ടിമുടി മാറ്റങ്ങളുമായി പുതിയ രൂപത്തിലും ഭാവത്തിലും അവതരിക്കാനൊരുങ്ങുകയാണ് ഫെയ്‌സ്ബുക്ക്. ഫെയ്‌സ്ബുക്കിന്റെ എഫ്8 ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് പുതിയ തീരുമാനങ്ങളും മാറ്റങ്ങളും പ്രഖ്യാപിച്ചത്.

പ്രധാനമായും സ്വകാര്യതയാണ് സക്കര്‍ബര്‍ഗിന്റെ പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ടത്. ആഗോള തലത്തില്‍ ഏറെ നാളുകളായി സ്വകാര്യതയുടെ പേരില്‍ ഫെയ്‌സ്ബുക്ക് പഴി കേള്‍ക്കുന്നുണ്ട്. 

Mark Zuckerberg
2019 ലെ ഫെയ്​സ്ബുക്ക് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ സി.ഇ.ഓ മാര്‍ക്ക് സക്കര്‍ബര്‍ഗ് സംസാരിക്കുന്നു

സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പുനര്‍രൂപകല്‍പനയാണ് ഫെയ്‌സ്ബുക്ക് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു എഫ് 8 കോണ്‍ഫറന്‍സ്. കമ്പനിയുടെ കഴിഞ്ഞകാല പ്രവൃത്തികള്‍ കണക്കിലെടുത്ത് ഫെയ്‌സ്ബുക്ക് യഥാര്‍ഥത്തില്‍ സ്വകാര്യതയ്ക്ക് വില കല്‍പിക്കുന്നുണ്ടോ എന്ന് പലര്‍ക്കും വിശ്വസിക്കാന്‍ പ്രയാസമാണെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു.

'ഭാവി സ്വകാര്യമാണ്' എന്ന് പ്രഖ്യാപിച്ച് തുടങ്ങിയ എഫ് 8 കോണ്‍ഫറന്‍സിന്റെ മുഖപ്രസംഗത്തില്‍ സ്വകാര്യതയുടെ പേരില്‍ തങ്ങള്‍ക്ക് ചീത്തപ്പേരുണ്ടെന്ന് സക്കര്‍ബര്‍ഗ് ഒരിക്കല്‍ കൂടി തുറന്ന് സമ്മതിച്ചു. എങ്കിലും സ്വകാര്യതയിലാണ് തങ്ങള്‍ ശ്രദ്ധ ചെലുത്തുന്നതെന്നും വിവിധ ഉല്‍പ്പന്നങ്ങള്‍ പുനര്‍ രൂപകല്‍പന ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. 

മോശം നിയമ സംവിധാനമുള്ളയിടങ്ങളിലും സോഷ്യല്‍ മീഡിയാ ഡാറ്റ ആവശ്യപ്പെടുന്ന സര്‍ക്കാരുകള്‍ ഉള്ള രാജ്യങ്ങളിലും തങ്ങള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കില്ലെന്ന് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചു. സുരക്ഷിതമായ വിവരശേഖരണം കൂടാതെ, സ്വകാര്യ ആശ്യവിനിമയം, എന്‍ക്രിപ്ഷന്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ സക്കര്‍ബര്‍ഗ് വേദിയില്‍ സംസാരിച്ചു.

facebook new designഫെയ്‌സ്ബുക്ക് മാറുന്നതെങ്ങനെ?

ഫെയ്‌സ്ബുക്കിന് കീഴിലുള്ള ഫെയ്‌സ്ബുക്ക് പ്രധാന വെബ്‌സൈറ്റും ആപ്പും മെസഞ്ചര്‍ ആപ്പ്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവയിലുമെല്ലാം മാറ്റങ്ങള്‍ വരുന്നുണ്ട്. 

ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കുന്നവിധത്തിലുള്ള പുതിയ രൂപകല്‍പനയാണ് ഫെയ്‌സ്ബുക്കിനുണ്ടാവുക. എഫ്ബി 5 എന്നാണ് കമ്പനി ഈ പുതിയ മാറ്റത്തെ വിളിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ പ്രശസ്തമായ നീലനിറത്തിലായിരിക്കില്ല പുതിയ രൂപകല്‍പനയെന്നതും ശ്രദ്ധേയമാണ്. കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ തന്നെ ഫെയ്‌സ്ബുക്കിന്റെ പുതിയ ഡെസ്‌ക്ടോപ്പ് സൈറ്റ് നിലവില്‍വരും.

messenger appപ്രവര്‍ത്തന വേഗം വര്‍ധിപ്പിക്കും വിധമാണ് മെസഞ്ചര്‍ ആപ്പിലും മാറ്റം വരുത്തുന്നത്. എൻഡ് ടു എൻഡ് എന്‍ക്രിപ്ഷന്‍ മെസഞ്ചറില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് തങ്ങളെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു.  നിലവില്‍ എൻഡ് ടു എൻഡ് എന്‍ക്രിപ്ഷനിലുള്ള ചാറ്റ് നടക്കണമെങ്കില്‍ അത് സീക്രട്ട് ചാറ്റ് ആയിരിക്കണം. സുഹൃത്തുക്കള്‍ക്കൊപ്പം ഒരേസമയം ഫെയ്‌സ്ബുക്ക് വീഡിയോകള്‍ കാണാനും മെസഞ്ചറില്‍ സൗകര്യമുണ്ടാവും. കൂടാതെ മെസഞ്ചറിന് പ്രത്യേകം ഡെസ്‌ക്ടോപ്പ് പതിപ്പും അവതരിപ്പിക്കും. 

Content Highlights: facebook redesign, privacy, data storage, end to end encryption, messenger, whatsapp