മൊബൈല്‍ ഫോണ്‍ വഴി ഫെയ്‌സ്ബുക്ക് തന്റെ സംസാരങ്ങള്‍ റെക്കോഡ് ചെയ്യുന്നുവെന്ന ആരോപണവുമായി യുവതി. സിഡ്‌നി സ്വദേശിയായ അഡലെയ്ഡ് ബ്രേസി എന്ന 23 കാരിയാണ് ഫെയ്‌സ്ബുക്കിനെതിരെ രംഗത്തുവന്നിരിക്കുന്നത്. തന്റെ സുഹൃത്തുക്കളുമായി സംസാരിച്ച കാര്യങ്ങള്‍ പോലും തന്നെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ക്ക് വേണ്ടി ഫെയ്‌സ്ബുക്ക് കേള്‍ക്കുന്നുണ്ടെന്ന് ബ്രേസി പറയുന്നു.

ഒരാഴ്ചമുമ്പ് എന്റെ സുഹൃത്തിനോട് ബാഷ്പ സ്‌നാനം അഥവാ സ്റ്റീംബാത്തിനെ (Sauna) കുറിച്ച് സംസാരിച്ചിരുന്നു. തൊട്ടുപിന്നാലെ എന്റെ ഫെയ്‌സ്ബുക്ക് പേജ് അതിനെ കുറിച്ചുള്ള പരസ്യങ്ങള്‍ കൊണ്ടു നിറഞ്ഞു. ബ്രേസി പറഞ്ഞു. സമാനമായി നിരവധി പരസ്യങ്ങള്‍ കണ്ടുവെന്ന ആശങ്കയും അവര്‍ പങ്കുവെച്ചു.

ഞാന്‍ അതിനെ കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിട്ടില്ല. എന്നാല്‍ പരസ്യം ഫെയ്‌സ്ബുക്കില്‍ വന്നു. തീര്‍ത്തും വിചിത്രമാണത്. 

ഞാന്‍ എന്തെങ്കിലും സെര്‍ച്ച് ചെയ്താല്‍, വരുന്ന രണ്ട് ദിവസങ്ങളില്‍ അത് എന്നെ പിന്തുടരാറുണ്ട്. ചിലപ്പോള്‍ ഗൂഗിള്‍ ചെയ്യേണ്ടതില്ല, അതിനെ കുറിച്ച് സുഹൃത്തിനോട് പറഞ്ഞാലും മതി.

കുട്ടികള്‍ക്കായുള്ള വിനോദ പരിപാടികള്‍ സംഘടിപ്പിക്കുന്ന പെരിവിങ്കിള്‍ പാര്‍ട്ടീസ് എന്ന സ്ഥാപനം നടത്തിവരുന്നയാളാണ് അഡലെയ്ഡ് ബ്രേസി.  സ്വന്തമായി കുട്ടികളില്ലാത്ത തനിക്ക് കുട്ടികള്‍ക്കായുള്ള സ്‌കൂളുകളുടെ പരസ്യങ്ങള്‍ ലഭിക്കുന്നു.

ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ ഉപയോക്താക്കളുടെ ശബ്ദം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന ആരോപണം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഗൂഗിള്‍ സെര്‍ച്ച് പോലുള്ളവ പരസ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നുണ്ടെന്നുള്ളത് അറിയാവുന്നതാണ്. എന്നാല്‍ ശബ്ദം റെക്കോഡ് ചെയ്യുന്നകാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

അതേസമയം ഫെയ്‌സ്ബുക്ക് പരസ്യങ്ങള്‍ക്ക് വേണ്ടി നിരവധി കാര്യങ്ങള്‍ പരിഗണിക്കുന്നുണ്ടെന്ന് മൈക്രോചിപ്പ് നിര്‍മാതാക്കളായ സിനോപ്‌സിസിന്റെ സെക്യൂരിറ്റി സൊലൂഷന്‍സ് മാനേജര്‍ ആദം ബ്രൗണ്‍ പറഞ്ഞു. ഒരുപക്ഷെ സ്റ്റീംബാത്തിനെ കുറിച്ചുള്ള പരസ്യങ്ങള്‍ യുവതിയ്ക്ക് ലഭിച്ചത് മറ്റ് സ്ഥലങ്ങളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലോ നിര്‍മിത ബുദ്ധിയുടെ അടിസ്ഥാനത്തിലോ ആയിരിക്കാം. അദ്ദേഹം പറഞ്ഞു.

ചിലപ്പോള്‍ യുവതിയുടെ സുഹൃത്തുക്കളില്‍ ആരുടേയെങ്കിലും ഗൂഗിള്‍ സെര്‍ച്ച് ആവാം ഫെയ്‌സ്ബുക്ക് പരസ്യത്തിന് കാരണമായി വന്നത്. അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും കാര്യം യുവതി തന്നെ സെര്‍ച്ച് ചെയ്തിരിക്കാം. ചിലപ്പോള്‍ സ്റ്റീംബാത്ത് സൗകര്യമുള്ള ഏതെങ്കിലും സ്ഥലം സന്ദര്‍ശിച്ചതിന്റെ ലൊക്കേഷന്‍ അടിസ്ഥാനമാക്കിയായിരിക്കാം പരസ്യങ്ങള്‍ വന്നത്. ആദം പറഞ്ഞു.

Content Highlights facebook listening to you woman claims she has proof