സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്കില്‍ പങ്കുവെക്കുന്ന ചിത്രങ്ങളിലെ ആളുകളുടെ മുഖം തിരിച്ചറിയാനായി ഉപയോഗിച്ചിരുന്ന ഫേസ് റെക്കഗ്നിഷന്‍ സംവിധാനം ഫേസ്ബുക്ക് ഒഴിവാക്കുന്നു. ഏറെക്കാലമായി സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഈ സംവിധാനത്തിനെതിരെ ഉയര്‍ന്നിരുന്നു. ഫേസ് റെക്കഗ്നിഷന്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി നൂറ് കോടിയോളം ഫേസ് പ്രിന്റുകള്‍ നീക്കം ചെയ്യും.

ഒരു ഗ്രൂപ്പ് ഫോട്ടോ ഫെയ്‌സ്ബുക്കില്‍ അപ് ലോഡ് ചെയ്താല്‍ ആ ചിത്രത്തിലുള്ള ഓരോരുത്തരുടേയും മുഖം തിരിച്ചറിഞ്ഞ ടാഗുകള്‍ നിര്‍ദേശിച്ചിരുന്നത് ഈ ഫേസ് റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യയിലൂടെയായിരുന്നു. ഫെയ്‌സ്ബുക്കില്‍ അക്കൗണ്ട് ഇല്ലാത്തവരുടെ ചിത്രങ്ങള്‍ പോലും ഫേസ് പ്രിന്റുകളായി ശേഖരിക്കപ്പെട്ടിരുന്നു. 

ഫെയ്‌സ്ബുക്കിനെതിരെയുള്ള വിവാദങ്ങള്‍ കത്തിനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഏറെ കാലമായി വിവാദത്തിലിക്കുന്ന ഫേസ് റെക്കഗ്നിഷന്‍ സംവിധാനം ഒഴിവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വരുന്നത് എന്നത് ശ്രദ്ധേയമാണ്. 

സമൂഹത്തില്‍ ഫേസ് റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യയുടെ സ്ഥാനം സംബന്ധിച്ച് നിരവധി ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനായുള്ള കൃത്യമായ നിയമങ്ങള്‍ നിര്‍മിക്കുന്ന നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ പ്രസ്താവനയില്‍ പറഞ്ഞു. 

അതേസമയം ഈ മാറ്റം എന്ന് മുതല്‍ നിലവില്‍ വരുമെന്ന് വ്യക്തമല്ല. ഉപഭോക്താക്കളില്‍ മൂന്നിലൊന്നില്‍ അധികം പേരും ഫേസ് റെക്കഗ്നിഷന്‍ സിസ്റ്റത്തിന്റെ ഉപയോഗത്തിന് അനുവാദം നല്‍കിയവരാണ്.

ഈ സംവിധാനം പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ ഇതുവരെ ശേഖരിച്ച നൂറ് കോടിയിലധികം ഫേസ് പ്രിന്റുകള്‍ നീക്കം ചെയ്യപ്പെടുമെന്ന് കമ്പനി അറിയിച്ചു. 

അടുത്തിടെയാണ് ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനി മെറ്റ എന്ന പേരിലേക്ക് മാറിയത്. ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് തുടങ്ങിയ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള സേവനങ്ങളും മെറ്റായുടെ കീഴിലാണ്.