണെങ്കില്‍ 2070 ഓടെ ജീവിച്ചിരിക്കുന്നവരേക്കാള്‍ മരിച്ചവരുടെ എണ്ണം വര്‍ധിക്കും.

രണ്ടാമത്തെ സാഹചര്യമനുസരിച്ചാണെങ്കില്‍- അതായത് ഫെയ്‌സ്ബുക്കിന്റെ വളര്‍ച്ചാ നിരക്ക് 13 ശതമാനത്തില്‍ തുടര്‍ന്നാല്‍ ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും മരണപ്പെട്ട ഉപയോക്താക്കളുടെ എണ്ണം 490 കോടിയാവും. 

ഇത് ഇരുവരുടെയും അനുമാനം മാത്രമാണ് ഭാവിയില്‍ നമ്മുടെയെല്ലാം ഡിജിറ്റല്‍ സംസ്‌കാരം മാറുന്നതിനനുസരിച്ച് ഈ നിരീക്ഷണങ്ങളില്‍ മാറ്റംവരും. 

പക്ഷെ, ഇങ്ങനെ ഒരു നിരീക്ഷണം മറ്റൊന്നിനും വേണ്ടിയല്ല. ഇത്രയധികം ആളുകള്‍ മരണപ്പെടുമ്പോള്‍ അവരെല്ലാം സൃഷ്ടിച്ച വലിയ അളവിലുള്ള ഡേറ്റയുടെ ഉടമസ്ഥാവകാശം ആര്‍ക്കാണ്? മരണപ്പെട്ടവരുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും താല്‍പര്യത്തിനനുസരിച്ച് അവ കൈകാര്യം ചെയ്യപ്പെടുകയും അവ ഭാവി ചരിത്രകാരന്മാര്‍ക്ക് പ്രയോജനപ്പെടുത്താനാവുകയും ചെയ്യുന്നതെങ്ങനെയാണ്?.

ഈ ചോദ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ചോദിച്ചു തുടങ്ങുന്നതേയുള്ളൂ. ആ ചോദ്യം പ്രാധാന്യമര്‍ഹിക്കുന്ന ചോദ്യമായി മാറാന്‍ ഇനിയുമേറെ മുന്നോട്ട് പോവാനുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

മരണപ്പെട്ടവരുടെ ഡിജിറ്റല്‍ ശേഷിപ്പുകള്‍ കൈകാര്യം ചെയ്യല്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന മറ്റുള്ളവരെയും ബാധിക്കുന്നതാണ്. കാരണം എല്ലാവരും അവരുടെ ഭൗതിക സ്വത്തുക്കള്‍ക്കൊപ്പം വലിയ അളവിലുള്ള ഡേറ്റയും ബാക്കി വെച്ച് ഒരിക്കല്‍ മരണപ്പെടേണ്ടവരാണ്. 

ആളുകള്‍ മരണപ്പെടുമ്പോള്‍ നിലവില്‍ ഫെയ്‌സ്ബുക്കില്‍ ഒരു സമ്പ്രദായമുണ്ട്. അയാളുടെ അക്കൗണ്ടിന്റെ ചുമതലയേറ്റെടുക്കാനും ആ അക്കൗണ്ടിനെ ഒരു ആക്ടീവ് പ്രൊഫൈല്‍ എന്നതിന് പകരം ഒരു അയാളുടെ സ്മാരകമാക്കിമാറ്റുന്നതിനും ഒരു ലഗസി കോണ്‍ടാക്റ്റ് ഫെയ്‌സ്ബുക്ക് അനുവദിക്കുന്നുണ്ട്. ഇങ്ങനെ മരണപ്പെട്ടവരുടെ അക്കൗണ്ടുകള്‍ ഓരോ മാസവും 3 കോടിയോളം ആളുകള്‍ സന്ദര്‍ശിക്കുന്നുണ്ടെന്ന് ഫെയ്‌സ്ബുക്ക് അടുത്തിടെ പറഞ്ഞിരുന്നു. 

ചരിത്രകാരന്മാരേയും, ചരിത്ര രേഖകളുടെ സൂക്ഷിപ്പുകാരേയും, പുരാവസ്തുഗവേഷകരേയും ഉള്‍പ്പെടുത്തി മരണപ്പെട്ടവരെല്ലാം ബാക്കിവെക്കുന്ന ഈ വലിയ അളവിലുള്ള ഡേറ്റ കൈകാര്യം ചെയ്യണമെന്ന് പഠന റിപ്പോര്‍ട്ടിന്റെ സഹരചയിതാവായ ഡേവിഡ് വാട്‌സണ്‍ സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങളോട് ആവശ്യപ്പെടുന്നു. 

മനുഷ്യന്റെ പെരുമാറ്റത്തെ കുറിച്ചും സംസ്‌കാരത്തെ കുറിച്ചും വ്യക്തമാക്കുന്ന ഇത്രയും വലിയൊരു ചരിത്ര സൂക്ഷിപ്പ് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. അത് നിയന്ത്രണത്തിലാക്കുന്നത് ചരിത്രം നിയന്ത്രണത്തിലാക്കുന്നതിന് തുല്യമാണ്. 

ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാനിരക്കും മരണ നിരക്കും സംബന്ധിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഗവേഷകര്‍ ഇങ്ങനെ ഒരു പഠനം നടത്തിയത്. 

റിപ്പോര്‍ട്ട് പൂര്‍ണരൂപത്തില്‍ വായിക്കാം

Content Highlights: Facebook to become a digital graveyard dead users will increase