കെയ്‌റോ: വിവാദ മുസ്‌ലീം വിരുദ്ധ സിനിമയുടെ പേരില്‍ വീഡിയോ സൈറ്റായ 'യു ട്യൂബി'ന് ഈജിപ്ത് കോടതി ഒരു മാസത്തെ വിലക്ക് ഏര്‍പ്പെടുത്തി. 'ഇന്നസെന്‍സ് ഓഫ് മുസ്‌ലിം' എന്ന സിനിമകാണാന്‍ അവസരമൊരുക്കിയ യു ട്യൂബ് സാമൂഹിക സമാധാനത്തിന് ഭീഷണിയാണെന്ന് കാണിച്ച് നല്‍കിയ ഹര്‍ജിയിലാണ് വിധി.

പ്രവാചകന്‍ മുഹമ്മദ് നബിയെ മോശമായി ചിത്രീകരിക്കുന്നു എന്ന ആരോപണമുയര്‍ന്ന സിനിമ പുറത്തിറങ്ങിയശേഷം മേഖലയിലുണ്ടായ അമേരിക്കന്‍ വിരുദ്ധ പ്രതിഷേധത്തില്‍ മുപ്പതോളം പേരാണ് കൊല്ലപ്പെട്ടത്.

ഇതേത്തുടര്‍ന്ന് ഈജിപ്ത്, ലിബിയ, ഇന്‍ഡൊനീഷ്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നത് യു ട്യൂബ് നിയന്ത്രിച്ചിരുന്നു. ഡിസംബറില്‍ പാകിസ്താനും യു ട്യൂബിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

സിനിമ നിര്‍മിച്ചതില്‍ പങ്കുണ്ടെന്ന കേസില്‍ ക്രിസ്തുമത വിശ്വാസികളായ ഏഴ് ഈജിപ്തുകാര്‍ക്കുള്ള വധശിക്ഷ കെയ്‌റോ കോടതി കഴിഞ്ഞ 29 ന് ശരിവെച്ചിരുന്നു. ഇവര്‍ ഇപ്പോള്‍ അമേരിക്കയിലാണ്.