സൂസണ്‍ വോജ്‌സിക്കി


പ്രമുഖ ഓണ്‍ലൈന്‍ വീഡിയോ സര്‍വീസായ യൂട്യൂബിന്റെ മേധാവിയായി സൂസണ്‍ വോജ്‌സിക്കിയെ ഗൂഗിള്‍ നിയമിച്ചു. പരസ്യത്തിന്റെയും മാര്‍ക്കറ്റിങിന്റെയും ചുമതല വഹിക്കുന്ന ഗൂഗിള്‍ വൈസ് പ്രസിഡന്റാണ് നിലവില്‍ വോജ്‌സിക്കി.

സീനിയര്‍ വൈസ് പ്രസിഡന്റായ സാലര്‍ കമന്‍ഗാറിനെ മറ്റിയാണ്, വോജ്‌സിക്കിയെ യൂട്യൂബ് ( YouTube ) മേധാവിയായി ഗൂഗിള്‍ നിയമിച്ചത്. കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവായി ലാറി പേജ് ചുമതലയെറ്റ ശേഷം, ഗൂഗിളിന്റെ ഉന്നതതലത്തിലുണ്ടാകുന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റമാണിത്.

ഗൂഗിള്‍ ഔദ്യോഗികമായി പുതിയ നിയമന വിവരം പുറത്തുവിട്ടിട്ടില്ല. വിശ്വസനീയമായ സ്രോതസ്സുകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് വോജ്‌സിക്കിയുടെ നിയമന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ട്രാഫിക് അവകാശപ്പെടാവുന്ന സര്‍വീസുകളിലൊന്നാണ് യൂട്യൂബെന്ന് ടെക് വിദഗ്ധര്‍ പറയുന്നു. എത്ര വരുമാനം യൂട്യൂബില്‍നിന്ന് ലഭിക്കുന്നുണ്ടെന്ന വിവരം ഗൂഗിള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, കോടിക്കണക്കിന് ഡോളര്‍ വരുമാനം ആ വീഡിയോ സര്‍വീസില്‍നിന്ന് ലഭിക്കുന്നുണ്ട്.

അതിനാല്‍ , ഗൂഗിളിനെ സംബന്ധിച്ച് വലിയ പ്രാധാന്യമുള്ള സര്‍വീസാണ് യൂട്യൂബ്. ഗൂഗിളിന്റെ ഉന്നതതലത്തില്‍ ലാറി പേജിന്റെ 'എല്‍ ടീ'മില്‍ ഉള്‍പ്പെട്ട വോജ്‌സിക്കി


മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയ്ഡിന്റെ ( Android ) തലപ്പത്ത് ആന്‍ഡി റൂബിന് പകരം ഇന്ത്യന്‍ വംശജനായ സുന്ദര്‍ പിച്ചയിയെ കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ നിയമിച്ചിരുന്നു. അത്തരത്തിലൊരു മാറ്റമാണ് ലോകത്തെ നമ്പര്‍ 1 ഓണ്‍ലൈന്‍ വീഡിയോ സൈറ്റായ യൂട്യൂബിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്.

ഗൂഗിളിന്റെ തുടക്കം മുതല്‍ കമ്പനിക്കൊപ്പമുണ്ടായിരുന്ന ജീവനക്കാരിയാണ് വോജ്‌സിക്കി. ലാറി പേജും സെര്‍ജി ബ്രിന്നും ചേര്‍ന്ന് കാലിഫോര്‍ണിയയിലെ മെല്‍നോ പാര്‍ക്കിലെ ഗാരേജില്‍ 1998 സപ്തംബറില്‍ കമ്പനിക്ക് തുടക്കമിട്ട കാലം മുതല്‍ വോജ്‌സിക്കിയും ഗൂഗിളിന്റെ ഭാഗമാണ്. (സൂസണ്‍ വോജ്‌സിക്കിയുടെ ചിത്രം കടപ്പാട് : The Hollywood Reporter ).