ലണ്ടന്‍: സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷന്‍ നിങ്ങളുടെ സാമ്പത്തികാവസ്ഥയെന്താണെന്ന് തിരിച്ചറിയുന്ന ഒരു അവസ്ഥയെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ?  അതെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങള്‍ പദ്ധതിയനുസരിച്ച് മുന്നോട്ട് പോവുകയാണെങ്കില്‍ നിങ്ങള്‍ പണക്കാരനാണോ പാവപ്പെട്ടവനാണോ എന്നെല്ലാം അറിയാനും കണ്ടെത്താനും ഫെയ്‌സ്ബുക്കിന് സാധിക്കും.

ഉപയോക്താക്കളുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതികളെന്തെന്ന് ഓട്ടോമാറ്റിക് ആയി തിരിച്ചറിയാനും തൊഴിലാളിവര്‍ഗം, മധ്യവര്‍ഗം, സമ്പന്നര്‍ എന്നിങ്ങനെ വേര്‍തിരിക്കാനും സഹായിക്കുന്ന  സാധിക്കുന്ന ഒരു സോഫ്റ്റ് വെയറിനുള്ള പേറ്റന്റിന് അപേക്ഷിച്ചിരിക്കുകയാണ് ഫെയ്‌സ്ബുക്ക്. 

പേറ്റന്റിലെ വിവരങ്ങള്‍ അനുസരിച്ച്, ഉപയോക്താക്കളുടെ സാമ്പത്തിക സ്ഥിതി പ്രവചിക്കാന്‍ സഹായിക്കുന്ന വിദ്യാഭ്യാസം, വീട്ടുടമസ്ഥാവകാശം, ഇന്റര്‍നെറ്റ് ഉപഭോഗം തുടങ്ങിയ വ്യക്തിവിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുന്ന ഒരു സംവിധാനം നിര്‍മ്മിക്കാനാണ് ഫെയ്‌സ് ബുക്ക് ആഗ്രഹിക്കുന്നത്. 

വെള്ളിയാഴ്ചയാണ് പേറ്റന്റ് വിവരങ്ങള്‍ പരസ്യമാവുന്നത്. പരസ്യ വിതരണം കൂടുതല്‍ ഫലപ്രദമാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ഒരു സംവിധാനത്തിനായി ഫെയ്‌സ്ബുക്ക് ശ്രമിക്കുന്നത്. ഇതുവഴി പരസ്യ വിതരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഫെയ്‌സ്ബുക്കിന് സാധിക്കും.

ഉപയോക്താക്കളുടെ യാത്രകള്‍, എത്ര ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുള്ള എത്ര ഉപകരണങ്ങള്‍ സ്വന്തമായുണ്ട്, ഉന്നത വിദ്യാഭ്യാസം നേടിയിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളും ഫെയ്‌സ്ബുക്ക് ശേഖരിക്കും. ഈ വിവരങ്ങളെല്ലാം പരിശോധിച്ചാണ് ഉപയോക്താക്കളുടെ സാമ്പത്തിക സാമൂഹിക വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് കണക്കുകൂട്ടുക.

ശമ്പളവിവരങ്ങള്‍ അന്വേഷിച്ചാല്‍ ഇത് പെട്ടെന്ന് കണ്ടെത്താവുന്നതാണെങ്കിലും അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ ഉപയോക്താക്കള്‍ തയ്യാറാവില്ലെന്ന നിരീക്ഷണത്തെ തുടര്‍ന്ന് അതേ കുറിച്ചുള്ള അന്വേഷണങ്ങള്‍ ഫെയ്‌സ്ബുക്ക് ഒഴിവാക്കുകയായിരുന്നു.