IG messengerഫെയ്‌സ്ബുക്ക് മെസഞ്ചര്‍ ആപ്ലിക്കേഷനെ ഇന്‍സ്റ്റഗ്രാമുമായി ബന്ധിപ്പിച്ചു. ബുധനാഴ്ച ഫെയ്‌സ്ബുക്കാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മെസഞ്ചറിലെ ആകര്‍ഷകമായ ഫീച്ചറുകള്‍ ലഭ്യമാകുന്നതോടൊപ്പം ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുമായി മെസഞ്ചര്‍ ഉപയോക്താക്കള്‍ക്കും തിരിച്ചും ചാറ്റ് ചെയ്യാം. 

സെല്‍ഫി സ്റ്റിക്കര്‍, വാനിഷ് മോഡ് (നിശ്ചിത സമയത്തിനുള്ളില്‍ സന്ദേശങ്ങള്‍  നീക്കം ചെയ്യും) ഉള്‍പ്പടെ പത്തിലധികം പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കുടാതെ പ്രത്യേക സന്ദേശങ്ങള്‍ക്ക് മറുപടി പറയുക, ഫോര്‍വേഡ് ചെയ്യുക, ചാറ്റിന്റെ നിറവും തീമും കസ്റ്റമൈസ് ചെയ്യുക തുടങ്ങിയ ഫീച്ചറുകളും ഇതില്‍ ലഭിക്കും. 

ഇന്‍സ്റ്റഗ്രാം ഫീഡ് പേജിന് മുകളില്‍  വലത് ഭാഗത്തായുള്ള ഡയറക്ട് ലോഗോയ്ക്ക് പകരം ഇനി മെസഞ്ചര്‍ ലോഗോയാണ് ഉണ്ടാവുക. മെസേജ് അയ്ക്കാനും ഫോൺവിളിക്കാനും സാധിക്കും.

തുടക്കത്തില്‍ കുറച്ച് രാജ്യങ്ങളില്‍  മാത്രമാണ് ഈ പുതിയ ഫീച്ചറുകള്‍  ലഭ്യമാക്കുക. ആഗോള തലത്തില്‍ വൈകാതെ ലഭ്യമാക്കും. 

ഇന്‍സ്റ്റാഗ്രാമിലെ മെസഞ്ചറില്‍ 'കമ്യൂണിക്കേറ്റ് എക്രോസ് ആപ്പ്‌സ്', 'വാച്ച് ടുഗെതര്‍', 'ഫോര്‍വേഡിങ്', 'റിപ്ലൈസ്', അനിമേറ്റഡ് മെസേജ് ഇഫക്ട്‌സ്, 'മെസേജ് കണ്‍ട്രോള്‍സ്', 'എന്‍ഹാന്‍സ്ഡ് റിപ്പോര്‍ട്ടിങ് ആന്റ് ബ്ലോക്കിങ് അപ്‌ഡേറ്റ്‌സ്' തുടങ്ങിയ ഫീച്ചറുകള്‍ താമസിയാതെ എത്തും. 

മെസഞ്ചറില്‍ നിന്നുള്ള സന്ദേശങ്ങള്‍ നേരെ ചാറ്റ് ലിസ്റ്റില്‍ വരണോ  അതോ മെസേജ് റിക്വസ്റ്റ് ഫോള്‍ഡറില്‍ വന്നാല്‍ മതിയോ എന്നിവ ഉപയോക്താവിന് തീരുമാനിക്കാം. 

വാട്‌സാപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ ആപ്ലിക്കേഷനുകളിലെ ആശയവിനിമയം പരസ്പരം ബന്ധിപ്പിക്കാനുള്ള പദ്ധതി ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് കഴിഞ്ഞ വര്‍ഷമാണ് പ്രഖ്യാപിച്ചത്. എന്റ് റ്റു എന്റ് എന്‍ക്രിപ്റ്റഡ് മെസേജിങ് സേവനമായ വാട്‌സാപ്പിനെ മറ്റ് സംവിധാനങ്ങളോട് ബന്ധിപ്പിക്കുന്നതില്‍ ഉപയോക്താക്കള്‍ക്കിടയില്‍ ആശങ്കയുമുണ്ട്.

Content Highllights: facebook messenger integration on instagram