ടിക്ടോക്കിനെ നേരിടാനായി 'ഫെയ്‌സ്ബുക്ക് ബാര്‍സ്' എന്ന പേരില്‍ മറ്റൊരു ആപ്പ് കൂടി പുറത്തിറക്കുകയാണ് ഫെയ്‌സ്ബുക്ക്. ഇത്തവണ വളര്‍ന്നു വരുന്ന റാപ്പര്‍മാരെ ലക്ഷ്യമിട്ടാണ് നീക്കം. ഫെയ്‌സ്ബുക്കിന്റെ പുതിയ പ്രൊഡക്ട് എക്‌സ്പിരിമെന്റേഷന്‍ റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ടീം ആണ് ബാര്‍സ് ആപ്പ് തയ്യാറാക്കിയത്. 

ബാര്‍സ് ആപ്പ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് അവരുടെ റാപ്പ് വീഡിയോകള്‍ നിര്‍മിച്ച് പങ്കുവെക്കാം. ബാര്‍സ് ആപ്പിലെ റാപ്പര്‍മാരാവാന്‍ അനുഭവസമ്പത്തുള്ള റാപ്പര്‍മാര്‍ ആവേണ്ടതില്ലെന്ന് ഫെയ്‌സ്ബുക്ക് എന്‍പിഇ ടീം പറഞ്ഞു. 

സാധാരണ ഹ്രസ്വ വീഡിയോ ആപ്പുകളില്‍ നിന്ന് വ്യത്യസ്തമായി റാപ്പ് സ്റ്റൈല്‍ വീഡിയോകള്‍ക്ക് വേണ്ടി മാത്രമായാണ് ബാര്‍സ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഉപയോക്താക്കള്‍ക്കായി പ്രത്യേകം ബീറ്റുകള്‍ ഇതില്‍ ലഭ്യമാണ്. ഇതുവഴി വാക്കുകളെ പ്രൊഫഷണല്‍ രീതിയിലുള്ള റാപ്പുകളാക്കി മാറ്റാന്‍ സാധിക്കും. 

റാപ്പ് മ്യൂസികിനോട് താല്‍പര്യമുള്ളവര്‍ക്ക് അനുയോജ്യമായ രസകരമായ ആപ്പ് ആയിരിക്കും ബാര്‍സ്. വിഷ്വല്‍ ഫില്‍റ്ററുകള്‍, ഓട്ടോ ട്യൂണ്‍, എഎം റേഡിയോ പോലുള്ള ടൂളുകളും ബാര്‍സില്‍ ലഭ്യമാണ്. 

റാപ്പ് വീഡിയോകള്‍ ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സാധിക്കും. മറ്റ് സോഷ്യല്‍ മീഡിയകളില്‍ പങ്കുവെക്കുകയും ചെയ്യാം. 

Content Highlights: facebook bars app for rap creators