പാട്ട് പാടണോ, നാടകം സിനിമ ചര്‍ച്ച ചെയ്യണോ? എന്തിനു, മുന്‍ ഭാര്യയോടോ ഭര്‍ത്താവിനോടോ സോള്ളണോ? എന്തിനും ക്ലബ്ഹൗസ് സജ്ജം. സാമൂഹിക ജീവിയായ മനുഷ്യന്റെ ആളുകളുമായി ബന്ധപെടാനും കഥകള്‍ കേള്‍ക്കാനുമുള്ള ത്വര ശമിപ്പിക്കാന്‍ ഓഡിയോ ചാറ്റിഗിലൂടെ സാധ്യമാകുന്ന ഒരു സൈബര്‍കൂട്ടായ്മ. ഈ ഹൌസിലേക്ക് ചേക്കേറിയിരിക്കുവാണ് ഭൂരിഭാഗം മലയാളികളും.

ശബ്ദത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സമൂഹമാധ്യമ ആപ്പാണ് ക്ലബ്ഹൗസ്. എന്ത് പുതുമയും കൈയോടെ സ്വീകരിക്കുന്ന മലയാളികള്‍ കൂട്ടത്തോടെ ഒഴുകുകയാണ് ഈ ഹൗസിലേക്ക്. പേടിയോ സന്ദേഹമോ കൂടാതെ സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ പറ്റുന്ന ഒരു ലൈവ് ശബ്ദ ചാറ്റ്. ഒരു തരത്തിലുമുള്ള റെക്കോര്‍ഡിങ്ങും സാധ്യമല്ല. അതുപോലെ റെഫറന്‍സ് വഴി അല്ലെങ്കില്‍ ഇന്‍വിട്ടേഷന്‍ വഴി മാത്രമായിരുന്നു ആളുകള്‍ക്ക് പ്രവേശനം. ''ലിമിറ്റഡ് എഡിഷന്‍'' മാര്‍ക്കറ്റിംഗ് തന്ത്രം പോലെ ആണ് ക്ലബ് ഹൗസ് സ്വീകരിച്ചിരിക്കുന്ന ഒരു ബിസിനസ് തന്ത്രം. 

നേരത്തെ സീറ്റ് പിടിച്ചില്ലെങ്കില്‍ ഞാന്‍ ഒറ്റപെട്ടു പോകുമോ, എനിക്ക് എന്തെങ്കിലും നഷ്ടപെടുമോ എന്ന ഭയം ആളുകളില്‍ ഉണ്ടാക്കി എടുക്കാനും ഒരുതരം ''ബാന്‍ഡ് വാഗന്‍ എഫ്ഫക്റ്റ് ' വളര്‍ത്തി എടുക്കാനും ഈ ഹൗസിന് കഴിഞ്ഞുവെന്നതാണ് വസ്തുത. ഒരു ഇന്‍വൈറ്റ് കിട്ടാന്‍ ഓടി നടക്കുന്ന പലരും ഇപ്പോഴുമുണ്ട്. ഒരാള്‍ക്ക് എട്ട് ഇന്‍വൈറ്റ് ആണ് ഉണ്ടാകുക. പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് യൂസര്‍നെയിം വഴി ക്ലബ് ഹൗസില്‍ അംഗത്വം എടുക്കാന്‍ ഉള്ള മാര്‍ഗവും ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്.

മാര്‍ച്ച് 2020-ല്‍ ഐ.ഒ.എസ് പ്ലാറ്റ്‌ഫോമ്മില്‍ തുടങ്ങിയ ക്ലബ്ഹൗസ് 2021 മെയില്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലേക്ക് കളം മാറ്റി ചവിട്ടിയപ്പോള്‍ വളരെയധികം ആളുകള്‍ ക്ലബ് ഹൗസില്‍ ചേക്കേറി. ലോക്ഡൗണ്‍ കാരണം പുറത്തിറങ്ങാനും ആളുകളെ കാണാനും കഴിയാത്തവര്‍ക്ക് സംസാരിക്കാനും വളരെ അധികം ആശ്വാസമായി മാറി ക്ലബ് ഹൗസ്. വര്‍ക്ക് ഫ്രം ഹോമിന്റെ വിരസത ഒഴിവാക്കാനും, കൂട്ടം കൂടാനും ഇഷ്ടങ്ങള്‍ പങ്കു വയ്കാനും, പഠിക്കാനും ക്ലബ് ഹൗസ് സഹായകരമാകുന്നു .

മതിലുകള്‍ എന്ന സിനിമയിലെ മതിലിന് രണ്ടു വശങ്ങളില്‍ നിന്ന് തമ്മില്‍ കാണാതെ സംസാരിക്കുന്ന രണ്ടു കഥാപാത്രങ്ങളെ പോലെ അനേകം ആളുകളെ പങ്കെടുപ്പിച്ച് മനുഷ്യന്റെ ശബ്ദവും അതിലെ വികാരങ്ങളും അപ്രകാരം ഉള്ള ആശയവിനിമയവും ആണ് ക്ലബ് ഹൗസിലെ പ്രത്യേകത. മുഖം കാണിക്കേണ്ട എന്നുള്ളതും ഒരു തരത്തില്‍ സൗകര്യപ്രദമാണ്. റെക്കോര്‍ഡിങ്ങ് ഇല്ലാത്തതിനാല്‍ പ്രതിച്ഛായ നഷ്ടപ്പെടുമെന്ന പേടിയും വേണ്ട.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ ഏതെങ്കിലും വിഷയത്തെ കുറിച്ച് നാം അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയാല്‍ അത് അച്ചടിച്ചത് പോലെ നമ്മുടെ പ്രൊഫൈലിന് താഴെ കിടക്കുകയും അത് നമ്മളെ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുകയും ചെയ്യും. നാളെ ഈ അഭിപ്രായത്തില്‍ മാറ്റമുണ്ടായാല്‍ പിന്നെ തേജോവധമാണ്. എന്നാല്‍, ക്ലബ് ഹൗസ്സില്‍ ഈ ഒരു അപകടത്തെ പേടിക്കേണ്ടതില്ല. ''വാക്കല്ലേ മാറ്റാന്‍ പറ്റൂ'' എന്ന് പണ്ടാരോ പറഞ്ഞത് പോലെ, ഇവിടെ പറഞ്ഞ കാര്യം അപ്പുറത്ത് മാറ്റി പറഞ്ഞാലും ആരും ചോദ്യം ചെയ്യാന്‍ വരില്ല.  ഒരു റൂമില്‍ പറഞ്ഞ കാര്യം അപ്പുറത്തെ റൂമില്‍ പോയി മാറ്റി പറഞ്ഞാലും ചോദ്യം ചെയ്യാന്‍ ആരും വരില്ല. 

നാട്ടിന്‍പുറത്തെ ചായകടയിലേതിന് സമാനമായി സൊറ പറഞ്ഞിരിക്കുന്നത് മുതല്‍ അന്താരാഷ്ട്ര തലത്തിലുള്ള ചര്‍ച്ചകള്‍ക്ക് വരെ ഈ ഹൗസില്‍ വേദിയുണ്ട്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ റേസ് ദി ഹാന്‍ഡ് എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ മോഡറേറ്റര്‍ നിങ്ങള്‍ക്ക് സംസാരിക്കാനുള്ള അവസരമൊരുക്കും. വെറും കേള്‍വിക്കാരനായും ഇതില്‍ തുടരാം. 

പുസ്തക നിരൂപണം, പ്രോഡക്ട് ലോഞ്ച്, മീറ്റ് ദി സ്റ്റാര്‍ തുടങ്ങിയുള്ള മാര്‍ക്കറ്റിങ്ങ്, ബ്രാന്റിങ്ങ് ആവശ്യങ്ങള്‍ക്കും ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാം. സെമിനാറുകളോ ചര്‍ച്ചകളോ നയിച്ച വ്യക്തി, മുഖ്യ അതിഥി എന്നിങ്ങനെ ഉള്ളവര്‍ക്ക് ഫീസ് ഈടാക്കുന്നതിനുള്ള സൗകര്യം ഒരുങ്ങുന്നതും വിദൂരമല്ല. വിദേശങ്ങളില്‍ ചെറിയ ഒരു ഗ്രൂപ്പില്‍ അത് സാധ്യമായിട്ടുണ്ട്. ആദ്യ തവണ ഉപയോഗിക്കുന്ന ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് നമ്പര്‍ ആവശ്യപ്പെടും ഇതുവഴി പണം ലഭ്യമാക്കുകയും ചെയ്യും. 

ക്ലബ് ഹൌസ് ബഹളമയം ആണോ ?

പങ്കെടുക്കുന്ന ആളുകളുടെ ഉചിതം പോലെ ക്ലബ്ഹൗസ് ഉപയോഗിക്കാം. ചിലര്‍ക്ക് ഇത് നേരം പോക്കിനുള്ള ഇടമാണെങ്കില്‍ ഒരു വിഭാഗത്തിന് ഇത് പലതരം ആളുകളുമായി സംവദിക്കുന്നതിനുള്ള മാര്‍ഗമാണ്. പ്രശസ്തരായ ആളുകളോട് സംസാരിക്കുന്നതിനുള്ള അവസരവും ഈ പ്ലാറ്റ്‌ഫോമില്‍ ലഭിച്ചേക്കാം. കാര്യക്ഷമമായ ഉപയോഗത്തിലൂടെ അറിവ് ആര്‍ജിക്കാനും ഇവിടെ സാധ്യമാണ്. 

ക്ലബ്ബ്ഹൗസ് കാര്യക്ഷമമായി ഉപയോഗിക്കാനുള്ള മാര്‍ഗം

1. ഉപയോഗിക്കുന്ന ആളിന്റെ പ്രൊഫൈല്‍ വ്യക്തമായി നല്‍കുക. നമ്മള്‍ സ്വയമായി നല്‍കുന്ന വിവരങ്ങളിലൂടെ നമ്മളെ ഫോളോ ചെയ്യാനും സാധിക്കും. കീ വേഡ് ഉപയോഗിച്ചുള്ള തിരച്ചിലുകളില്‍ അപ്രകാരമുള്ള പ്രൊഫൈലുകള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടേക്കാം. ലിങ്കിഡ്ഇന്‍, ഇന്‍സ്റ്റഗ്രാം ലിങ്ക് പ്രഫൈലുകള്‍ ഇതില്‍ ഷെയര്‍ ചെയ്യാനും സാധിക്കും. 

2. ഒരു മോഡറേറ്റര്‍ ആണെങ്കില്‍ ക്ലബ് ഉണ്ടാക്കി സംസാരിക്കുമ്പോള്‍ കൃത്യമായും ആധികാരികമായി സംസാരിക്കുകയും ചര്‍ച്ച നയിക്കുകയും ചെയ്യുക.

3. ക്ലബിലെ അംഗങ്ങളുടെ അഭിരുചിക്ക് അനുസരിച്ച് നല്ല വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക. അത്തരം വിഷയങ്ങളില്‍ താത്പര്യമുളളവര്‍ നമ്മളെ ഫോളോ ചെയ്യുകയും അത് ചര്‍ച്ചയുടെ മൂല്യം വര്‍ധിപ്പിക്കുകയും ചെയ്യും.

4. ഒരേ ക്ലബിലുള്ളവര്‍ക്ക് ക്ലോസ്ഡ് റൂം ഉണ്ടാക്കി മറ്റുള്ളവരെ മടുപ്പിക്കാതെ ചര്‍ച്ച ചെയ്യാനുള്ള അവസരവുമുണ്ട്. അതുവഴി മറ്റുള്ളവര്‍ക്ക് തുടങ്ങിയ ചര്‍ച്ചകള്‍ തുടര്‍ന്ന് പോകാനും സാധിക്കും. 

ഹൗസിലെ തട്ടിപ്പുകളും വെട്ടിപ്പുകളും 

എല്ലാ സോഷ്യല്‍ മീഡിയയിലേതും പോലെ ഇവിടെയും തട്ടിപ്പിനുള്ള സാധ്യതകള്‍ ഏറെയാണ്. ഇപ്പോള്‍ തന്നെ പല സിനിമ താരങ്ങളും തങ്ങളുടെ വ്യജന്‍മാരാണ് ഹൗസില്‍ ഉള്ളതെന്ന് വെളിപ്പെടുത്തി കഴിഞ്ഞു. അതുകൊണ്ട് തന്നെ ആള്‍മാറാട്ടമാണ് ഇവിടെ ഉണ്ടാകുന്ന പ്രധാന വെല്ലുവിളി. പ്രതിദിനം 10 മില്ല്യണ്‍ ആളുകള്‍ ഉപയോഗിക്കുന്ന ഈ ആപ്പില്‍ സെന്‍സര്‍ഷിപ്പോ ചെക്കിങ്ങോ ഇല്ലാത്തതിനാല്‍ തന്നെ ആപ്പിന്റെ ആയുസും ചോദ്യചിഹ്നമാണ്. 

നിയന്ത്രണങ്ങളില്ലാതെ ആളുകള്‍ക്ക് എന്തും പറയാനുള്ള അവസരമുള്ളതിനാല്‍ തന്നെ, വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറയാനും വ്യക്തിഹത്യ നടത്താനും സൈബര്‍ ആക്രമണങ്ങള്‍ക്കും സാധ്യത ഏറെയാണ്. അതിവേഗം വളരുന്ന ഹൗസില്‍ എന്നാണ് നിയന്ത്രണങ്ങള്‍ വരുത്തുകയെന്നും വ്യക്തമല്ല. നിയന്ത്രണങ്ങള്‍ വന്നാലും എത്രത്തോളം ദുരുപയോഗം തടയപ്പെടുമെന്നും ഉറപ്പ് പറയാനാകില്ല.

Content Highlights: Clubhouse- Drop In Audio Chat, Trending Social Media Platform