വാര്‍ത്തകളറിയാന്‍ ഇന്ന് ലോകം ആശ്രയിക്കുന്നത് സോഷ്യല്‍ മീഡിയയെയാണ്. എന്നാല്‍ സോഷ്യല്‍ മീഡയയില്‍ വ്യാജ വാര്‍ത്തകള്‍ക്ക്  യാതൊരു പഞ്ഞവുമില്ല. സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിക്കുന്ന വാര്‍ത്തകളുടെ യാഥാര്‍ത്ഥ്യമറിയാന്‍ യാതൊരു വഴിയും ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഫെയ്‌സ്ബുക്ക്. 

വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയുന്നതിനായി പ്രത്യേകം ബട്ടണ്‍ പരീക്ഷിക്കുകയാണ് ഫെയ്‌സ്ബുക്ക്. ഈ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ വാര്‍ത്ത എവിടെനിന്നും വരുന്നു എന്നതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കാണാനാവും. വാര്‍ത്തയുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ നിന്നും മറ്റ് ഉറവിടങ്ങളില്‍ നിന്നും കണ്ടെത്തുന്ന വിവരങ്ങളാണ് ഉപയോക്താവിന് കാണാനാവുക. വാര്‍ത്ത വ്യാജമാണോ എന്ന് മനസിലാക്കിയാല്‍ അത് നീക്കം ചെയ്യാനുള്ള നിര്‍ദ്ദേശം നല്‍കാനും ഉപയോക്താവിനാവും.

വാര്‍ത്തകളുടെ പ്രസാധകരെ കുറിച്ച് വിക്കിപീഡിയിലുള്ള വിവരങ്ങള്‍, ട്രെന്‍ഡിങ് ആര്‍ട്ടിക്കിള്‍ അല്ലെങ്കില്‍ റിലേറ്റഡ് ആര്‍ട്ടിക്കിള്‍, വാര്‍ത്ത ഏത് രീതിയിലാണ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നത് തുടങ്ങിയവയില്‍ നിന്നും കണ്ടെത്തുന്ന വിവരങ്ങളാവും ബട്ടണില്‍ നല്‍കുക. 

വാര്‍ത്തയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമല്ലെങ്കില്‍ അക്കാര്യവും ഉപയോക്താക്കളെ അറിയിക്കും. ലാസ് വെഗാസ് വെടിവെപ്പുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റില്‍ പ്രചരിച്ച വ്യാജ വാര്‍ത്തകളെ നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായതിനെ തുടര്‍ന്നാണ് ഫെയ്‌സ്ബുക്കിന്റെ പുതിയ നീക്കം.