ന്യൂഡല്‍ഹി: താമസിയാതെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കാനും ആധാര്‍ വിവരങ്ങള്‍ നല്‍കേണ്ടതായി വരും. അതിനായുള്ള പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഫെയ്‌സ്ബുക്ക്. 

ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് പുതിയ അക്കൗണ്ട് തുടങ്ങുന്നതിനുള്ള പുതിയ ഫീച്ചര്‍ ഫെയ്‌സ്ബുക്ക് പരീക്ഷിച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. വ്യാജ അക്കൗണ്ടുകളെ പ്രതിരോധിക്കുന്നതിനായാണ് പുതിയ നീക്കം.

ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് ഇക്കാര്യം പുറത്തുവിട്ടത്. മൊബൈല്‍ ഫോണില്‍ നിന്നും പുതിയ അക്കൗണ്ട് നിര്‍മ്മിക്കാന്‍ ശ്രമിക്കവെ ആധാര്‍ വിവരങ്ങള്‍ ചോദിച്ചുകൊണ്ടുള്ള ഫീച്ചര്‍ ശ്രദ്ധയില്‍പെട്ടുവെന്ന് ഇയാള്‍ പറഞ്ഞു.

മൊബൈല്‍ വഴി പുതിയ അക്കൗണ്ട് തുറക്കാന്‍ ശ്രമിക്കുമ്പോഴാണ് ആധാറില്‍ അധിഷ്ഠിതമായ നിര്‍ദേശങ്ങള്‍ കാണുക. പുതിയ അക്കൗണ്ടിന് വിവരങ്ങള്‍ നല്‍കാന്‍ ശ്രമിക്കുമ്പോള്‍ ആധാറിലുള്ളത് പോലെ പേര് നല്‍കാനാണ് ഫെയ്‌സ്ബുക്ക് ആവശ്യപ്പെടുന്നതെന്ന് റെഡ്ഡിറ്റ് യൂസര്‍ പറഞ്ഞു.

'ആധാര്‍ കാര്‍ഡിലേത് പോലെ പേര് നല്‍കിയാല്‍ സുഹൃത്തുക്കള്‍ക്ക് നിങ്ങളെ കണ്ടെത്താന്‍ സഹായമാവും' എന്ന സന്ദേശമാണ് ഫെയ്‌സ്ബുക്ക് പേജിലുണ്ടാവുക. 

എന്നാല്‍ ആധാര്‍ നമ്പര്‍ ഫെയ്‌സ്ബുക്ക് ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ തീര്‍ത്തും ആധാര്‍ കാര്‍ഡ് വിവരങ്ങളില്‍ അധിഷ്ഠിതമായ വേരിഫിക്കേഷന്‍ നടപടികള്‍ ഫെയ്‌സ്ബുക്ക് അവതരിപ്പിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Content Highlights: facebook asks aadhaar details for new accounts fake accounts new feature