അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഫെയ്‌സ്ബുക്ക് ഓപ്പറേഷന്‍സ് മേധാവി ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ്. ട്രംപിന്റെ അക്കൗണ്ട് മരവിപ്പിച്ച നീക്കത്തില്‍ സന്തോഷമുണ്ടെന്നും അവര്‍ റോയിട്ടേഴ്‌സ് നെക്‌സ്റ്റ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെ പറഞ്ഞു.
ട്രംപിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനൊപ്പം തന്നെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെതിരെയുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിനായി വ്യാപകമായി ഉപയോഗിക്കപ്പെട്ട 'സ്റ്റോപ്പ് സ്റ്റീലിങ്' എന്ന പ്രയോഗവും ഫെയ്ബുക്ക് നിരോധിച്ചിരുന്നു.
ഫെയ്‌സ്ബുക്കില്‍നിന്നും ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെങ്കില്‍ കമ്പനിയുടെ പുതിയ ഓവര്‍സൈറ്റ് ബോര്‍ഡ് വഴി സാധ്യമാണ്. എന്നാല്‍, സസ്പന്‍ഷെനിതിരെ ഓവര്‍സൈറ്റ് ബോര്‍ഡിനെ സമീപിക്കാനാവില്ല. പ്രസിഡന്റ് തങ്ങളുടെ നയങ്ങള്‍ക്ക് മുകളിലല്ല എന്ന് ഇത് വ്യക്തമാക്കുന്നുവെന്നും സാന്‍ഡ്‌ബെര്‍ഗ് പറഞ്ഞു.
സ്വന്തം നേതാക്കളില്‍നിന്നുള്ള പ്രസ്താവനകള്‍ കേള്‍ക്കാനുള്ള ജനങ്ങളുടെ അവകാശം പരിഗണിച്ച് ഏറെ കാലമായി രാഷ്ട്രീയക്കാരുടെ പ്രസ്താവനകള്‍ നിയന്ത്രിക്കുന്നതില്‍ ഫെയ്‌സ്ബുക്ക് ഉദ്യോഗസ്ഥര്‍ മൃദുസമീപനമാണ് സ്വീകരിച്ചിരുന്നത്.
ജോര്‍ജ് ഫ്രോയിഡിന്റെ മരണത്തിന് പിന്നാലെ അമേരിക്കന്‍ കറുത്ത വംശജര്‍ക്ക് മേല്‍ നടക്കുന്ന വംശീയാതിക്രമങ്ങള്‍ക്കെതിരെ നടന്ന പ്രക്ഷോഭങ്ങള്‍ക്കിടെ ട്രംപിന്റെ പ്രസ്താവനങ്ങള്‍ ഏറെ വിവാദമായപ്പോഴും അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ ഫെയ്‌സ്ബുക്ക് തയ്യാറായിരുന്നില്ല. ഇത് വലിയ രീതിയില്‍ പ്രതിഷേധം നേരിടുന്നതിന് ഇടയാക്കിയിരുന്നു.
"വാഷിങ്ടണില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്ക് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയകളിലെ അക്രമ ആഹ്വാനങ്ങള്‍ നടന്നിരുന്നു. അത്തരത്തിലുള്ള പോസ്റ്റുകള്‍ കണ്ടെത്തുന്നതില്‍ വീഴ്ചയുണ്ടായതായി ഫെയ്‌സ്ബുക്ക് മനസിലാക്കുന്നു. മറ്റ് പ്ലാറ്റ്ഫോമുകളിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്യപ്പെട്ടതെന്നാണ് താന്‍ വിശ്വസിക്കുന്നത്. കൂടുതല്‍ സംഘര്‍ഷങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ആസൂത്രണം ചെയ്യുന്നത് തടയാന്‍ ഫെയ്‌സ്ബുക്ക് നിരീക്ഷിക്കുന്നുണ്ട്." സാന്‍ഡ്‌ബെര്‍ഗ് പറഞ്ഞു.
Content Highlights: Facebook has no plans to lift Trump ban says Sandberg