വാട്‌സാപ്പ്, സിഗ്നല്‍, ടെലഗ്രാം ഉള്‍പ്പെടെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭ്യമായ 15 മെസേജിങ് ആപ്പുകളിലെ സന്ദേശങ്ങള്‍ക്കെല്ലാം ഒരൊറ്റ ഇന്‍ബോക്‌സ് ഒരുക്കി ബീപ്പര്‍ ആപ്പ്. ഫെയ്‌സ്ബുക്ക് മെസഞ്ചര്‍, സിഗ്നല്‍, ട്വിറ്റര്‍ ഡയറക്ട് മെസേജസ്, ടെലഗ്രാം, വാട്‌സാപ്പ് ഉള്‍പ്പടെയുള്ള ആപ്പുകളിലെ ചാറ്റുകള്‍ ബീപ്പര്‍ ഇന്‍ബോക്‌സില്‍ ലഭിക്കും. ബീപ്പറിന് ആന്‍ഡ്രോയിഡ്, ലിനക്‌സ്, വിന്‍ഡോസ് പതിപ്പുകളുണ്ട്.

സന്ദേശങ്ങള്‍ അയക്കുന്നതിനൊപ്പം ചാറ്റുകള്‍ തിരയുക, സ്‌നൂസ് ചെയ്യുക,ആര്‍ക്കൈവ് ചെയ്യുക തുടങ്ങിയ സൗകര്യങ്ങളും ബീപ്പറില്‍ ലഭിക്കും. പ്രതിമാസം 730 രൂപയാണ് ഇതിന്റെ സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക്.

ആന്‍ഡ്രോയിഡ് മെസേജസ് (എസ്എംഎസ്), ബീപ്പര്‍ നെറ്റ് വര്‍ക്ക്, ഡിസ്‌കോര്‍ഡ്, ഹാങ്ഔട്ട്‌സ്, ഐമെസേജ്, ഇന്‍സ്റ്റാഗ്രാം, ഐആര്‍സി, മാട്രിക്‌സ്, ഫെയ്‌സ്ബുക്ക് മെസഞ്ചര്‍, സിഗ്നല്‍, സ്‌കൈപ്പ്, സ്ലാക്ക്, ടെലഗ്രാം, ട്വിറ്റര്‍, വാട്‌സാപ്പ് എന്നിവിയാണ് ബീപ്പറില്‍ ലഭിക്കുന്ന 15 ആപ്പുകള്‍.

നേരത്തെ നോവ ചാറ്റ് എന്ന പേരിലായിരുന്നു ബീപ്പര്‍ അറിയപ്പെട്ടിരുന്നത്. ഓപ്പണ്‍ സോഴ്‌സ് മാട്രിക്‌സ് മെസേജിങ് പ്രോട്ടോകോള്‍ അടിസ്ഥാനമാക്കിയാണ് ബീപ്പറിന്റെ നിര്‍മാണം. പെബ്ബിള്‍ സ്മാര്‍ട് വാച്ച് സ്ഥാപകനായ എറിക് മിഗികോവ്‌സ്‌കിയാണ് ഇതിന്റെ സ്രഷ്ടാവ്.  

ലിങ്ക് വഴി നിങ്ങള്‍ക്ക് ബീപ്പറില്‍ സൈന്‍ ഇന്‍ ചെയ്യാം. ഒന്നിലധികം മെസേജിങ് പ്ലാറ്റ് ഫോമുകള്‍ വഴി നിരന്തരം ആശയവിനമയം നടത്തുന്നവര്‍ക്കും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പല തരം പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നവര്‍ക്കും ബീപ്പര്‍ പ്രയോജനപ്പെടുത്താനാവും.

Content Highlights: beeper one inbox for 15 chat apps