ന്യൂയോര്‍ക്ക്: അമേരിക്കയിലെ നേവാഡയില്‍ ഏരിയ 51 എന്നൊരു സ്ഥലമുണ്ട്. അതി നിഗൂഢമായ ഇവിടെ എന്ത് നടക്കുന്നുവെന്ന് ആര്‍ക്കും അറിയില്ല. പല കഥകളും ഈ സ്ഥലത്തെ കുറിച്ച് കാലങ്ങളായി പ്രചരിക്കുന്നുണ്ട്. 

ഇവിടം അന്യഗ്രഹ ജീവികളുടെ വിഹാരകേന്ദ്രമാണെന്നും അമേരിക്കയുടെ അതീവ രഹസ്യ ആയുധകള്‍ വികസിപ്പിക്കുന്നത് ഇവിടെയാണെന്നും അടക്കമുള്ള വിചിത്രങ്ങളും യാതൊരു ആധികാരികതയുമില്ലാത്തതുമായ കഥകള്‍ ഇക്കൂട്ടത്തിലുണ്ട്. 

രണ്ടാം ലോക മഹായുദ്ധകാലത്തും, ശീതയുദ്ധകാലത്തും ഏറെ ചര്‍ച്ചയായിട്ടുണ്ട് ഏരിയ 51. അമേരിക്കന്‍ സൈന്യവും ഈ സ്ഥലത്തിന്റെ രഹസ്യാത്മകത നിലനിര്‍ത്തുകയും ചെയ്തു. അമേരിക്കന്‍ പ്രസിഡന്റിന്റെ എക്‌സ് ഫയലില്‍ പെടുന്ന തന്ത്രപ്രധാനമായ സ്ഥലമാണ് ഇത് എന്ന് പറയുന്നവരുണ്ട്. അമേരിക്കന്‍ പ്രസിഡന്റിന്റെ കയ്യിലുള്ള രഹസ്യ രേഖകളെയാണ് എക്‌സ് ഫയല്‍ എന്ന് പറയുന്നത്. 

ഇപ്പോഴിതാ ഏരിയ 51 ന്റെ നിഗൂഢതകളറിയാന്‍ ലക്ഷക്കണക്കിന് ആളുകള്‍ തയ്യാറെടുക്കുന്നു. ഒരു ഫെയ്‌സ്ബുക്ക് ഇവന്റാണ് ഇതിന് വഴിയൊരുക്കിയത്. സെപ്റ്റംബര്‍ 20 ന് പുലര്‍ച്ചെ മൂന്ന് മണിക്ക് ഒരു ലക്ഷത്തോളം പേര്‍ ഏരിയ 51 ലേക്ക് മാര്‍ച്ച് ചെയ്യണമെന്നാണ് ഫെയ്‌സ്ബുക്ക് ഇവന്റിന്റെ ആഹ്വാനം. 

തമാശയ്ക്കായി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഇവന്റ് യഥാര്‍ത്ഥത്തില്‍ പേജ് ഉടമകളുടെ കൈവിട്ടുപോവുകയായിരുന്നു. നിഗൂഢത നിറഞ്ഞ കഥകളിലൂടെ ജനങ്ങളുടെ മനസില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഇടമായിരുന്നതിനാലാവണം. ആ ഫെയ്‌സ്ബുക്ക് ഇവന്റിന് വലിയ സ്വീകാര്യത ലഭിച്ചു. ഷെയറായും, ചര്‍ച്ചകളായും, ട്രോളുകളായും ഇവന്റ് ഫെയ്‌സ്ബുക്കില്‍ വൈറലായി. തമാശയില്‍ തുടങ്ങിയ പരസ്യം ഗൗരവതരമായ ചര്‍ച്ചകള്‍ക്കും വഴിവെച്ചു. ഇവന്റ് പോസ്റ്റിന് ഇവന്റില്‍ പങ്കെടുക്കാമെന്നേറ്റ് 28 ലക്ഷത്തോളം പേരുടെ പിന്തുണ ലഭിച്ചു. 

യഥാര്‍ത്ഥത്തില്‍ എന്താണ് ഏരിയ 51

ഏരിയ 51 യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ വ്യോമസേനയുടെ കീഴിലുള്ള സൈനികത്താവളമാണ്. വിമാന പരീക്ഷണങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കുമായാണ് ഇവിടം ഉപയോഗപ്പെടുത്തുന്നത്. ഈ സ്ഥലം ഏറെ നാളുകളായി രഹസ്യമാക്കിവെച്ചിരുന്നതാണ്. എന്നാല്‍ ഇവിടെ വെച്ച് നടത്തിയ നിരീക്ഷണ വിമാനങ്ങളുടെ പരീക്ഷണങ്ങള്‍. ഇവിടെ അജ്ഞാത വിമാനങ്ങള്‍ കണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയാക്കി. ഈ സമയത്താണ് ഏരിയ 51 എന്ന സ്ഥലത്തെ കുറിച്ചുള്ള ഒദ്യോഗിക വിശദീകരണങ്ങള്‍ വരുന്നത്. 

സെപ്റ്റംബര്‍ 20 ന് ഇങ്ങനെയൊരു മാര്‍ച്ച് ഏരിയ 51ലേക്ക് നടക്കുമോ

അതിന് സാധിക്കുമെന്ന് തോന്നുന്നില്ല. ആളുകള്‍ ഒറ്റയ്ക്കായിരുന്നെങ്കില്‍ ഇവിടേയ്ക്ക് പ്രവേശിക്കുക കുഴപ്പമില്ലായിരുന്നു. എന്നാല്‍ മാര്‍ച്ച് ചെയ്തുവരുന്ന ലക്ഷക്കണക്കിനാളുകളെ സ്വീകരിക്കാന്‍ ഏരിയ 51 ലെ സൈനികര്‍ക്ക് സാധിക്കില്ല. തീര്‍ച്ചയായും അവര്‍ അത് തടയും. ഇക്കാര്യം സൈനിക വക്താവ് ലോറ മാക് ആന്‍ഡ്രൂസ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്.  

Content Highlights: Area 51, the secretive US military base, American Secrets, Us airforce, facebook event