ന്റര്‍നെറ്റിലെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം നിയന്ത്രിക്കാന്‍ നിരവധി നിയമങ്ങള്‍ ഇന്ന് നിലവിലുണ്ട്. സോഷ്യല്‍ മീഡിയയിലെ ഇത്തരം ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ അതാത് സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമുണ്ട്. എന്നിട്ടും ഇപ്പോഴും കുട്ടികളോടുള്ള ലൈംഗികാതിക്രമം തങ്ങള്‍ എങ്ങനെ നേരിടണമെന്ന സംശയത്തിലാണ് ഫെയ്‌സ്ബുക്ക്.

കുട്ടികളെ വശീകരിക്കാന്‍ ശ്രമിക്കുന്ന ആളുകളുടെ പ്രവണതയെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ കുറിച്ചുള്ള ഉപയോക്താക്കളുടെ അഭിപ്രായം അറിയുന്നതിനായി നടത്തിയ സര്‍വേയാണ് വിവാദമായിരിക്കുന്നത്.

ഫെയ്‌സ്ബുക്കിന്റെ മാതൃകാപരമായ നയരൂപീകരണത്തിന് താഴെ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യും എന്ന ആമുഖത്തോടെയുള്ള ഫെയ്‌സ്ബുക്കിന്റെ ഒരു ചോദ്യം ഇങ്ങനെയാണ്. 

"ഒരു പ്രായപൂര്‍ത്തിയായ ആള്‍ അയക്കുന്ന സ്വകാര്യ സന്ദേശത്തില്‍ അയാള്‍ ഒരു 14 വയസുകാരിയായ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ ചോദിക്കുന്നു." ഇതില്‍ ഉപയോക്താക്കളുടെ അഭിപ്രായം എന്താണെന്നാണ് ചോദ്യം.

ഇതില്‍ ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുകള്‍ താഴെ പറയുന്നവയാണ്

ഈ ഉള്ളടക്കം ഫെയ്‌സ്ബുക്കില്‍ അനുവദിക്കണം, എനിക്കത് കാണാന്‍ ബുദ്ധിമുട്ടില്ല

ഈ ഉള്ളടക്കം ഫെയ്‌സ്ബുക്കില്‍ അനുവദിക്കണം പക്ഷെ ഞാന്‍ അത് കാണാന്‍ ആഗ്രഹിക്കുന്നില്ല

ഈ ഉള്ളടക്കം ഫെയ്‌സ്ബുക്കില്‍ അനുവദിക്കരുത്. ആരും അത് കാണരുത്

ഈ വിഷയത്തില്‍ ഒരു അഭിപ്രായവുമില്ല. 

അടുത്ത ചോദ്യം ഇതാണ് പ്രായപൂര്‍ത്തിയായ ആള്‍ അയക്കുന്ന സ്വകാര്യ സന്ദേശത്തില്‍ അയാള്‍ ഒരു 14 വയസുകാരിയായ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ ചോദിക്കുന്നത് അനുവദിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന നിയമങ്ങള്‍ ആര് തീരുമാനിക്കണം എന്നാണ് നിങ്ങള്‍ക്ക് തോന്നുന്നത്. ? 

ഫെയ്‌സ്ബുക്ക് സ്വന്തമായി നിയമങ്ങള്‍ തീരുമാനിക്കണം, പുറത്തുനിന്നുള്ള വിദഗ്ദരുടെ നിര്‍ദ്ദേശത്തില്‍ ഫെയ്‌സ്ബുക്ക് നിയമങ്ങള്‍ തീരുമാനിക്കണം, പുറത്തുനിന്നുള്ള വിദഗ്ദര്‍ നിയമങ്ങള്‍ തീരുമാനിച്ച് അത് ഫെയ്‌സ്ബുക്കിനെ അറിയിക്കണം, വോട്ടിങ്ങിലൂടെ ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ നിയമങ്ങള്‍ തീരുമാനിച്ച് ഫെയ്‌സ്ബുക്കിനെ അറിയിക്കണം, അഭിപ്രായമില്ല എന്നിങ്ങനെയാണ് ഈ ചോദ്യത്തിനുള്ള ഓപ്ഷനുകള്‍ നല്‍കിയത്

ഇത്തരം സന്ദര്‍ഭങ്ങളില്‍ ശിശു സംരക്ഷണ നടപടികള്‍ വേണമെന്നതിനെ കുറിച്ചോ നിയമ നിര്‍മാണത്തെ കുറിച്ചോ ഒന്നും തന്നെ ഫെയ്‌സ്ബുക്ക് പരാമര്‍ശിക്കുന്നില്ല എന്നതാണ് ശ്രദ്ദേയം. എന്നാല്‍ ഫെയ്‌സ്ബുക്കിനെ മധ്യസ്ഥരാക്കിക്കൊണ്ടു മാത്രമുള്ള ഓപ്ഷനുകള്‍ അനുവദിക്കുകയും ചെയ്തു. 

കുട്ടികളുടെ ലൈംഗികത ലോകം ശക്തമായി എതിര്‍ക്കുമ്പോഴും ഫെയ്‌സ്ബുക്കില്‍ അനുവദിക്കണോ വേണ്ടയോ എന്ന് ഉപയോക്താക്കള്‍ക്കിടയില്‍ സര്‍വേ നടത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. തീവ്രവാദത്തെ കുറിച്ചും സമാനമായ ചോദ്യങ്ങളാണ് ഫെയ്‌സ്ബുക്ക് സര്‍വേയില്‍ ചോദിക്കുന്നത്. 

സര്‍വേ വിവാദമായതോടെ, തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഫെയ്‌സ്ബുക്ക് പ്രൊഡക്റ്റ് വൈസ് പ്രസിഡന്റ് ഗയ് റോസന്‍ രംഗത്തുവരികയും ചെയ്തു. ഞങ്ങളുടെ നയങ്ങളെ ഉപയോക്താക്കള്‍ എങ്ങനെ കാണുന്നു എന്നറിയാനാണ് ഞങ്ങള്‍ സര്‍വേ നടത്തുന്നത്. പക്ഷെ ഇതുപോലുള്ള ശ്രമങ്ങള്‍ അംഗീകരിക്കാനാവുന്നതല്ലെന്നും ഫെയ്‌സ്ബുക്ക് ഒരിക്കലും ഈ സര്‍വേയുടെ ഭാഗമാവരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

കുട്ടികളെ വശീകരിക്കുന്ന പ്രവൃത്തികള്‍ ഞങ്ങള്‍ നേരത്തെ തന്നെ നിരോധിച്ചിട്ടുള്ളതാണെന്നും അത് മാറ്റാന്‍ തങ്ങള്‍ക്ക് ഉദ്ദേശമില്ലെന്നും അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍  തങ്ങള്‍ നിരന്തരമായി പോലീസുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Facebook’s surveys asking users about grooming behaviour