ന്ത്യയുടെ അഭിമാന സംരംഭമാണ് ചന്ദ്രയാന്‍-2. നിലവില്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ചന്ദ്രയാന്‍ രണ്ടിനെ ഘട്ടം ഘട്ടമായുള്ള ഭ്രമണപഥം ഉയര്‍ത്തലുകളിലൂടെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഐ.എസ്.ആര്‍.ഒ ഗവേഷകര്‍. ഇതിനിടയില്‍ ചന്ദ്രയാന്‍ രണ്ടിന്റെ പേരില്‍ ചില വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. വസ്തുതകള്‍ പരിശോധിക്കാതെ അവ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 

ചന്ദ്രയാന്‍ പകര്‍ത്തിയ ഭൂമിയുടെ ചിത്രങ്ങളാണെന്ന രീതിയില്‍ ചില ചിത്രങ്ങള്‍ ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടതെന്ന പേരില്‍ വാട്‌സാപ്പില്‍ പ്രചരിക്കുന്നുണ്ടെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. 

എന്നാല്‍ ഈ ചിത്രങ്ങളൊന്നും തന്നെ യഥാര്‍ഥമല്ല. അതായത് ഇവയൊന്നും ചന്ദ്രയാന്‍-രണ്ട് പകര്‍ത്തിയതല്ല. കലാകാരന്റെ ഭാവനയില്‍ സൃഷ്ടിച്ചെടുത്ത ചിത്രങ്ങളാണിവ. ഗൂഗിളില്‍ തിരഞ്ഞാല്‍ എളുപ്പം കണ്ടുപിടിക്കാവുന്നവ. പലതും പല വെബ്‌സൈറ്റുകളില്‍ പലവിഷയങ്ങള്‍ക്ക് അധിഷ്ടിതമായി പകര്‍ത്തിയതും പ്രസിദ്ധീകരിച്ചതുമാണ്. 

Chandrayaan 2 fake image
ചന്ദ്രയാൻ രണ്ട് പകർത്തിയതെന്ന പേരിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ ഒന്ന്. 

ഐ.എസ്.ആര്‍.ഒ പുറത്തുവിട്ട ചിത്രങ്ങളാണ് ഇവ എന്ന് പറയുന്നത് പൂര്‍ണമായും തെറ്റാണ്. 

വാട്‌സാപ്പ് വഴി വ്യാപകമായി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇതിനെ നിയന്ത്രിക്കാനും വ്യാജവാര്‍ത്തകള്‍ തിരിച്ചറിയാനും  ഉപയോക്താക്കള്‍ക്കിടയില്‍ വാട്‌സാപ്പ് പലവിധ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുകയും പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു വാര്‍ത്ത വാട്‌സാപ്പില്‍ നിങ്ങള്‍ക്ക് ഫോര്‍വേഡ് ചെയ്ത് വന്നതാണെങ്കില്‍ അത് ഒരു വ്യാജവാര്‍ത്തയാവാന്‍ സാധ്യതയേറെയാണ്. ഫോര്‍വേഡ് ചെയ്ത് വരുന്ന സന്ദേശങ്ങള്‍ തിരിച്ചറിയാന്‍ അത്തരം സന്ദേശങ്ങളുടെ മുകളിലായി ഫോര്‍വാഡഡ് ലേബല്‍ കാണാവുന്നതാണ്.  നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തോ ബന്ധുവോ അയച്ചതാണെങ്കില്‍ പോലും അങ്ങനെയുള്ള വാര്‍ത്തകള്‍ വ്യാജവാര്‍ത്തയാവാനിടയുണ്ട്. 

പരിശോധിച്ച് സ്ഥിരീകരണം വരുത്തിയല്ലാതെ ആ വാര്‍ത്തകള്‍ പങ്കുവെക്കരുത്. അത് വലിയ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാം. 

Content Highlights: Fake images on Whatsapp, fake Chandrayaan- 2 captured Earth images