ന്യൂഡല്‍ഹി: ജനപ്രിയ ഓഡിയോ ചാറ്റ് ആപ്ലിക്കേഷനായ ക്ലബ് ഹൗസില്‍ പുതിയ 'മ്യൂസിക് മോഡ്' അവതരിപ്പിച്ചു. ക്ലബ് ഹൗസിലെ സംഗീതജ്ഞര്‍ പാട്ട് പാടുമ്പോഴും ഉപകരണങ്ങള്‍ വായിക്കുമ്പോഴുമെല്ലാം മികച്ച ശബ്ദാനുഭവം നല്‍കുന്ന സംവിധാനമാണിത്. ഐഓഎസിലാണ് പുതിയ ഫീച്ചര്‍ ലഭിക്കു. ആന്‍ഡ്രോയിഡില്‍ പിന്നാലെയെത്തും. 

ക്ലബ് ഹൗസിലെ സംഗീതപ്രേമികളുടെ കൂട്ടായ്മകള്‍ക്ക് ഇത് ഏറെ ഉപകാരപ്രദമാവും. നിലവില്‍ സംസാരം കേള്‍ക്കുന്ന അതേ ഗുണമേന്മയില്‍ തന്നെയാണ് പാട്ടുകളും കേള്‍ക്കുക. 

മികച്ച ഗുണമേന്മയിലും സ്റ്റീരിയോ ശബ്ദത്തിലും സംഗീതം കേള്‍പ്പിക്കുന്നതിന് വേണ്ടിയാണ് മ്യൂസിക് മോഡ്. യുഎസ്ബി മൈക്രോഫോണുകള്‍, മിക്‌സിങ് ബോര്‍ഡുകള്‍ എന്നിവ ഉപയോഗിക്കാനും സാധിക്കും. 

ആപ്പ് മെനുവില്‍ 'ഓഡിയോ ക്വാളിറ്റി' തിരഞ്ഞെടുത്ത് മ്യൂസിക് ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ മ്യൂസിക് മോഡ് ഉപയോഗിക്കാം. പാട്ട് പാടുന്നതും സംഗീതോപകരണം വായിക്കുന്നതുമെല്ലാം മറ്റ് പരിസര ശബ്ദങ്ങളില്ലാത്ത മുറികളില്‍ നിന്നായാല്‍ മ്യൂസിക് മോഡ് ഫലപ്രദമായി പ്രയോജനപ്പെടും. 

ഇത് കൂടാതെ ക്ലബ് ഹൗസിലെ സെര്‍ച്ച്ബാറും മെച്ചപ്പെടുത്തുന്നുണ്ട്. പുതിയ അപ്‌ഡേറ്റില്‍ സ്‌ക്രീനിന് മുകളിലായി സെര്‍ച്ച് ബാര്‍ കാണാം.