ന്യൂഡല്‍ഹി: 2017ല്‍ ഫെയ്‌സ്ബുക്ക് ഇന്ത്യയില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയം സൂപ്പര്‍ഹിറ്റ് ചലച്ചിത്രം ' ബാഹുബലി-2'. ലോക സുന്ദരി മാനുഷി ചില്ലാര്‍ ഈ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തുണ്ട്.

ഫെയ്‌സ്ബുക്ക് ഇന്ത്യയില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട രണ്ടാമത്തെ വിഷയം ജെല്ലിക്കെട്ട് ആണ്. ഫെയ്‌സ്ബുക്കിന്റെ '2017 ഇയര്‍ ഇന്‍ റിവ്യൂ' ലാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

കഴിഞ്ഞ 12 മാസങ്ങളില്‍ ഫെയ്‌സ്ബുക്കിലുണ്ടായ മികച്ച നിമിഷങ്ങളാണ് 2017 ഇയര്‍ ഇന്‍ റിവ്യൂവില്‍ ഫെയ്‌സ്ബുക്ക് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 

ജെല്ലിക്കെട്ട് കഴിഞ്ഞാല്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-പാകിസ്താന്‍ മത്സരമാണ് മൂന്നാം സ്ഥാനത്തുള്ളത്. ബോളീവുഡ് താരം വിനോദ് ഖന്നയുടെ മരണവും ഫെയ്‌സ്ബുക്കില്‍ ചര്‍ച്ചയായി. ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട അഞ്ചാമത്തെ വിഷയം ഇതാണ്.

യോഗി ആദിത്യനാഥുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഫെയ്‌സ്ബുക്കില്‍ ട്രെന്‍ഡിങ് ആയ എട്ടാമത്തെ വിഷയം.  ഖോരഖ്പൂര്‍ ആശുപത്രിയിലുണ്ടായ കുട്ടികളുടെ കൂട്ടമരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പട്ടികയില്‍ പത്താം സ്ഥാനത്തും ഇടംപിടിച്ചു.