അമേരിക്കന്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രിയ സംഘങ്ങളുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക മാധ്യമ സ്ഥാപനങ്ങളെ കണ്ടെത്തി വിലക്കേര്‍പ്പെടുത്താന്‍ ഫെയ്‌സ്ബുക്ക് ഒരുങ്ങുന്നു. രാഷ്ട്രീയ സംഘടനകളുമായി നേരിട്ട് ബന്ധമുള്ള മാധ്യമ സ്ഥാപനങ്ങളെ തടയുന്നതുമായി ബന്ധപ്പെട്ട പുതിയ നയം ഫെയ്‌സ്ബുക്ക് പ്രാബല്യത്തില്‍ വരുത്തുകയാണ്.
പ്രാദേശിക മാധ്യമസ്ഥാപനങ്ങളുടെ പേരിലുള്ള വെബ്‌സൈറ്റുകള്‍ രാഷ്ട്രീയ സംഘടനകള്‍ സോഷ്യല്‍ മീഡിയാ പ്രചാരണത്തിനായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി.
ഫെയ്‌സ്ബുക്കിലെ പരസ്യ വിതരണത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഈ വെബ്‌സൈറ്റുകളുടെ പേജുകള്‍ക്കും ബാധകമാവും.
വലിയ വിമര്‍ശനങ്ങള്‍ നേരിട്ടതോടെയാണ് രാഷ്ട്രീയപരസ്യങ്ങള്‍ നിരോധിക്കാന്‍ ഫെയ്‌സ്ബുക്ക് തീരുമാനിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഫലത്തെ സ്വാധീനിക്കും വിധം ഫെയ്‌സ്ബുക്ക് പരസ്യങ്ങളിലൂടെ വിദേശ ഇടപെടലുണ്ടായെന്ന കണ്ടെത്തല്‍ കമ്പനിയെ വലിയ നിയമക്കുരുക്കിലാക്കിയിരുന്നു. ഇക്കാരണം കൊണ്ടുതന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പും ഫെയ്‌സ്ബുക്കിനെ സംബന്ധിച്ചിടത്തോളം കടുത്ത തലവേദനയാണ്.
Content Highlights: Facebook to ban news outlets backed by political groups