ഗൂഗിളിന്റെ വീഡിയോ പങ്കിടല്‍ സര്‍വീസായ യുട്യൂബ് (YouTube) നൂറുകോടിയുടെ നിറവില്‍. പ്രതിമാസം യുട്യൂബ് ഉപയോഗിക്കുന്നവരുടെ എണ്ണം നൂറുകോടി കവിഞ്ഞതായി ഔദ്യോഗിക ബ്ലോഗില്‍ യുട്യൂബ് അറിയിച്ചു.

'യുട്യൂബ് ഒരു രാജ്യമായിരുന്നെങ്കില്‍, ചൈനയും ഇന്ത്യയും കഴിഞ്ഞാല്‍ ഏറ്റവും വലിയ മൂന്നാമത്തെ രാഷ്ട്രമാകുമായിരുന്നു അത്'-ബ്ലോഗ് പറയുന്നു. സ്മാര്‍ട്ട്‌ഫോണുകളുടെ വരവാണ് യുട്യൂബ് പ്രേക്ഷകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന വരുത്തിയത്.

ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് രംഗത്തെത്തിതിന്റെ പിറ്റേവര്‍ഷം, 2005 ല്‍ ആണ് യുട്യൂബ് സ്ഥാപിക്കപ്പെട്ടത്. മുന്‍ പേപാല്‍ ജീവനക്കാരാണ് യുട്യൂബ് ആരംഭിച്ചത്. കാലിഫോര്‍ണിയയിലെ ഒരു ഫാസ്റ്റ്ഫുഡ് റെസ്റ്റോറണ്ടിന് മുകളിലെ ചെറിയ ഓഫീസായിരുന്നു തുടക്കത്തില്‍ യുട്യൂബിന്റേത്.

അഭൂതപൂര്‍വമായ വളര്‍ച്ചയാണ് യുട്യൂബ് കാഴ്ചവെച്ചത്. 2006 ഓടെ, 67 ജീവനക്കാരുള്ള സ്ഥാപനമായി അത് മാറി. ആഗോളതലത്തില്‍ പ്രതിമാസം 500 ലക്ഷം പ്രേക്ഷകരും ഉണ്ടായി.

176 കോടി ഡോളര്‍ (9500 കോടി രൂപ) നല്‍കി 2006 ല്‍ യുട്യൂബിനെ ഗൂഗിള്‍ ഏറ്റെടുത്തു. ടെക് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഏറ്റെടുക്കലുകളിലൊന്നായിരുന്നു അത്. ഗൂഗിള്‍ അമിതമായി കാശ് മുടക്കിയെന്ന് അന്ന് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് യുട്യൂബ് ഇപ്പോള്‍ സ്ഥാപിച്ച നാഴികക്കല്ല്.

'ഫിനാഷ്യല്‍ ടൈംസ്' പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2012 ല്‍ വീഡിയോ പരസ്യങ്ങളില്‍ നിന്ന് യുട്യൂബിനുണ്ടായ വരുമാനം 130 കോടി ഡോളര്‍ (7000 കോടി രൂപ) ആണ്. ഇതുകൂടാതെ, സെര്‍ച്ചില്‍ നിന്നും ബാനര്‍ പരസ്യങ്ങളില്‍ നിന്നും കോടിക്കണക്കിന് ഡോളര്‍ വരുമാനം യുട്യൂബിന് ലഭിക്കുന്നു.

ഇന്റര്‍നെറ്റ് യൂസര്‍മാരില്‍ രണ്ടിലൊരാള്‍ യുട്യൂബ് സന്ദര്‍ശിക്കുന്നുവെന്ന്, യുട്യൂബ് ബ്ലോഗ് അവകാശപ്പെടുന്നു.

ലോകത്ത് ആദ്യമായി 100 കോടിയിലേറെ വ്യൂ രേഖപ്പെടുത്തിയ വീഡിയോ ആയി യുട്യൂബില്‍ പോസ്റ്റ് ചെയ്ത സൈയുടെ 'ഗന്നം സ്‌റ്റൈല്‍' മാറിയത് കഴിഞ്ഞ വര്‍ഷമാണ്. ദക്ഷിണകൊറിയന്‍ ഗായകന്റെ ആ ഡാന്‍സ് വീഡിയോ ഇതിനകം രേഖപ്പെടുത്തിയ വ്യൂ 150 കോടി.

ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിന്‍ കഴിഞ്ഞാല്‍, ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം സേര്‍ച്ച് ക്വറികള്‍ ലഭിക്കുന്ന സൈറ്റ് യുട്യൂബാണ്.

100 കോടിയിലേരെ പ്രേക്ഷകരമായി യുട്യൂബ് വെല്ലുവിളി ഉയര്‍ത്തുന്നത് ഫെയ്‌സ്ബുക്കിനാണെന്ന് വിലയിരുത്തപ്പെടുന്നു. ഫെയ്‌സ്ബുക്ക് യൂസര്‍മാരുടെ സംഖ്യ 100 കോടി കവിഞ്ഞത് കഴിഞ്ഞ ഒക്ടോബറിലാണ്.

2005 ഏപ്രില്‍ 23 നാണ് യുട്യൂബിലെ ആദ്യ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടത്. യുട്യൂബ് സഹസ്ഥാപകന്‍ ജാവേദ് കരീം പോസ്റ്റ് ചെയ്ത 'Me and the Zoo' എന്ന വീഡിയോ ആണ് ചുവടെ.