വാട്ട്‌സ്ആപ്പില്‍ പുതിയതായി വരാന്‍ പോകുന്ന സൗജന്യഫോണ്‍ വിളിയുടെ പേരില്‍ സൈബര്‍ തട്ടിപ്പ് നടക്കുന്നതായും, വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും റിപ്പോര്‍ട്ട്.

പുതിയ കോളിങ് ഫീച്ചര്‍ പരീക്ഷിച്ചുനോക്കാന്‍ അഭ്യര്‍ഥിച്ചുള്ള വ്യാജസന്ദേശമാണ് വാട്ട്‌സ്ആപ്പില്‍ പലര്‍ക്കും ലഭിക്കുന്നത്. കോളിങ് ഫീച്ചര്‍ ലഭിക്കാന്‍ സന്ദേശത്തോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യാനാകും നിര്‍ദേശം. ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ദുഷ്ടപ്രോഗ്രാം (മാല്‍വെയര്‍) നിറയുമെന്ന്, 'ഡെയ്‌ലി സ്റ്റാര്‍' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മെസേജിങ് സര്‍വീസായ വാട്ട്‌സ്ആപ്പില്‍ സൗജന്യകോള്‍ ഫീച്ചര്‍ വരുന്നുവെന്ന വിവരം അടുത്തയിടെയാണ് വെളിപ്പെട്ടത്. ഔദ്യോഗികമായി ഈ ഫീച്ചര്‍ വാട്ട്‌സ്ആപ്പ് പ്രഖ്യാപിച്ചിട്ടില്ല.


നിലവില്‍ കോളിങ് ഫീച്ചര്‍ ലഭിക്കണമെങ്കില്‍ ആ സൗകര്യം ലഭിച്ച ആരെങ്കിലും നിങ്ങളെ ക്ഷണിക്കണം. ഇങ്ങനെ ക്ഷണം വരുന്നത് കോടിക്കണക്കിന് വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ അക്ഷമയോടെ കാക്കുകയാണ്. ഈ അവസരം മുതലെടുത്താണ് സൈബര്‍ തട്ടിപ്പുകാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യയിലും ചിലര്‍ക്ക് വാട്ട്‌സ്ആപ്പിന്റെ കോളിങ് ഫീച്ചറും, ഇന്‍വൈറ്റ് ചെയ്യാനുള്ള ഓപ്ഷനും കഴിഞ്ഞ മാസം കുറച്ചുസമയത്തേക്ക് ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇവിടെ ആ ഫീച്ചര്‍ വാട്ട്‌സ്ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല.

2014 ഒക്ടോബറിലെ കണക്ക് പ്രകാരം വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്ന 60 കോടി പേര്‍ ലോകത്തുണ്ട്. അതില്‍ ഇന്ത്യയില്‍നിന്നുള്ളവരാണ് 7 കോടി.

കോടിക്കണക്കിന് ഉപയോക്തക്കളുള്ള മേഖലയാകയാല്‍, വാട്ട്‌സ്ആപ്പ് തീര്‍ച്ചയും സൈബര്‍ ക്രിമിനലുകളുടെ ലക്ഷ്യസ്ഥാനമാണ്. അത് അടിവരയിട്ടുറപ്പിക്കുന്നതാണ് കോളിങ് ഫീച്ചറിന്റെ പേരില്‍ പരക്കുന്ന വ്യാജസന്ദേശങ്ങള്‍.