ഹാക്കര്‍മാരില്‍നിന്നും മറ്റും ഭീഷണി നേരിടുന്ന അക്കൗണ്ടുകള്‍ക്ക് അധിക സുരക്ഷ നല്‍കുന്ന ഫെയ്‌സ്ബുക്ക് പ്രൊട്ടക്റ്റ് പ്രോഗ്രാം ഇന്ത്യ ഉള്‍പ്പടെ കൂടുതല്‍ രാജ്യങ്ങളിലേക്ക് അവതരിപ്പിക്കുന്നു. 2018-ല്‍ അമേരിക്കയിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് 2020-ലെ തിരഞ്ഞെടുപ്പുകളില്‍ ഇതിന് കൂടുതല്‍ പ്രചാരം നല്‍കി. ഈ വര്‍ഷം അവസാനത്തോടെ 50 രാജ്യങ്ങളിലേക്ക് കൂടി എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. 

എന്താണ് ഫെയ്‌സ്ബുക്ക് പ്രൊട്ടക്റ്റ് ?

ഹാക്കര്‍മാരില്‍നിന്നും ശത്രുക്കളില്‍നിന്നും ഭീഷണി നേരിടുന്നവരുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിന് അധിക സുരക്ഷ നല്‍കുന്നതിനായാണ് ഫെയ്‌സ്ബുക്ക് പ്രൊട്ടക്റ്റ് പ്രോഗ്രാം അവതരിപ്പിച്ചത്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പടെ പൊതു സംവാദങ്ങളുടെ കേന്ദ്രമായ വ്യക്തിത്വങ്ങളുടെയെല്ലാം അക്കൗണ്ടുകള്‍ക്ക് ഇതുവഴി അധിക സുരക്ഷ ലഭിക്കും. 

ഈ കൂട്ടത്തില്‍ പെടുന്നവരുടെ അക്കൗണ്ടുകളില്‍ ഫെയ്‌സ്ബുക്ക് പ്രൊട്ടക്റ്റ് ഓണ്‍ ചെയ്യാനുള്ള സന്ദേശം കാണാന്‍ സാധിക്കും. ഇങ്ങനെ ചെയ്യുമ്പോള്‍ അക്കൗണ്ടുകളില്‍ 'ടൂ ഫാക്ടര്‍ ഒതന്റിക്കേഷന്‍' നിര്‍ബന്ധമാക്കും. അതായത് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ എസ്എംഎസ് വഴി ലഭിക്കുന്ന ഓടിപി കൂടി നല്‍കേണ്ടിവരും. കൂടാതെ ഫെയ്‌സ്ബുക്ക് പ്രൊട്ടക്റ്റിന്റെ ഭാഗമായ അക്കൗണ്ടുകളുടെ സുരക്ഷ ഫെയ്‌സ്ബുക്ക് നിരന്തരം നിരീക്ഷിക്കുകയും ചെയ്യും. ഓട്ടോമേറ്റഡ് സംവിധാനങ്ങളാണ് ഇതിനായി ഉപയോഗിക്കുക. 

ഇതുവരെ 15 ലക്ഷത്തിലേറെ ഭീഷണിനേരിടുന്ന അക്കൗണ്ടുകളില്‍ ഫെയ്‌സ്ബുക്ക് പ്രൊട്ടക്റ്റ് ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ടെന്നാണ് ഫെയ്‌സ്ബുക്കിന്റെ സുരക്ഷാ വിഭാഗം മേധാവി നതാനിയേല്‍ ഗ്ലെയ്ചര്‍ പറയുന്നത്. ഇതില്‍ 9.5 ലക്ഷം അക്കൗണ്ടുകള്‍ ടൂ ഫാക്ടര്‍ ഒതന്റിക്കേഷന്‍ ആദ്യമായി ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ട്. 

സാമ്പത്തിര നേട്ടത്തിനായി ശ്രമിക്കുന്ന സ്വതന്ത്ര ഹാക്കര്‍മാരും സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക വ്യക്തികളെ ഉന്നംവെക്കുന്ന ഹാക്കര്‍മാരും സജീവമാണ്. പൊതുവിഷയങ്ങളില്‍ ശബ്ദമുയര്‍ത്തുകയും പ്രതികരിക്കുകയും പോരാടുകയും ചെയ്യുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ വാദികള്‍, അഭിഭാഷകര്‍ പോലെ നിരവധി വിഭാഗങ്ങളില്‍ പെടുന്നവര്‍ ഈ രീതിയില്‍ ഉന്നം വെക്കപ്പെടുന്നുണ്ട്. ഇവര്‍ തങ്ങളുടെ ശബ്ദമുയര്‍ത്തുന്നതിനായി മുഖ്യമായും ആശ്രയിക്കുന്നത് ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങളെയാണ്. ഇത്തരക്കാര്‍ക്ക് വേണ്ടിയുള്ളതാണ് ഫെയ്‌സ്ബുക്ക് പ്രൊട്ടക്റ്റ് എന്നാണ് കമ്പനി പറയുന്നത്. എങ്കിലും ഉപഭോക്താക്കള്‍ക്കെല്ലാം തന്നെ ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ സാധിക്കും.

ഇത് മറ്റു രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനും ഫെയ്‌സ്ബുക്കിന് പദ്ധതിയുണ്ട്. ആഭ്യന്തര പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന മ്യാന്‍മര്‍ എത്യോപിയ പോലുള്ള രാജ്യങ്ങളിലും ഈ സംവിധാനം അവതരിപ്പിക്കും.

Content Highlights: Facebook Protect expands to more countries, including India