ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജിയാവശ്യപ്പെടുന്ന ഹാഷ്‌ടാഗ് ‘അബദ്ധത്തിൽ’ നീക്കിയതാണെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടല്ലെന്നും ഫെയ്സ്ബുക്ക് പറഞ്ഞു. കോവിഡ് കൈകാര്യം ചെയ്യുന്ന കേന്ദ്രസർക്കാരിന്റെ രീതിയെ വിമർശിക്കുന്ന പോസ്റ്റുകൾ നീക്കണമെന്ന് സാമൂഹികമാധ്യമ കന്പനികളോട് കേന്ദ്രം ആവശ്യപ്പെട്ടുവെന്ന വാർത്തയ്ക്കിടെയാണ് ഈ സംഭവം.

അബദ്ധത്തിലാണ് ഈ ഹാഷ്‌ടാഗ് താത്കാലികമായി നീക്കിയത്. സർക്കാർ ആവശ്യപ്പെട്ടിട്ടല്ല. അത് പുനഃസ്ഥാപിച്ചിട്ടുണ്ട് -ഫെയ്സ്ബുക്ക് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ബുധനാഴ്ചയാണ് ഈ ഹാഷ്‌ടാഗ് അപ്രത്യക്ഷമായത്.

#ResignModi എന്ന ഹാഷ്ടാഗാണ് വൈറലായത്. ഈ ഹാഷ്ടാഗ് മണിക്കൂറുകളോളം നീക്കം ചെയ്യപ്പെട്ടത് വലിയ വിമര്‍ശനത്തിനിടയാക്കി. സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചാണ് ഹാഷ്ടാഗ് നീക്കിയതെന്ന ആരോപണം ഉയരുകയും ചെയ്തു.