വാട്‌സാപ്പ് ഇന്ത്യയുടെ മേധാവിയായി അഭിജിത്ത് ബോസിനെ നിയമിച്ചു. ഇന്ത്യയ്ക്ക് വേണ്ടിയുള്ള ആദ്യ വാട്‌സാപ്പ് സംഘത്തിന് തുടക്കമിടുകയാണ് അഭിജിത്തിന്റെ ചുമതല. കാലിഫോര്‍ണിയയില്‍ നിന്നാണ് ഇത്രയും നാള്‍ വാട്‌സാപ്പിന്റെ ഇന്ത്യന്‍ സേവനവും നിയന്ത്രിച്ചിരുന്നത്. ഗുഡ്ഗാവ് ആസ്ഥാനമാക്കിയാണ് വാട്‌സാപ്പ് ഇന്ത്യ പ്രവര്‍ത്തിക്കുക. ഇ-പേമെന്റ് പ്ലാറ്റ്‌ഫോമായ എസ്ടാപ്പിന്റെ സ്ഥാപകരിലൊരാളായ അഭിജിത്ത് എസ്ടാപ്പിലെ സിഇഓ ആയിരുന്നു. 

ചെറുകിട വ്യവസായങ്ങള്‍ക്കായി തുടങ്ങിയ വാട്‌സാപ്പ് ബിസിനസ് ആപ്പ്, വന്‍കിട വ്യവസായങ്ങള്‍ക്കായുള്ള വാട്‌സാപ്പ് ബിസിനസ് എപിഐ എന്നിവയുടെ വ്യാപനത്തിനും വാട്‌സാപ്പ് സ്റ്റാറ്റസ് വഴി പരസ്യം നല്‍കാനുള്ള പദ്ധതി നടപ്പിലാക്കുന്നതും ഉള്‍പ്പടെ രാജ്യത്തെ വാട്‌സാപ്പിന്റെ വ്യവസായം മെച്ചപ്പെടുത്തല്‍ അഭിജത്തിന്റെ പ്രധാന ചുമതലയാവും. ലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള ഇന്ത്യ വാട്‌സാപ്പിന്റെ പ്രധാനപ്പെട്ട വിപണികളിലൊന്നാണ്. 

ലോകത്തെങ്ങും ഏറെ ജനപ്രീതിയാര്‍ജിച്ച വാട്‌സാപ്പ് സേവനത്തില്‍ നിന്നും ഏത് വിധേനയും വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാതൃസ്ഥാപനമായ ഫെയ്‌സ്ബുക്കിന്റെ നീക്കങ്ങള്‍. വാട്‌സാപ്പ് ബിസിനസ് ആപ്പ് അവതരിപ്പിച്ചത് ഈ ലക്ഷ്യത്തോടുകൂടിയാണ്. ഇത്രയും കാലം പരസ്യ വിതരണത്തില്‍ നിന്നും അകന്ന നിന്ന വാട്‌സാപ്പ് ആ നിലപാട് മാറ്റാനൊരുങ്ങുകയാണ്. വാട്‌സാപ്പിന്റെ പ്രധാന ആപ്ലിക്കേഷന്‍ വഴി തന്നെ പരസ്യ വിതരണം നടത്താനൊരുങ്ങുകയാണ് കമ്പനിയിപ്പോള്‍.

ഈ സഹാചര്യത്തിലാണ് ഇന്ത്യ പോലുള്ളൊരു വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അഭിജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിക്കുന്നത്.

Content Highlights: Abhijit Bose appointed WhatsApp India head Eztap