ന്യൂഡല്‍ഹി:  ഓഡിയോ ചാറ്റ് ആപ്ലിക്കേഷനായ ക്ലബ്ഹൗസ് 13 പുതിയ ഭാഷകളില്‍ കൂടി ലഭ്യമാകും.  കൂടുതല്‍ പേരിലേക്ക് ആപ്പ് എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളാണ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രാദേശികവല്‍ക്കരണത്തിന്റെ ഭാഗമായി ഫ്രഞ്ച്, ജര്‍മ്മന്‍, ഇന്‍ഡൊനീഷ്യന്‍, ഇറ്റാലിയന്‍, ജപ്പാനീസ്, കൊറിയന്‍, പോര്‍ച്ചുഗീസ് തുടങ്ങിയ ഭാഷകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

'ഞങ്ങള്‍ ആന്‍ഡ്രോയിഡില്‍ 13 പുതിയ ഭാഷകള്‍ ഉള്‍പ്പെടുത്തും. ഉടന്‍ തന്നെ ഈ സേവനങ്ങള്‍ ഐഒഎസിലും മറ്റ് ഭാഷകളിലും ലഭ്യമാകും. ഇനി മുംബൈ,പാരീസ് മുതല്‍ സാവോ പൗളോ, ജക്കാര്‍ത്ത  വരെയുള്ളവര്‍ക്ക് അവരുടെ പ്രാദേശിക ഭാഷയില്‍ ക്ലബ്ഹൗസ് ആസ്വദിക്കാം.' ക്ലബ്ഹൗസ് അറിയിച്ചു. 

നിലവില്‍ ഈ ഭാഷകളിലെ സേവനം ആന്‍ഡ്രോയിഡ് ഉപഭോക്താകള്‍ക്ക് മാത്രമായിരിക്കും ലഭിക്കുക. അതേ സമയം ആര്‍ക്കിടെക്ടും സംഗീത രചിയതാവുമായ അനിരുദ്ധ ദേശ്മുഖിന്റെ മുഖചിത്രം  ക്ലബ്ഹൗസ് ആപ്പ് ഐക്കണാക്കി. ക്ലബ്ഹൗസ് ഇടവേളകളില്‍ തങ്ങളുടെ ഉപഭോക്താകളുടെ ചിത്രങ്ങള്‍ ആപ്പ് ഐക്കണാക്കാറുണ്ട്. അടുത്തിടെ 'മ്യൂസിക് മോഡ്' എന്നൊരു സവിശേഷതയും ക്ലബ്ഹൗസ് ആപ്പിള്‍ ഉള്‍പ്പെടുത്തിയിരുന്നു. മ്യൂസിക് മോഡിലൂടെ സംഗീതജ്ഞര്‍ക്ക് മികച്ച രീതിയില്‍ സംഗീതാവതരണം നടത്തുവാന്‍ സാധിക്കും.

Content Highlights: clubhouse adds 13 new languages, includes five indian language