നടുക്കമുളവാക്കുന്ന കാഴ്ചയായിരുന്നു അത്. രണ്ട് യാത്രാവിമാനങ്ങള്‍ ബാഴ്‌സലോണ വിമാനത്താവളത്തില്‍വെച്ച് കൂട്ടിയിടിക്കുന്ന ഘട്ടംവരെയെത്തിയ നിമിഷങ്ങളുടെ വീഡിയോ ദൃശ്യം. അതിപ്പോള്‍ യുട്യൂബില്‍ ഹിറ്റാകുന്നു.

കഴിഞ്ഞ ശനിയാഴ്ച ബാഴ്‌സലോണയിലെ എല്‍ പ്രാറ്റ് വിമാനത്താവളത്തിലാണ് സംഭവം. റഷ്യന്‍ എയര്‍ലൈനായ യുട്ടെയറിന്റെ മോസ്‌കോയില്‍നിന്നെത്തിയ ബോയിങ് 767 വിമാനവും, എയര്‍ലൈനീസ് അര്‍ന്റീനാസിന്റെ ബ്യൂണസ് ഐയേഴ്‌സിലേക്കുള്ള എയര്‍ബസ് എ340 ഉം തമ്മിലുള്ള കൂട്ടിയിടിയാണ് നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ഒഴിവായത്.


മിഗ്വേല്‍ ഏഞ്ചല്‍ എന്നയാളാണ് ഈ രംഗത്തിന്റെ വീഡിയോ യുട്യൂബിലിട്ടത്. അതിപ്പോള്‍ 18 ലക്ഷത്തിലേറെ തവണ യുട്യൂബില്‍ പ്ലേ ചെയ്തുകഴിഞ്ഞു.

ബോയിങ് വിമാനം ലാന്‍ഡ് ചെയ്യാനുള്ള അവസാനഘട്ടത്തില്‍ റണ്‍വേയിലേക്ക് താണെത്തുമ്പോള്‍, പറന്നുയരാനായി എയര്‍ബസ് റണ്‍വേയ്ക്ക് കുറുകെ നീങ്ങുന്നതാണ് വീഡിയോയിലുള്ള ദൃശ്യം.

റണ്‍വേ 2 വില്‍ ഇറങ്ങാനുള്ള അവസാനഘട്ടത്തിലാണ് റഷ്യന്‍ പൈലറ്റുമാര്‍, തൊട്ടുമുന്നില്‍ റണ്‍വേയില്‍ മറ്റൊരു വിമാനം കണ്ടത്. ഇറങ്ങാനുള്ള നടപടി അവര്‍ ശ്രമകരമായി റദ്ദാക്കി പറന്നുയര്‍ന്നു. അല്‍ജന്റീനാസ് വിമാനം പറന്നുയര്‍ന്ന ശേഷം, റഷ്യന്‍ വിമാനം സുരക്ഷിതമായി ലാന്‍ഡുചെയ്തു.